വൃത്തികെട്ട കേരളവും ബോധമില്ലാത്ത മലയാളിയും
2014 ഒക്ടോബര്‍ 2 ന് ഡല്‍ഹിയിലെ വല്മീകീ ബസ്തി കോളനിയിലെ നടവഴി തൂത്തുവൃത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് 'ഇതോടെ ശുചിത്വഭാരതമെന്ന ലക്ഷ്യത്തിലേയ്ക്കുള്ള കുതിപ്പ് ആരംഭിച്ചു'വെന്നായിരുന്നു. സ്വച്ഛ് ഭാരത് മിഷന്‍ എന്ന പേരില്‍ രണ്ടുമൂന്നു ലക്ഷം കോടി രൂപ ചെലവുചെയ്തു നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി അന്നു നടത്തിയത്.
ഇന്ത്യ മുഴുവന്‍ ഈ പദ്ധതി ആവേശത്തോടെയും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കുന്നതിനുള്ള പ്രേരണ ജനങ്ങളില്‍ വളര്‍ത്താന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കമല്‍ഹാസനും ശശി തരൂരും പ്രിയങ്ക ചോപ്രയും ധോണിയും കോഹ്‌ലിയും അനില്‍ അംബാനിയുമുള്‍പ്പെടുന്ന വമ്പന്‍മാരെ അംബാസഡര്‍മാരായി അണിനിരത്തുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ നാടെങ്ങും സംഭവിച്ചതെന്തെന്നു നാം കണ്ടതാണ്.
ശശിതരൂര്‍ ചൂലും കൈക്കോട്ടുമായി തിരുവനന്തപുരത്തെ തെരുവിലിറങ്ങി. മോദിജിയുടെ പദ്ധതിയായതിനാല്‍ അതിന്റെ മുന്‍പന്തിയില്‍ തങ്ങളുണ്ടായിരിക്കണമെന്ന വാശിയില്‍ സംഘ്പരിവാര്‍ രംഗത്തെത്തി. കേരളത്തിലെ തെരുവുകളിലെങ്ങും കുറച്ചുനാള്‍ അവരുടെ ശുചീകരണപരിപാടിയേ കാണാനുണ്ടായിരുന്നുള്ളു.
മോദിയും ബി.ജെ.പിയും ശുചിത്വത്തിന്റെ കപ്പുകൊണ്ടുപോകാതിരിക്കാന്‍ കേരളത്തിലെ സി.പി.എമ്മുകാരും അടങ്ങിയിരുന്നില്ല. അക്കാലത്തു പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടി 'ശുചിത്വകേരളം' എന്ന പേരില്‍ സ്വന്തമായൊരു പരിപാടിയുമായി രംഗത്തിറങ്ങി. അന്നത്തെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ തന്നെയാണ് തിരുവനന്തപുരത്തെ ജഗതിയില്‍ തെരുവോരം വൃത്തിയാക്കി പദ്ധതി ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടി സെക്രട്ടറിയെ പിന്‍പറ്റി സി.പി.എം പ്രവര്‍ത്തകര്‍ കേരളത്തിലുടനീളം ഓടിനടന്നു കൊണ്ടുപിടിച്ചു വൃത്തിയാക്കാന്‍ തുടങ്ങി.
ഗാന്ധിജി തങ്ങളുടെ മാത്രം തലതൊട്ടപ്പനാണെന്നു വിശ്വസിക്കുന്ന കോണ്‍ഗ്രസുകാര്‍ പതിവുപോലെ ഖദറിനു ചുളിവുവീഴാതെ ചിലയിടങ്ങളിലെല്ലാം ശുചീകരണമെന്ന കര്‍മ്മം ആ ഗാന്ധിജയന്തി ദിനത്തിലും നടത്തിയിരുന്നു. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും ഇതേമാര്‍ഗം പിന്തുടര്‍ന്നിരിക്കാമെന്നു നമുക്കു വിശ്വസിക്കാം.
