ഉര്‍ദു സെമിനാറില്‍ ആര്.എസ്.എസ് നേതാക്കളും മുഖ്യാതിഥികള്‍
ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ നടത്തിയ ഉര്‍ദു സെമിനാറില്‍ മുഖ്യാതിഥികളായി ആര്.എസ്.എസ് നേതാക്കളും. മന്ത്രാലയത്തിനു കീഴില്‍ ഉര്‍ദുഭാഷയെ പരിപോഷിപ്പിക്കുന്നതിനായുള്ള സ്വയംഭരണാവകാശമുള്ള നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന് ഓഫ് ഉര്‍ദു ലാംഗ്വേജ് (എന്‍.സി.പി.യു.എല്‍) നടത്തിയ ദേശീയ സെമിനാറിലാണ് മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ്കുമാര് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തത്. മലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ ശരീഫ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനക്കേസുകളില്‍ ആരോപണവിധേയനായ ഇന്ദ്രേഷ്കുമാറിനാണ് സംഘ്പരിവാര്‍ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ചുമതല. 'ഉര്‍ദുവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി' എന്നവിഷയത്തിലായിരുന്നു കഴിഞ്ഞദിവസം സെമിനാര്‍ നടന്നത്.
സെമിനാറില്‍ ഇന്ദ്രേഷ്കുമാറിനെ പോലുള്ള ആര്.എസ്.എസ് നേതാക്കള്‍ പങ്കെടുത്തതിനെതിരേ വിവിധ ഉര്‍ദു സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഉര്ദുഭാഷയോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ആര്.എസ്.എസിന്റെ പാവയാണ് നിലവില്‍ എന്‍.സി.പി.യു.എല്ലിന്റെ ഡയറക്ടറെന്ന് ഉര്‍ദു ഡവലപ്മെന്റ് ഓര്ഗനൈസേഷന് (യു.ഡി.ഒ) ജനറല്‍ സെക്രട്ടറി ഡോ. ലാല്‍ബഹാദൂര്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുത്ത ഇന്ദ്രേഷ്കുമാറിനെ പോലുള്ളവര്‍ അക്കാദമിക് രംഗത്ത് അറിയപ്പെട്ടവരോ ഏതെങ്കിലും വിധത്തിലുള്ള സംഭാവനല്കിയവരോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം വ്യക്തിനിയമങ്ങള്‍, ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍, ആര്.എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയത എന്നീ വിഷയങ്ങളെക്കുറിച്ചാണ് സെമിനാറില്‍ ഇന്ദ്രേഷ് കുമാര്‍ സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."