കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രിക്കുമാത്രമേ കഴിയൂ: മെഹബൂബ
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സംസ്ഥാനത്ത് അക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പ്രശ്‌നം സംസ്ഥാന സര്‍ക്കാറിന് മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ലെന്ന് വ്യക്തമാക്കി മെഹബൂബ രംഗത്തു വന്നത്.
തുടര്‍ച്ചയായി അക്രമങ്ങളുണ്ടാകുകയും ആഭ്യന്തര രംഗം കലുഷിതമാകുകയും ചെയ്തതോടെ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്.
ജനങ്ങള്‍ ശക്തമായ പിന്തുണ നല്‍കി അധികാരത്തിലേറ്റിയ പ്രധാനമന്ത്രി മോദിയെ പലതവണ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കശ്മിരിന്റെ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് മാത്രമേ കഴിയൂ എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മെഹബൂബ പറഞ്ഞു.
ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം ഉണ്ടായ അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 100 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി മെഹബൂബ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ അക്രമം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ആശാവഹമല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് പ്രശ്‌നം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്കുമാത്രമേ കഴിയൂ എന്ന് മെഹബൂബ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."