ഹജ്ജ്: തീര്‍ഥാടകരെ നിരീക്ഷിക്കാന്‍ സംവിധാനം
ജിദ്ദ: ഹജ്ജ് വേളയിലെ പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ ഹജ്ജ് തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് എട്ടു വകുപ്പുകളുടെ സഹകരണത്തോടെ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കും. ആദ്യമായാണ് ഹജ്ജിന് ഇങ്ങനെയൊരു നിരീക്ഷണ കേന്ദ്രം ഒരുക്കുന്നത്.
ഹജ്ജ് ഉംറ മന്ത്രാലയം, മക്ക വികസന അതോറിറ്റി, ഹജ്ജ് ഉംറ സുരക്ഷാ സേന, പൊതുസുരക്ഷാ വകുപ്പ്, സിവില്‍ ഡിഫന്‍സ്, മക്ക ഗവര്‍ണറേറ്റ്, ആഭ്യന്തര വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ ഏകോപന സമിതികള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സുരക്ഷാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുക.
മിനായില്‍ നിന്ന് അറഫയിലേക്കും അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്കും മിനായിലേക്കുമുള്ള തീര്‍ഥാടകരുടെ സഞ്ചാരവും ജംറയിലും മശാഇര്‍ മെട്രോ സ്‌റ്റേഷനുകളിലും ഹാജിമാരുടെ നീക്കങ്ങളും കണ്‍ട്രോള്‍ റൂം വഴി നിരീക്ഷിക്കും. തീര്‍ഥാടകരെ സമയബന്ധിതമായി അയക്കുന്നതിനും ശ്വാസതടസം, സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഇതുവഴി സാധ്യമാവുമെന്ന് അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര ഹജ്ജ് സര്‍വിസ് സ്ഥാപനങ്ങള്‍ക്കു കീഴിലെ തീര്‍ഥാടകര്‍ക്ക് കല്ലേറ് കര്‍മത്തിന് ജംറയിലേക്ക് അയക്കുന്നതിന് ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനി ഏകോപന സമിതി പ്രത്യേകം പദ്ധതി തയാറാക്കിയതായും സെക്രട്ടറി ജനറല്‍ എന്‍ജിനിയര്‍ ജമാല്‍ ശഖ്ദാര്‍ അറിയിച്ചു.
ജംറയിലേക്ക് അയക്കുന്ന ഓരോ സംഘത്തിനും ഒരു ഗൈഡും ലീഡറും കൂടെയുണ്ടാകും. കല്ലേറ് കര്‍മത്തിന് ജംറയിലേക്ക് തിരിക്കുന്ന ഒരു സംഘത്തിലെ തീര്‍ഥാടകരുടെ എണ്ണം 250ല്‍ കവിയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."