'ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കണം'
കല്‍പ്പറ്റ: നവകേരള നിര്‍മാണത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യു.ഡി.എഫ് നേതാക്കളായ അനൂപ് ജേക്കബ് എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, പി.പി.എ കരീം, എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വീടുകള്‍ അടക്കമുള്ളവയുടെ നാശനഷ്ടങ്ങളുടെ കണക്ക് ശാസ്ത്രീയമായി വിലയിരുത്തണം. ഭാഗികവും പൂര്‍ണവുമായി തകര്‍ന്ന വീടുകള്‍ക്ക് നിലവിലുള്ള മാനദണ്ഡ പ്രകാരം നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. വീടുകള്‍ക്ക് 15 ശതമാനം നാശം സംഭവിച്ചവര്‍ക്ക് 5200 രൂപ മാത്രമാണ് ലഭിക്കുക. എന്നാല്‍ ഈ വീടും വാസയോഗ്യമായിരിക്കില്ല.
എന്നിരിക്കെ ലഭിക്കുന്ന നഷ്ട പരിഹാരം കൊണ്ടും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ മാനദണ്ഡങ്ങളാണ് അതിരൂക്ഷമായ ബാധിച്ച ഈ കാലവര്‍ഷക്കെടുതിയിലും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കാന്‍ ആശ്രയിക്കുന്നത്. ഇതില്‍ മാറ്റം വരുത്തണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയും കര്‍ഷികരുടെ കടങ്ങള്‍ക്ക് പര്യാപ്തമല്ല. കാര്‍ഷിക വിളകള്‍ക്ക് ഭീമമായ നാശനഷ്ടങ്ങളുണ്ടെന്ന് പറയുമ്പോഴും കാര്‍ഷിക മേഖലക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രളയത്തിന് ഇരയായവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. മഹാ പ്രളയത്തില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഡാമുകള്‍ തുറന്നു വിട്ടതാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം.
കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. ഇതിന്റെ ഫലമാണ് പ്രളയക്കെടുതി വര്‍ധിക്കാനിടയാക്കിയത്. പ്രളയാനന്തര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ ന്യൂനതകള്‍ നില്‍ക്കുന്നുണ്ട്.
ഇത് പരിഹരിക്കാന്‍ ജനപ്രതിനിധികളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കണം. ഡാമുകള്‍ തുറന്നു വിട്ടതിനെതിരേ പ്രതികരിച്ച എം.എല്‍.എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാനുള്ള അവസരം നിഷേധിച്ചത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളാണ് സി.പി.എം നടത്തുന്നത്. നടവയല്‍ സി.എം കോളജില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്.
കോളജില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവ് ഗഫൂറിനെ കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം അറസ്റ്റ് ചെയ്ത് കമ്പളക്കാട് സ്റ്റേഷനിലെത്തിച്ചിരുന്നു.
എന്നാല്‍ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പൊലിസ് നോക്കിനില്‍ക്കെ ഇയാളെ ലോക്കപ്പില്‍ നിന്നും മോചിപ്പിച്ചു.
പിന്നീട് യു.ഡി.എഫ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മോഡല്‍ അക്രമം അഴിച്ചു വിട്ടു വയനാട്ടില്‍ ക്രമസമാധാനം തകര്‍ക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ പി.കെ ജയലക്ഷ്മി, എം.സി സെബാസ്റ്റ്യന്‍, ടി.കെ ഭൂപേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."