വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നു; യഥാര്‍ഥ ടാക്‌സി ഡ്രൈവര്‍മാരുടെ നില പരുങ്ങലില്‍
പെര്‍ള: വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി. ബാങ്കില്‍നിന്നു വായ്പയെടുത്തു വാഹനങ്ങള്‍ വാങ്ങി നികുതികളും നിയമപരമായ മറ്റു വ്യവസ്ഥകളും പാലിച്ച് ജീവിത മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വ്യാജ ടാക്‌സികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു .
അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നു കര്‍ണാടകയിലേക്കു വാടക പോകുന്ന മുഴുവന്‍ സ്വകാര്യ വാഹനങ്ങളും വ്യാജ ടാക്‌സികളാണെന്നാണ് ടാക്‌സി ഡ്രൈവര്‍മാരുടെ ആരോപണം. പെര്‍ള, ബെദ്രംപള്ള, മണിയംപാറ, കജംപാടി, ഏത്തടുക്ക, കിന്നിംഗാര്‍, ബെള്ളൂര്‍, മുള്ളേരിയ, ബദിയഡുക്ക, നീര്‍ച്ചാല്‍, മാന്യ തുടങ്ങിയ പ്രദേശങ്ങളിലെ സ്വകാര്യ വാഹനങ്ങളാണ് വ്യാജ ടാക്‌സികളായി ഓടുന്നത്. മാരുതി ഓംമ്‌നി, ടാറ്റ സുമോ, ടവേര തുടങ്ങിയ സ്വകാര്യപെര്‍മിറ്റുള്ള വാഹനങ്ങള്‍ കുറഞ്ഞ വാടകക്ക് ഓടുന്നതുകാരണം വാടക വാഹനങ്ങള്‍ക്ക് ഓട്ടമില്ലാത്ത സ്ഥിതിയിലായിരിക്കുന്നു. ടാക്‌സി വാഹനങ്ങള്‍ കര്‍ണാടക അതിര്‍ത്തിയില്‍ മൂന്നു മാസത്തേക്ക് 3300രൂപയും ഒരു വര്‍ഷത്തേക്ക് 13200 രൂപയും ഈടാക്കുന്നു.
വലിയ വാഹനമെങ്കില്‍ വര്‍ഷത്തേക്ക് 20,000ത്തില്‍ കൂടുതല്‍ തുക അടക്കണം. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ഈ നികുതി അടക്കേണ്ടതില്ല. ഇതാണ് കുറഞ്ഞ വാടകക്ക് സ്വകാര്യവാഹനങ്ങള്‍ ടാക്‌സിയായി ഓടുന്നതിന്റെ കാരണമെന്നാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ചൂണ്ടി കാട്ടുന്നത്. നേരത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ സംസ്ഥാന തലത്തില്‍ സംഘടന രൂപീകരിക്കുകയും വാട്‌സ് ആപ് കൂട്ടായ്മ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതുമൂലം വ്യാജ ടാക്‌സികളെ പലയിടത്തും പിടികൂടി പൊലിസില്‍ ഏല്‍പിച്ചിരുന്നു. പക്ഷേ കര്‍ണാടകയില്‍ ഇതു പോലുള്ള കൂട്ടായ്മയോ സംഘടനയോ ഇല്ല.
അതുകൊണ്ടു കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കര്‍ണാടക ഡ്രൈവര്‍മാരില്‍നിന്നു സഹകരണവും ലഭിക്കുന്നില്ല. വ്യാജ ടാക്‌സിക്കാരുടെ ശല്യം കാരണം നിരവധി ടാക്‌സികളാണ് വാടക ലഭിക്കാതെ സ്റ്റാന്‍ഡുകളില്‍തന്നെ കിടക്കേണ്ടി വരുന്നത്.
സ്വകാര്യ വാഹനങ്ങള്‍ കള്ള ടാക്‌സിയായി ഓടുന്നതു കാരണം സര്‍ക്കാരിനു ലക്ഷക്കണക്കിന് രൂപ നികുതിയിനത്തില്‍ നഷ്ടമാവുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."