കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ജനവിരുദ്ധ ചതുര്മുഖ നയങ്ങള്‍: സീതാറാം യെച്ചൂരി
കൊല്ലം: ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമായ ചതുര്മുഖ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചുവപ്പ്സേന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍, ഹിന്ദുത്വപ്രത്യയ ശാസ്ത്രത്തില്‍ ഊന്നുന്ന വര്‍ഗീയത, സാമ്രാജ്യത്വത്തിന് അനുകൂലമായ വിദേശനയം, പാര്‍ലമെന്ററി സംവിധാനങ്ങള്‍ നോക്കുകുത്തിയാക്കല്‍ എന്നിവയാണ് സംഘപരിവാര്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.
ചുവപ്പു സേനയില്‍ അണിനിരന്നിട്ടുള്ള ലക്ഷക്കണക്കിന് വരുന്ന ചെറുപ്പക്കാരാണ് സി.പി.എമ്മിന്റെ കരുത്ത്. ഈ കരുത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ ആക്രമണങ്ങളെയും വെല്ലുവിളികളെയും സി.പി.എം അതിജീവിക്കും. ബി.ജെ.പി നേതൃത്വം കോണ്‍ഗ്രസിന് എതിരേ രാഷ്ട്രീയമായ ആക്രമണം നടത്തുന്നില്ല.
കാരണം ഇന്ന് ബി.ജെ.പി എം.പിമാരായിട്ടുള്ളവരില് പകുതിയിലേറെയും പഴയ കോണ്‍ഗ്രസുകാരാണ്. അതേസമയം സംഘ്പരിവാര്‍ ശക്തികളുടെ ആക്രമത്തിന്റെ കുന്തമുന ഇടതുപക്ഷത്തിന് നേരെയാണ് തിരിയുന്നത്. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെ അണിനിരത്തി ഈ വെല്ലുവിളിയെ ഇടതുപക്ഷം അതിജീവിക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
സി.പി.എം ജില്ലാസെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ പ്രസംഗം പരിഭാഷപ്പെടുത്തി. പി.ബി അംഗം എം.എ ബേബി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."