സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്ന വിദ്യാഭ്യാസം
'വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിപ്പാനില്ലത്ര' എന്ന മൊഴിയെ അന്വര്‍ഥമാക്കുന്ന വിധത്തിലാണ് വിദ്യാഭ്യാസരംഗത്ത് കാര്യങ്ങള്‍ നീ ങ്ങുന്നത്. ജൂലായ് 13 ന് ബിരുദ കോഴ്‌സുകളില്‍ ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞു. പക്ഷേ ഇപ്പോഴും, ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടാനായി നെട്ടോട്ടമോടുകയാണ് വിദ്യാര്‍ഥികള്‍. ഒന്നും രണ്ടും മൂന്നും അലോട്ടുമെന്റുകള്‍ കഴിഞ്ഞു. അതുപ്രകാരം കുറേ കുട്ടികള്‍ക്ക് പ്രവേശനവും ലഭിച്ചു. പക്ഷേ ഇപ്പോഴും ധാരാളം കുട്ടികള്‍ ആശങ്കാപൂര്‍വ്വം കാത്തിരിപ്പാണ്. എവിടെ സീറ്റ് ലഭിക്കും, എന്ന് ലഭിക്കും എന്നൊന്നും ഒരു വ്യക്തതയുമില്ല. തൊണ്ണൂറ് ശതമാനത്തിനു മുകളില്‍ മാര്‍ക്കുനേടിയ വിദ്യാര്‍ഥികളാണിവരെന്നും ഓര്‍ക്കണം.
അന്‍പതും അറുപതും ശതമാനം മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ സീറ്റ് തരപ്പെടുത്തിക്കഴിഞ്ഞു. മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ തുടങ്ങിയ ക്വാട്ടയിലൂടെയാണെന്നുമാത്രം. അതെന്തായാലും ശരി, അവര്‍ ആദ്യംതന്നെ സീറ്റ് തരപ്പെടുത്തി, ഇപ്പോള്‍ ക്ലാസും തുടങ്ങി. തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ ബുദ്ധിരാക്ഷസന്മാരും, രാക്ഷസികളും ഇപ്പോള്‍ പരിഭ്രാന്തിയിലാണ് ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മെന്റുകളിലൂടെ തങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നറിഞ്ഞവരില്‍ ചിലര്‍ കിട്ടിയ സമയംകൊണ്ട് സ്വകാര്യ മാനേജ്‌മെന്റിനെ സമീപിച്ചു. 'ചോദിച്ച സംഖ്യ' കൊടുത്ത് സീറ്റുവാങ്ങി. പഠനവും തുടങ്ങി. ഇനി എന്നെങ്കിലും നാല്, അഞ്ച് അലോട്ട്‌മെന്റുകളിലൂടെ ഗവ/എയിഡഡ് സീറ്റ് ലഭിക്കുകയാണെങ്കില്‍, ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നല്‍കിയ ഫീസും 'മറ്റും' തിരികെ ലഭിക്കുന്നതല്ല. ആ സംഖ്യ ഉപേക്ഷിച്ച് അവര്‍ പുതിയ ലാവണത്തില്‍ ചേരും. അവിടേയും ഫീസും പി. ടി. എ. യും മറ്റും നല്‍കേണ്ടിവരും. പത്തോ, നൂറോ അല്ല ആയിരക്കണക്കില്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന കാര്യമാണിത്.
കേരളത്തിലെ ജനസംഖ്യയുടെ 34 ശതമാനം ദരിദ്രരും 16 ശതമാനം പരമദരിദ്രരുമാണ്. മൊത്തം ജനസംഖ്യയിലെ പകുതിയോളം പേര്‍ ദരിദ്രരായി തുടരവേ, അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നത് നീതിയല്ല. വിദ്യാഭ്യാസം വിലകൂടിയ വസ്തുവാക്കി മാറ്റി, അത് സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടുകയും ആ വസ്തുത മറച്ചുവെക്കാനായി 'കൊഴിഞ്ഞു പോക്ക്' എന്ന പദം ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പാഠപുസ്തകങ്ങളുടെ എണ്ണവും കനവും കുറയ്ക്കണമെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാര്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇന്നും വിദ്യാര്‍ഥികളുടെ പുസ്തകഭാരം അസഹ്യമായി തുടരുന്നു. ഡിസ്‌ക് ഫാമിലികള്‍ (ഉശസെഉീൗയഹല കിരീാല, ടശിഴഹല സശറ) ഇത് പ്രശ്‌നമാക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍, തങ്ങളുടെ കുട്ടികള്‍ മെഡിസിന്‍, എഞ്ചിനിയറിങ്ങ്, ബിസിനസ് മാനേജ്‌മെന്റ്, ഐ.ടി എന്നീ മേഖലകളില്‍ ഉന്നതിയിലെത്തണമെന്നാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ഇതിനായി അല്‍പ്പം 'സഫര്‍' ചെയ്യണമെന്നും അവര്‍ക്കറിയാം. ഇത്തരം ഭീമാകാരന്മാരായ രക്ഷിതാക്കളുടെ താല്‍പര്യസംരക്ഷണാര്‍ത്ഥം, അവരുടെ ചരടുവലികള്‍ക്കനുസരിച്ച് നിര്‍മ്മിക്കപ്പെടുന്ന ഗഹനതയാര്‍ന്ന പാഠപുസ്തകങ്ങളാണ് ഇന്നുള്ളത്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനായിട്ടാണ് സിലബസ്സിന്റെ കാഠിന്യം കൂട്ടുന്നതെന്ന് ബന്ധപ്പെട്ടവര്‍ ഇടക്കിടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ജപ്പാനിലും മറ്റും പഠനഭാരം താങ്ങാനാകാതെ കൊച്ചുകുട്ടികള്‍പോലും ആത്മഹത്യചെയ്യുന്നതായി വാര്‍ത്തകള്‍ വായിച്ചു. ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍, വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ തന്നെ വധിക്കുകയാണ്! ഒറ്റയടിക്കല്ല, ഇഞ്ചിഞ്ചായിട്ടാണെന്നുമാത്രം. അന്താരാഷ്ട്ര തൊഴില്‍ നിയമമനുസരിച്ച് രാജ്യത്തെ ഏതൊരു തൊഴിലാളിക്കും എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം എട്ടുമണിക്കൂര്‍ വിനോദം- ഇവ ലഭിച്ചിരിക്കണം. ഒരു തൊഴിലാളിക്ക് ലഭിക്കുന്ന വിശ്രമവും വിനോദവുംപോലും നാം നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നില്ല. അവര്‍ക്ക് നാം നല്‍കുന്നത് ഇത്തിരി ഭക്ഷണവും കൂടുതല്‍ 'ഹോംവര്‍ക്‌സും' ആണ്.
