കരുണാനിധിയുടെ ജന്മദിനാഘോഷം അടുത്ത മാസം; രാഷ്ട്രപതി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പുതിയ രാഷ്ട്രീയസഖ്യം
ചെന്നൈ: ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനുള്ള നീക്കം സജീവമായ സാഹചര്യത്തില്‍ രാജ്യത്ത് രാഷ്ട്രീയ കരുനീക്കങ്ങളും സജീവമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും തുടര്‍ന്ന് 2019ലെ പൊതു തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി അടുത്തമാസം ഡി.എം. കെ അധ്യക്ഷന്‍ കരുണാ നിധിയുടെ 94ാം ജന്മദിനത്തില്‍ ദേശീയ-സംസ്ഥാന രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചെന്നൈയിലെത്തുമെന്നാണ് വിവരം. രാഷ്ട്രീയ തന്ത്രം അവലോകനം ചെയ്യുന്നതിനായാണ് നേതാക്കള്‍ ഈ അവസരത്തെ പ്രയോജനപ്പെടുത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ വിരുദ്ധരെ സംഘടിപ്പിച്ച് ഒരു പ്ലാറ്റ് ഫോമില്‍ എത്തിക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ്.
ഇതിന്റെ ഭാഗമായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കരുണാനിധിയുടെ മകളും ഡി.എം.കെ നേതാവുമായ കനിമൊഴി ചര്‍ച്ച നടത്തുകയും അവരെ ചെന്നൈയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ യാത്ര സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ലെങ്കിലും രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്നാണ് ഡി.എം.കെ നേതാക്കള്‍ പറയുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് എന്നിവരും കരുണാനിധിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ സംബന്ധിക്കാനെത്തുമെന്ന് കനിമൊഴി അറിയിച്ചു.
പ്രതിപക്ഷ നേതൃനിര ശക്തിപ്പെടുത്തുന്നതിനായി ജനതാദള്‍(യു) നേതാവ് ശരദ് യാദവ്, എന്‍.സി.പി അധ്യക്ഷന്‍ ശരദ്പവാര്‍ എന്നിവരുമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സോണിയാ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏതാനും ദിവസങ്ങള്‍ക്കകം ഉണ്ടായേക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം ശക്തമായത്.
2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ ഒരു കൂട്ടുകെട്ട് രൂപീകരിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിനാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കാന്‍ തീരുമാനമെന്ന് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഉത്തര്‍പ്രദേശില്‍ ബദ്ധശത്രുക്കളായ ബി.എസ്.പിയും സമാജ് വാദി പാര്‍ട്ടിയും പരസ്പരം യോജിപ്പിലെത്താന്‍ ധാരണയായിട്ടുണ്ട്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിന് തന്നെ വഴിവയ്ക്കും.
അതിനിടയില്‍ മഹാ സഖ്യമുണ്ടാക്കുന്നത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചല്ലെന്നും അത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുവേണ്ടിയാണെന്നും എന്‍.സി.പി നേതാവ് താരിഖ് അന്‍വര്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കരുണാനിധിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്. 2014ലെ പൊതുതെരഞ്ഞെടുപ്പിലും 2016ലെ സംസ്ഥാന തെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടില്‍ ഡി.എം.കെക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇത് തിരിച്ചറിഞ്ഞ് ശക്തമായ രാഷ്ട്രീയ നീക്കം നടത്താന്‍ ഡി.എം.കെ ഉപാധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."