ഇന്ത്യയുടെ കാര്യം മാറ്റിവയ്ക്കാം, കേരളത്തിലെ അക്കാലത്തെ ആവേശം കണ്ടപ്പോള്‍ തോന്നിയത് ഇനി ആരു വിചാരിച്ചാലും ദൈവത്തിന്റെ നാട്ടില്‍ പേരിനുപോലും മാലിന്യം കണ്ടുകിട്ടില്ലെന്നാണ്. പല കൊടിനിറങ്ങള്‍ക്കു കീഴില്‍ അണിനിരന്ന യുവശക്തി മത്സരാടിസ്ഥാനത്തില്‍ നാടുവൃത്തിയാക്കാന്‍ ഇറങ്ങിയാല്‍ അവരുടെ ആവേശം നിലനിര്‍ത്താന്‍ മറ്റെവിടെ നിന്നെങ്കിലും മാലിന്യം കൊണ്ടുവന്നു തെരുവുകളില്‍ നിക്ഷേപിക്കേണ്ട അവസ്ഥ വരുമെന്നുപോലും തോന്നിയിരുന്നു.
ഇനി കഴിഞ്ഞദിവസം വന്ന ഒരു വാര്‍ത്തയിലേയ്ക്കു ശ്രദ്ധ ക്ഷണിക്കുന്നു. സ്വച്ഛ് സര്‍വേ മിഷന്‍ ഈ വര്‍ഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ശുചിത്വനിലവാര പട്ടികപ്രകാരം കേരളത്തിലെ ഒരു നഗരംപോലും ആദ്യത്തെ 255 ല്‍ പെടുന്നില്ല. 256 ാം സ്ഥാനത്തു വരുന്നതു കോഴിക്കോടാണ്. കൊച്ചി 271, പാലക്കാട് 286 , ഗുരുവായൂര്‍ 306, തൃശൂര്‍ 324, കൊല്ലം 365, കണ്ണൂര്‍ 366 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളുടെ സ്ഥാനങ്ങള്‍, ദൈവത്തിന്റെ നാടിന്റെ തലസ്ഥാന നഗരി 372 ാം സ്ഥാനത്തും സഞ്ചാരികളുടെ പറുദീസയെന്നും കിഴക്കിന്റെ വെനീസെന്നും നാം പാടിപ്പുകഴ്ത്തുന്ന ആലപ്പുഴ 380 ാം സ്ഥാനത്തുമാണ്.
വെറും 434 നഗരങ്ങളുടെ പട്ടികയിലാണ് ഈ സ്ഥാനമെന്നു തിരിച്ചറിയുക. ഒരു കാലത്ത് വൃത്തികേടിന്റെ നഗരമെന്ന് അറിയപ്പെട്ട സൂറത്ത് നാലാം സ്ഥാനത്തെത്തി. വൃത്തിഹീന നഗരമായ ഗോന്‍ഡ (യു.പി), ഭഗയ, കട്ടിഗ (ബിഹാര്‍) എന്നിവയുമായാണ്, ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ള ഇന്‍ഡോര്‍, വിശാഖപട്ടണം, ഭോപ്പാല്‍ എന്നിവയുമായല്ല, കേരളത്തിലെ നഗരങ്ങള്‍ക്കു ദൂരക്കുറവ്.
ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ അന്താരാഷ്ട്രനിലവാരം പുലര്‍ത്തുന്ന ദേശമാണു കേരളമെന്നതായിരുന്നു നമ്മുടെ ഇത്രയും കാലത്തെ വീമ്പിളക്കല്‍. തമിഴനും കന്നടക്കാരനും ഉത്തരേന്ത്യക്കാരും നമ്മുടെ കണ്ണില്‍ വൃത്തിയായി കുളിക്കാത്തവനും വൃത്തിയുള്ള വസ്ത്രം ധരിക്കാത്തവനും ശുചിത്വത്തോടെ ജീവിക്കാന്‍ അറിയാത്തവനുമാണ്. ഈ റിപ്പോര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര നഗരവികസന വകുപ്പുമന്ത്രി വെങ്കയ്യനായിഡു നല്‍കിയ ഉപദേശം കൂടി കേരളീയരായ നാം മനസ്സിരുത്തി കേള്‍ക്കണം. ''കേരളം, ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നീ രാജ്യങ്ങള്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണം.'' എന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്.
