അനാഥാലയ അന്തേവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ അനാഥാലയങ്ങളിലെയും അന്തേവാസികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സുപ്രിംകോടതി നിര്‍ദേശം. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ മുഴുവന്‍ ശിശുപരിപാലന സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
തമിഴ്‌നാട്ടിലെ മഹാബലിപുരത്തുള്ള അനാഥാലയങ്ങളിലെ കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കോടതിക്ക് മുന്‍പാകെ എത്തിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. നിലവിലെ നിയമപ്രകാരം ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവക്ക് ഉണ്ടായിരിക്കേണ്ട മിനിമം നിലവാരമെങ്കിലും ഉണ്ടെന്ന് ഈ വര്‍ഷം ഡിസംബര്‍ 31ന് മുന്‍പായി ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
സ്ഥാപനങ്ങളിലെ കുട്ടികളുടെ ജീവിത നിലവാരവും മറ്റും പരിശോധിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കണം. ഈ സമിതി തങ്ങളുടെ റിപ്പോര്‍ട്ട് ഡിസംബര്‍ 31ന് മുന്‍പായി സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കണം.
ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനുകളിലെ (എസ്.സി.പി.സി.ആര്‍) മുഴുവന്‍ ഒഴിവുകളും നികത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ സുപ്രിം കോടതി വ്യക്തമാക്കി.
നിശ്ചിത കാലയളവുകളില്‍ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍ അനാഥാലയങ്ങളുടെയും ശിശുസംരക്ഷണകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങളും സുതാര്യതയും പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നതു സംബന്ധിച്ച് ആലോചിക്കാന്‍ ബാലനീതി സമിതിക്കു നിര്‍ദേശം നല്‍കിയ കോടതി, തങ്ങള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയതു സംബന്ധിച്ച് അടുത്തവര്‍ഷം ജനുവരി 15നു മുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. കേസ് അടുത്തവര്‍ഷം വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."