സമസ്തയെ വെല്ലുവിളിക്കുന്നോ ഞായറാഴ്ച സേവകരായ എം.ഇ.എസ്
അവധി ദിവസമായ ഞായറാഴ്ച സമുദായ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങുന്ന എം.ഇ.എസിനെ സി.എച്ച് മുഹമ്മദ് കോയ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിശേഷിപ്പിച്ചത് ഞായറാഴ്ച സേവകര്‍ എന്നായിരുന്നു.
പരണിതപ്രജ്ഞരും ആദര്‍ശധീരരുമായ സമസ്തയുടെ നേതാക്കളെ മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച് വിളിക്കണമെങ്കില്‍ വിളിക്കുന്നവരുടെ സംസ്‌കാരമാണ് അത് പ്രകടമാകുന്നത്. മ്ലേച്ഛമായ ചിന്തകളും പ്രവര്‍ത്തനങ്ങളും നടത്തുന്നവരുടെ വായില്‍നിന്ന് മാത്രമേ മ്ലേച്ഛമായ വാക്കുകളും വരൂ. വിദ്യാഭ്യാസംകൊണ്ട് സംസ്‌കാരം സിദ്ധിക്കണമെന്നില്ല. അയഞ്ഞതല്ലാത്തതും മതനിഷ്ഠകളാല്‍ സമ്പന്നവുമായ കുടുംബാന്തരീക്ഷത്തില്‍ വളരുമ്പോള്‍ മാത്രമേ സംസ്‌കാര ഭദ്രമായ പെരുമാറ്റവും വാക്കുകളും ഏതൊരു വ്യക്തിയില്‍നിന്നും വരൂ. അത്തരത്തിലല്ലാത്ത ആളുകള്‍ സാമൂഹ്യ, വിദ്യാഭ്യാസ സംഘടനകളുടെ തലപ്പത്തു വരുന്നതാണ് സമുദായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
സമര്‍പ്പിത തേജസുകളായിരുന്ന റഈസുല്‍ മുഅഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെയും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെയും പിന്മുറക്കാരും കരുത്തരുമായ പണ്ഡിതരത്‌നങ്ങള്‍ തന്നെയാണ് ഇന്നും സമസ്തയുടെ അമരത്ത്. പരിഹാസങ്ങള്‍കൊണ്ടോ അപഹസിച്ചതുകൊണ്ടോ രത്‌നഖചിതമായ അവരുടെ പണ്ഡിതശോഭ കെടുത്തിക്കളയാനാകില്ല.
എന്തിനാണ് സഫ മറിയം എന്ന വിദ്യാര്‍ഥിനിയെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍നിന്ന് പുറത്താക്കിയത് ഭരണഘടന അനുവദിച്ച വസ്ത്രം ധരിച്ചതിനോ സ്വന്തം ഇഷ്ടപ്രകാരമാണ് ഒഴിഞ്ഞുപോകുന്നതെന്ന് എഴുതിവാങ്ങിച്ച് അഞ്ചു ലക്ഷം ഫീസ് മടക്കി നല്‍കാതെ വിദ്യാര്‍ഥിനിയെ ഇറക്കിവിട്ട എം.ഇ.എസ് എന്ത് ധാര്‍മികതയാണ് സമൂഹത്തോട് പറയുന്നത് ന്യൂനപക്ഷ ആനുകൂലത്തിന്റെ പേരില്‍ സര്‍ക്കാരുകളില്‍നിന്ന് സ്ഥാപനങ്ങള്‍ നേടിയെടുക്കുകയും അവിടെ ഏറ്റവും കൂടുതല്‍ കോഴ നല്‍കുന്നവരെ അധ്യാപകരായി നിയമിക്കുകയും ചെയ്യുന്നവരാണോ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പരിഷ്‌കരണത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തില്‍ ഛിദ്രത വളര്‍ത്താനാണ് എം.ഇ.എസ് നായകന്‍ പണിയെടുത്ത്‌കൊണ്ടിരിക്കുന്നത്. അതിനെ ചെറുത്തുതോല്‍പിക്കാന്‍ സമുദായത്തിനും സമസ്തയ്ക്കും ഇന്നും കെല്‍പുണ്ട്. ചരിത്രവും അതാണ് ഓര്‍മിപ്പിക്കുന്നത്.
മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി മലബാറില്‍ വേരോട്ടമുണ്ടാക്കിയത് ബാഫഖി തങ്ങളെപ്പോലുള്ള സുന്നികളുടെ കൂടി സഹായം കൊണ്ടായിരുന്നുവെന്ന് ഇന്ന് ആ സംഘടനയുടെ അമരത്തിരിക്കുന്ന പഴയ ക്വിസ്മാസ്റ്റര്‍ ഓര്‍ക്കുന്നുണ്ടാകില്ല. എം.ഇ.എസിന് കേരളത്തില്‍ ആദ്യമായി ഒരു വിദ്യാഭ്യാസ സ്ഥാപനം നല്‍കിയത് സുന്നിയായിരുന്ന മമ്പാട് അത്തന്‍ മോയന്‍ അധികാരിയായിരുന്നു എന്ന ചരിത്രസത്യം ഫസല്‍ഗഫൂര്‍ വിസ്മരിച്ചാലും കാലം മറക്കുകയില്ല. ഒരു നയാപൈസ പ്രതിഫലം പറ്റാതെയാണ് കോളജും ഏക്കറുകണക്കിന് സ്ഥലവും അത്തന്‍ മോയന്‍ അധികാരി എം.ഇ.എസിനു നല്‍കിയത്. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും നേതാക്കളായിരുന്ന ബാഫഖി തങ്ങളുടെയും അഹമ്മദ് കുരിക്കളുടെയും ശ്രമഫലമായിട്ടായിരുന്നു അത്തന്‍ മോയന്‍ അധികാരി കോളജും സ്ഥലവും എം.ഇ.എസിനു നല്‍കിയത്. ചരിത്രം പരിശോധിച്ചാല്‍ ഫസല്‍ ഗഫൂറിനിതു മനസിലാകും.
പിതാവിനു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പറ്റിയ പിഴവ് ആവര്‍ത്തിക്കുകയാണ് ഡോ. ഫസല്‍ഗഫൂര്‍ ഇപ്പോള്‍ മാത്രമല്ല എന്നും സമുദായ നേതാക്കളെ പരിഹസിക്കുന്ന സമീപനമായിരുന്നു എം.ഇ.എസ് സ്വീകരിച്ചിരുന്നത്. എഴുപതുകളില്‍ എം.ഇ.എസ് ജേര്‍ണലില്‍ വന്ന മുഖപ്രസംഗംതന്നെ അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ആ മുഖപ്രസംഗം ശരീഅത്ത് കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. റിക്രിയേഷന്‍ ക്ലബ്ബ് പോലെ പ്രവര്‍ത്തിച്ചുപോന്ന എം.ഇ.എസിനു ജനസ്വാധീനമുണ്ടാക്കിയ ബാഫഖി തങ്ങളെപ്പോലുള്ളവരോടും സമസ്തയുടെ നേതാക്കളോടും ആലോചിക്കാതെയായിരുന്നു ഈ മുഖപ്രസംഗം.
മതപണ്ഡിതര്‍ അഭിപ്രായം പറയേണ്ട ശരീഅത്ത് വിഷയത്തില്‍ വിദ്യാഭ്യാസ സംഘടനയായ എം.ഇ.എസ് അഭിപ്രായം പറയുന്നതിനെ എതിര്‍ത്ത് ആദ്യമായി രംഗത്തുവന്നത് ബാഫഖി തങ്ങള്‍ തന്നെയായിരുന്നു. ബാഫഖി തങ്ങള്‍ എം.ഇ.എസില്‍നിന്ന് രാജിവച്ചപ്പോള്‍ ബാഫഖി തങ്ങള്‍ പോയാല്‍ സംഘടനക്ക് ഒന്നും പറ്റുകയില്ലെന്ന് പറഞ്ഞ ഡോ. പി.കെ അബ്ദുല്‍ഗഫൂറിന് ശക്തമായ മറുപടി നല്‍കിയത് സി.എച്ച് മുഹമ്മദ് കോയയായിരുന്നു. ജോലിയെല്ലാം കഴിഞ്ഞ് ഞായറാഴ്ചകളിലെ ഒഴിവുവേളകളില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളല്ല ബാഫഖി തങ്ങളുടേതതെന്നും ബാഫഖി തങ്ങളുടെ താടിരോമങ്ങളുടെ തൂക്കംപോലും വരില്ല എം.ഇ.എസിന്റെ മൊത്തത്തിലുള്ള സമുദായ പ്രവര്‍ത്തനങ്ങളുടെ തൂക്കമെന്നും പറഞ്ഞ സി.എച്ചിനു മുന്നില്‍ എം.ഇ.എസ് പരാജയം സമ്മതിച്ചത് ചരിത്രമാണ്.
