ഡല്‍ഹിയിലെ മലയാളിയുടെ കൊലപാതകം: യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: മലയാളി വയോധികന്‍ ഡല്‍ഹിയിലെ താമസസ്ഥലത്തു കൊല്ലപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍. ഡല്‍ഹി പാലം സ്വദേശിനിയായ 25കാരിയാണ് പിടിയിലായത്. ഡല്‍ഹിയില്‍ മലയാളികള്‍ കൂടുതലായി താമസിക്കുന്ന മയൂര്‍വിഹാര്‍ ഫേസ് ഒന്ന് സമാചാര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ആലുവ ചൊവ്വര പുറവരിക്കല്‍ വീട്ടില്‍ പി.ബി വിജയകുമാര്‍(65) കൊല്ലപ്പെട്ട കേസിലാണ് യുവതിയെ പിടികൂടിയത്.
വയോധികന്‍ കൊല്ലപ്പെട്ട അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാംനമ്പര്‍ ഗേറ്റില്‍നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ 20ന് ഉച്ചയോടെയാണ് മരിച്ചനിലയില്‍ വിജയകുമാറിനെ കണ്ടെത്തിയത്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന വിജയകുമാര്‍ തൊഴില്‍വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി പൊലിസിന് മൊഴിനല്‍കി.
പീഡനത്തിന്റെ വീഡിയോദൃശ്യം പകര്‍ത്തിയ വിജയകുമാര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ചൂഷണംചെയ്യുകയായിരുന്നുവെന്നും ഏഴുതവണ വീട്ടിലേക്കു വിളിച്ചുവെന്നും യുവതി മൊഴിനല്‍കിയിട്ടുണ്ട്. മറ്റു വഴികളില്ലാത്തതിനാലാണ് കൊല നടത്തിയതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
മൂന്നുവര്‍ഷം മുന്‍പാണ് വിജയകുമാര്‍ ജോലിയില്‍നിന്നു വിരമിച്ചത്. സമാചാര്‍ അപ്പാര്‍ട്ട്‌മെന്റിലെ 129ാം നമ്പര്‍ വീട്ടില്‍ ഭാര്യക്കൊപ്പമായിരുന്നു താമസം. ആദായനികുതി വകുപ്പില്‍ ഉദ്യോഗസ്ഥയായ ഭാര്യ ഓഫിസില്‍പോയ സമയത്താണ് കൊലപാതകം. തൊട്ടടുത്ത് മറ്റൊരു സ്ഥലത്ത് താമസിക്കുന്ന മകള്‍ വീട്ടിലെത്തിയപ്പോളാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ വിജയകുമാറിനെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."