കാല്‍മുട്ടില്‍ നിന്നും ശബ്ദമുണ്ടാകുന്നുണ്ടോ.. സൂക്ഷിക്കുക ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ലക്ഷണമാവാം
കാല്‍മുട്ടില്‍ നിന്നുള്ള പൊട്ടുന്നതോ തകരുന്നതോ ആയ ശബ്ദം ഓസ്റ്റിയോആര്‍ത്രൈറ്റിസിന്റെ ലക്ഷണമാവാമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.'ആര്‍ത്രൈറ്റിസ് പരിചരണവും പരിശോധനയും' എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നടക്കുമ്പോഴും കുനിയുമ്പോഴും കാല്‍മുട്ടില്‍ നിന്നുണ്ടാവുന്ന ശബ്ദത്തില്‍ ഇനി കാര്യമായ ശ്രദ്ധവേണം. ഏത് സന്ധിയെയും ബാധിക്കാവുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ഓസ്റ്റിയോആര്‍ത്രൈറ്റിസ്.
നിതംബം, പിന്‍ഭാഗം, കഴുത്ത്, കാല്‍മുട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ അവസ്ഥ കണ്ടുവരുന്നത്. അസുഖത്തിന്റെ തുടക്കത്തില്‍ വേദന, നീര്‍വീക്കം, ചലിപ്പിക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെടുന്നു. രോഗം കൂടുമ്പോള്‍ എല്ലുകള്‍ പൊട്ടുകയും സ്ഥിരമായ തേയ്മാനം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. എല്ലുകള്‍ ശരീരത്തില്‍ തുളച്ചുകയറുന്നതിനും ഇത് കാരണമാവുന്നു. തരുണാസ്ഥിക്ക് ക്ഷതം സംഭവിക്കുമ്പോള്‍ തകരുന്ന ശബ്ദത്തോടെ അത് ചലിക്കാന്‍ തുടങ്ങുന്നു ഇത് 'നീ ക്രെപ്പിറ്റസ്' എന്ന പേരില്‍ അറിയപ്പെടുന്നു. ഇത്തരം ശബ്ദങ്ങള്‍ സാധാരണവും വേദനയില്ലാത്തതുമാണെങ്കിലും ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള സൂചനയാണ് ഇവ നല്‍കുന്നതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.
ഇന്ന് ഒരുപാടുപേര്‍ക്ക് ഓസ്റ്റിയോആര്‍ത്രൈറ്റിസ് രോഗം നിര്‍ണയിച്ചതായും അവരിലാര്‍ക്കും മതിയായ ലക്ഷണങ്ങളോ വേദനയോ ഇല്ലായിരുന്നുവെന്നും അമേരിക്കയിലെ ബെയ്‌ലര്‍ കോളജ് ഓഫ് മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേസ് ലോയും സംഘവും മുന്നറിയിപ്പ് നല്‍കുന്നു.
പ്രായമാകുന്നതിനനുസരിച്ച് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ വര്‍ഷംതോറും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 19 വയസുമുതലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വരാന്‍ സാധ്യതയെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ വയസ് കൂടുതോറും മെഡിക്കല്‍ ചെക്കപ്പുകളും അനുബന്ധ ചികിത്സകളും നടത്തുക. ഇന്ത്യയില്‍ വര്‍ഷാവര്‍ഷം ഒരു കോടിയില്‍ പരം ആളുകള്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാവുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."