ഡോ. ഫസല്‍ ഗഫൂറിന്റെ അപക്വമായ വാക്പ്രയോഗത്തിനെതിരേ കഴിഞ്ഞ ദിവസം സമസ്തയുടെ പോഷക സംഘടനാ നേതാക്കള്‍ അതിശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ധാര്‍ഷ്ട്യം കൈമുതലാക്കി പൊതുരംഗത്തു പ്രവര്‍ത്തിക്കാമെന്നാണ് വിചാരമെങ്കില്‍ ഡോ. പി.കെ അബ്ദുല്‍ ഗഫൂറിനെ പരാജയപ്പെടുത്തിയ ബാഫഖി തങ്ങളുടെ പിന്‍ഗാമികള്‍ക്ക് ഫസല്‍ ഗഫൂര്‍ വെറുമൊരു തൃണമായിരിക്കും.
ഹൈക്കോടതി വിധിയുടെ പേരു പറഞ്ഞ് ഭരണഘടന അനുവദിച്ച വ്യക്തിസ്വാതന്ത്ര്യത്തെ തകര്‍ക്കാനാണ് എം.ഇ.എസ് പ്രസിഡന്റ് ശ്രമിക്കുന്നത്. ഏതു ഭക്ഷണം കഴിക്കണം, എന്തു ധരിക്കണമെന്നൊക്കെ പറയാന്‍ ഫസല്‍ ഗഫൂറിന് എന്ത് അധികാരമാണുള്ളത്. നിഖാബ് ധരിക്കരുതെന്ന് ഹൈക്കോടതി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ വാചാലനാകുന്ന ഫസല്‍ ഗഫൂറിന്റെ എം.ഇ.എസ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയില്‍ എത്ര സ്ത്രീകളുണ്ട് എന്ന സമസ്തയുടെ മുശാവറ അംഗം മുക്കം ഉമര്‍ ഫൈസിയുടെ ചോദ്യത്തിനു മുന്‍പില്‍ ചൂളിപ്പോയത് അന്ന് ചാനല്‍ ദൃശ്യം കണ്ടവര്‍ മറന്നുകാണില്ല. സ്ത്രീ ശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യവും സ്വന്തം സംഘടനയില്‍ നടപ്പിലാക്കാത്ത വ്യക്തിയാണ് അന്യരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈയേറ്റം നടത്തുന്നത്.
സമസ്തയുടെ പണ്ഡിത ശ്രേഷ്ഠരായിരുന്ന കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെയും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെയും പാണക്കാട് പൂക്കോയ തങ്ങളുടെയും ബാഫഖി തങ്ങളുടെയും ജാജ്വല്യമാനമായ പ്രവര്‍ത്തന പാരമ്പര്യം ഉള്‍ക്കൊള്ളുന്ന പിന്മുറക്കാരാണ് ഇന്നും സമസ്തയുടെ അജയ്യമായ നെടുന്തൂണുകളായി നിലകൊള്ളുന്നത്. പുണ്യപുരുഷ രത്‌നങ്ങളായിരുന്ന പണ്ഡിത നായകരുടെ കരുത്തുറ്റ പിന്മുറയ്ക്ക് അല്ലാഹു പിന്നെയും ജന്മം നല്‍കാതിരിക്കില്ല എന്നതിനു തെളിവാണിത്. അതാണ് സൂര്യശോഭയോടെ നിലകൊള്ളുന്ന സമസ്തയുടെ ഇന്നത്തെ നേതൃത്വവും. ഭൗതികതയുടെ ആഡംബരതയില്‍ അഭിരമിക്കുന്ന അഭിനവ സമുദായ പരിഷ്‌കരണവാദികള്‍ക്ക് ഇതൊക്കെ എങ്ങനെ അറിയാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."