ധനാഢ്യരേക്കാളുപരി, ഇടത്തരം സമ്പന്നരാണ് തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും വിജയത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ ആരംഭിച്ചതോടെ, പല രക്ഷിതാക്കള്‍ക്കും ഏഴാം സ്വര്‍ഗ്ഗം വീണുകിട്ടിയ പ്രതീതിയാണ്. നിസ്സാരകാരണങ്ങളുടെ പേരില്‍ പല ബാങ്കുകളും വായ്പ നിഷേധിക്കുന്നുമുണ്ട്. അനുബന്ധമായി ചില കുട്ടികളെങ്കിലും ആത്മഹത്യയില്‍ അഭയം തേടുന്നതും നാം കാണുന്നു.
ഗവ. പ്രൊഫഷണല്‍ കോളേജുകളില്‍ സീറ്റുകള്‍ പരിമിതം. സ്വകാര്യ പ്രൊഫഷണല്‍ കോളേജുകളും അവയില്‍ സീറ്റുകളും യഥേഷ്ടം. (അനുവദിക്കപ്പെട്ട സീറ്റുകളേക്കാള്‍ 30-50 ശതമാനംവരെ സീറ്റുകള്‍ തന്നിഷ്ടംപോലെ വര്‍ധിപ്പിച്ച സ്വാശ്രയ മാനേജുമെന്റുകളും സംസ്ഥാനത്തുണ്ട്.) ഈ കോളേജുകളില്‍ ചെറിയൊരു ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് ലഭിക്കും. ഈ സര്‍ക്കാര്‍ സീറ്റുകളിലും ഫീസ് നിശ്ചയിക്കാന്‍ അധികാരം മാനേജുമെന്റിനാണ്. തന്മൂലം മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ ലക്ഷക്കണക്കിന് രൂപ പ്രതിവര്‍ഷം ഫീസ് നല്‍കാനാ കാതെ വിദ്യാഭ്യാസം ഇടയ്ക്ക് നിര്‍ത്തേണ്ടിവരും. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈയിടെയായി അണ്‍എയ്ഡഡ് സ്ഥാപനങ്ങളാക്കി മാറ്റപ്പെടുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം ഫീസ് പിരിച്ചെടുക്കാമെന്നാണ് അണ്‍ എയ്ഡഡ് ആയാലുള്ള മെച്ചം. ഭാരിച്ച തുക ഫീസ് ഇനത്തില്‍ നല്‍കാനാകാതെ ഇവിടേയും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പുറത്തുനില്‍ക്കേണ്ടിവരിക സ്വാഭാവികം മാത്രം.
പൊതുവിദ്യാഭ്യാസ സംവിധാനം ദുര്‍ബലമാകുകയും തദ്വാരാ ഇല്ലാതാകുകയുമാണ്. സര്‍ക്കാരിന്റെ ആശീര്‍വ്വാദത്തോടെയും മൗനാനുവാദത്തോടെയും ആരംഭിക്കുന്ന അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹ്യനീതിക്ക് അന്ത്യംകുറിക്കും. എസ്. സി, എസ്. ടി. വിഭാഗങ്ങളും മറ്റു പിന്നോക്കകാരും അനു ഭവിക്കുന്ന സംവരണാനുകൂല്യങ്ങള്‍ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭിക്കുകയില്ല. ഇതിനര്‍ഥം, കീഴാള വിഭാഗം, വന്നതിലും വേഗത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറകോട്ട് പോകേണ്ടിവരും എന്നുതന്നെയാണ്.
സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനനുസൃതമായി കേരളത്തിലും വിദ്യാഭ്യാസം വന്‍ ലാഭകരമായ വ്യവസായമായി മാറിക്കഴിഞ്ഞു. കോടികളും ബഹു കോടികളും നിഷ്പ്രയാസം നേടിയെടുക്കാന്‍ മാനേജുമെന്റിന് എളുപ്പമാര്‍ഗ്ഗങ്ങളുണ്ടായിരിക്കെ, ലക്ഷങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്ത ദരിദ്രവിഭാഗത്തിന് കോളേജ് ക്യാംപസിനകത്തുപോലും പ്രവേശനം നിഷേധിക്കപ്പെടും. സമ്പന്ന സന്തതികള്‍ സസുഖം മേയുന്നിടത്ത് ദുര്‍മുഖനാ യ ദരിദ്രവാസിക്ക് എന്തുണ്ട് കാര്യം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."