എസ്.പി.ബിക്ക് അന്ത്യോപചാരം: ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
ചെന്നൈ: സംഗീതജ്ഞന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്നലെയാണ് എസ്.പി.ബി അന്തരിച്ചത്. 12 മണി കഴിഞ്ഞ് നടന്ന സംസ്കാര ചടങ്ങില്‍ തമിഴ് നടന് വിജയ്, സംവിധായകന് ഭാരതിരാജ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. മകന് എസ്.പി ചരണാണ് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഭാര്യ സാവിത്രിയും മകള്‍ പല്ലവിയും അന്ത്യോപചാര ചടങ്ങിലുണ്ടായിരുന്നു.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നു ദീര്‍ഘനാളായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74കാരനായ ഇദ്ദേഹം ഈ മാസം എട്ടിനു കൊവിഡ് മുക്തനായിരുന്നെങ്കിലും ആരോഗ്യനില വഷളായതിനാല്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഇദ്ദേഹത്തിനു ശ്വാസകോശസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. എസ്.പി.ബിയുടെ ആരോഗ്യനില വഷളായതായും അദ്ദേഹം അതീവഗുരുതരാവസ്ഥയിലാണെന്നും കഴിഞ്ഞ ദിവസം വൈകിട്ട് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കമല്‍ഹാസനടക്കമുള്ള പ്രമുഖരും എസ്.പി.ബിയുടെ അടുത്ത ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു ശേഷമാണ് അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് ആദ്യവാരത്തിലായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. തുടര്‍ന്ന് ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയറിലായിരുന്നു അദ്ദേഹം ചികിത്സയിലുണ്ടായിരുന്നത്. 1946 ജൂണ്‍ നാലിനായിരുന്നു ജനനം. മലയാളത്തിലടക്കം 16 ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഇദ്ദേഹം. വിവിധ ഭാഷകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, സിനിമാ നിര്‍മാതാവ്, ചില സിനിമകളില്‍ നടന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയതലത്തിലടക്കം നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. സാവിത്രി ബാലസുബ്രഹ്മണ്യമാണ് ഭാര്യ. ഗായകന് എസ്.പി ചരണ്‍, പല്ലവി ബാലസുബ്രഹ്മണ്യം എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."