കുറച്ചുവര്‍ഷം മുന്‍പ് കോഴിക്കോട് നഗരത്തിന്റെ മേയര്‍ സ്ഥാനത്തെത്തിയ ഒരാള്‍ മുന്നോട്ടുവച്ച മുദ്രാവാക്യമായിരുന്നു 'ഗ്രീന്‍, ക്ലീന്‍ മൊസ്‌കിറ്റോ ഫ്രീ സിറ്റി' എന്നത്. ആ മേയര്‍ അഞ്ചുവര്‍ഷം ഭരിച്ചു, പിന്നീടു രണ്ടുവട്ടം എം.പിയായി. അതുകഴിഞ്ഞു വീണ്ടും കോഴിക്കോട് നഗരത്തിന്റെ മേയറായി അഞ്ചുവര്‍ഷം ഭരിച്ചു. വീണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നും കോഴിക്കോട് നഗരം പച്ചപ്പുള്ളതോ, ശുചിത്വമുള്ളതോ, കൊതുകു മുക്തമോ അല്ല. ഇന്നും ഞെളിയന്‍പറമ്പ് കോഴിക്കോട്ടുകാരുടെ മുന്നില്‍ നാറുന്നതാണ്. ഇന്നും കോഴിക്കോട് നഗരത്തിന്റെ തെരുവോരങ്ങളിലെങ്ങും പ്ലാസ്റ്റിക് ബാഗുകളില്‍ കൂട്ടിക്കെട്ടിയ നിലയില്‍ ചീഞ്ഞുനാറുന്ന മാലിന്യകൂമ്പാരങ്ങള്‍ കാണാം.
പല പദ്ധതികളും വലിയവായില്‍ പറയാന്‍ എളുപ്പമാണെന്നു വ്യക്തമാക്കാനാണു കോഴിക്കോട് നഗരത്തിന്റെ നടക്കാതെ പോയ സുന്ദരസ്വപ്നത്തിന്റെ കഥ ഇവിടെ വിവരിച്ചത്. കോഴിക്കോടിനേക്കാള്‍ എത്രയോ മോശമാണു തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള കേരളത്തിലെ മിക്ക നഗരങ്ങളുടെയും അവസ്ഥ. ഉറവിട മാലിന്യസംസ്‌കരണമെന്ന ആശയത്തെക്കുറിച്ചു നമ്മള്‍ ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയിട്ടു കാലമേറെയായി.
ഓരോ വീട്ടിലുമുണ്ടാകുന്ന മാലിന്യങ്ങളില്‍ ജൈവസംസ്‌കരണം സാധ്യമാകുന്നവ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ വീട്ടിലേയ്ക്കാവശ്യമായ പാചകവാതകവും അടുക്കളത്തോട്ടത്തിലേയ്ക്കു വേണ്ട വളവും കിട്ടും. കമ്പോസ്റ്റു കുഴിയിലേയ്ക്കു മാറ്റിയാലും വളമായി ഉപയോഗിക്കാം. പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചുവച്ചു വിറ്റാല്‍ കാശുകിട്ടും. ഉപയോഗശൂന്യമായ മൊബൈല്‍, ബാറ്ററി, ട്യൂബ് പോലുള്ള അപകടകരമായ വസ്തുക്കള്‍ മാത്രമാണു സംസ്‌കരിക്കാന്‍ പ്രയാസമുള്ളത്. നിര്‍മിച്ച കമ്പനികള്‍ തിരിച്ചെടുക്കുന്ന സമ്പ്രദായം മറ്റു പല രാജ്യങ്ങളിലുമുള്ളപോലെ ഇവിടെയും നടപ്പാക്കിയാല്‍ അവയുടെ പ്രശ്‌നവും പരിഹരിക്കപ്പെടും.
ഇതൊക്കെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ആള്‍ത്താമസമില്ലാത്ത സ്വകാര്യഭൂമിയിലുമൊക്കെ മാലിന്യം തള്ളി നമ്മള്‍ സംതൃപ്തിയടയുകയാണ്. പൊതുസ്ഥലത്തെ മലവിസര്‍ജനം ഇല്ലാതാക്കാനായി രാജ്യത്താകമാനം 12 ദശലക്ഷം കക്കൂസുകള്‍ നിര്‍മിക്കാനാണു സ്വച്ഛ് ഭാരത് മിഷനില്‍ തീരുമാനിച്ചത്. ഇതിനായി 1.96 ലക്ഷം കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. എന്നാല്‍, കേരളത്തില്‍ കക്കൂസ് മാലിന്യങ്ങള്‍ പുഴകളിലും കുളങ്ങളിലും കനാലുകളിലും ഒഴുക്കിവിടുന്നതു പതിവാണ്.
ബോധമില്ലാതെ മലയാളി പെരുമാറുമ്പോള്‍ പിന്നെങ്ങനെ നമ്മുടെ നാട് വൃത്തികെട്ടതല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."