ഫലം പുറത്തുവരും മുന്‍പേ പ്രതിപക്ഷത്ത് കല്ലുകടി
ന്യൂഡല്‍ഹി: നരേന്ദ്രമോദി തന്നെ എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതിനാല്‍, ഭൂരിപക്ഷം ലഭിക്കുന്നതോടെ ആരാവും പ്രധാനമന്ത്രി എന്ന കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കത്തിന് സാധ്യതയില്ല.
എന്നാല്‍, പ്രതിപക്ഷ ചേരിയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് എടുത്തുകാട്ടപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം ഇതുവരെ ഇക്കാര്യത്തില്‍ യാതൊരു ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രി പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ച് രാഹുല്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരേ വിശാല മുന്നണിയും നിലവിലില്ല. ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും അടങ്ങുന്ന മഹാസഖ്യമാണ് യു.പി.എ കഴിഞ്ഞാല്‍ പിന്നീടുള്ള ഏക ബി.ജെ.പി വിരുദ്ധ സഖ്യം.
അതേസമയം, പ്രതിപക്ഷനിരയില്‍ പത്ത് 'പ്രധാനമന്ത്രി മോഹികള്‍' ഉണ്ടെന്ന് ഇന്നലെ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍. പ്രധാനമന്ത്രി മോഹം തലക്കുപിടിച്ച നേതാക്കള്‍ കാരണമാണ് ദേശീയതലത്തില്‍ വിശാല പ്രതിപക്ഷ മുന്നണിയുടെ രൂപീകരണം വഴിമുട്ടിയതും. യു.പി.എയില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയാല്‍ കൂടുതല്‍ എം.പിമാരുള്ള കക്ഷി ആറ് അംഗങ്ങള്‍ മാത്രമുള്ള എന്‍.സി.പിയാണ്. പ്രധാനമന്ത്രി പദവിയിലേക്കില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസ് പ്രധാന ആശ്വാസം. ആര്‍.ജെ.ഡി, ആര്‍.എല്‍.എസ്.പി (മൂന്ന് അംഗങ്ങള്‍ വീതം), മുസ്‌ലിം ലീഗ്, ജെ.എം.എം, ജെ.ഡി.എസ്, അപ്നാ ദള്‍ (രണ്ടുവീതം), നാഷനല്‍ കോണ്‍ഫറന്‍സ്, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, സ്വാഭിമാനി പക്ഷ (ഓരോന്ന് വീതം) എന്നിവയാണ് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള മറ്റു യു.പി.എ ഘടകകക്ഷികള്‍.
എന്നാല്‍, ബി.ജെ.പി വിരുദ്ധരാണെങ്കിലും 33 അംഗങ്ങളുള്ള തൃണമൂല്‍, ബിജു ജനതാദള്‍ (18), ടി.ഡി.പി (10), ടി.ആര്‍.എസ് (10) എന്നീ കക്ഷികള്‍ യു.പി.എക്കൊപ്പമില്ല. പ്രധാനമന്ത്രി മോഹികളുടെതാണ് ഈ മിക്ക പ്രാദേശിക കക്ഷികളും. ഇതില്‍ മുന്‍പില്‍ മമതാ ബാനര്‍ജി തന്നെ. ടി.ആര്‍.എസും ബിജു ജനതാദളും ബി.ജെ.പിയെ വിമര്‍ശിക്കുന്നുണ്ടെങ്കിലും നിര്‍ണായക ഘട്ടത്തില്‍ എന്‍.ഡി.എക്കൊപ്പം പോവാന്‍ സാധ്യതയുള്ള കക്ഷികള്‍ കൂടിയാണ്.
പ്രധാനമന്ത്രി പദത്തെചൊല്ലി പ്രതിപക്ഷ നിരയില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് വോട്ടെണ്ണലിന് മുന്നോടിയായി ഈ മാസം 21ന് ചേരാന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം അനിശ്ചിതത്വത്തിലായത്. പ്രതിപക്ഷത്തെ പ്രധാനമുഖങ്ങളായ തൃണമൂലും എസ്.പിയും ബി.എസ്.പിയുമാണ് ഫലം വരുന്നതിനു മുന്‍പേ യോഗം ചേരുന്നതിനോട് വിയോജിച്ചത്. യോഗത്തില്‍ ഈ മൂന്നു പാര്‍ട്ടികളും പങ്കെടുക്കില്ലെന്നു സൂചന നല്‍കിയതോടെ ഫലപ്രഖ്യാപന ദിവസമായ 23ന് വൈകീട്ട് പ്രതിപക്ഷം ഡല്‍ഹിയില്‍ യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ പാര്‍ട്ടികളുടെ നിലപാട് ഫലപ്രഖ്യാപനത്തിനു മുന്‍പേ പ്രതിപക്ഷ നിരയില്‍ കല്ലുകടിയായിട്ടുണ്ട്.
നരേന്ദ്രമോദിയെ എങ്ങിനെയെങ്കിലും താഴെയിറക്കുകയാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന് മുന്‍പിലുള്ള അജന്‍ഡയെന്നും തെരഞ്ഞെടുപ്പിനു ശേഷം എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ആരാവും പ്രധാനമന്ത്രി എന്നതു സംബന്ധിച്ച് നീണ്ട തര്‍ക്കത്തിനു സാധ്യതയില്ലെന്നും ഇന്നലെ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ മമതാ ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് കോണ്‍ഗ്രസ് മുഖവിലക്കെടുത്തിട്ടില്ല.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ കക്ഷികളുടെ വിശാല കൂട്ടായ്മയ്ക്കു ചരട് വലിക്കുന്നത്. യു.പി.എയിലെയും പുറത്തുമുള്ള മുഴുവന്‍ ബി.ജെ.പി വിരുദ്ധ കക്ഷികളുമായും നല്ല ബന്ധമാണ് നായിഡുവിനുള്ളത്. കൊല്‍ക്കത്തയിലെത്തി മമതയുമായും നായിഡു ചര്‍ച്ച നടത്തിയിരുന്നു. ഇതുപ്രകാരമാണ് വോട്ടെടുപ്പ് പൂര്‍ത്തിയായി ഫലപ്രഖ്യാപനം നടക്കേണ്ട ദിവസത്തിനു മുന്‍പായി 21 പ്രതിപക്ഷ കക്ഷികള്‍ ഡല്‍ഹിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ചു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ കേന്ദ്രത്തില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒന്നിച്ചു നില്‍ക്കുക എന്നതായിരുന്നു യോഗത്തിലെ അജന്‍ഡ. ഇതിനു പിന്നാലെയാണ് മൂന്നു പ്രധാന പാര്‍ട്ടികള്‍ ഉടക്കിയത്. ഓരോ പാര്‍ട്ടികള്‍ക്കും ലഭിക്കുന്ന സീറ്റുകളുടെ എണ്ണം വ്യക്തമാവാതെ പ്രധാനമന്ത്രിയെ കുറിച്ചു മുന്‍കൂട്ടി ധാരണ വേണ്ടെന്നാണ് മമതയുടെയും മായാവതിയുടെയും അഖിലേഷിന്റെയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."