ഇരവിപുരം തീരത്തു നാലു പുതിയ പുലിമുട്ടുകള്‍ നിര്‍മിക്കും: എം നൗഷാദ് എം.എല്‍.എ
കൊല്ലം: ഇരവിപുരം തീരത്തു നാലു പുതിയ പുലിമുട്ടുകള്‍ നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് എം നൗഷാദ് എം.എല്‍. എ പറഞ്ഞു. കടല്‍ക്ഷോഭം രൂക്ഷമായ മുണ്ടയ്ക്കല്‍ പാപനാശം തീരപ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പുലിമുട്ട് നിര്‍മാണത്തിനുള്ള പദ്ധതി അടങ്കല്‍ ഭരണാനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ 2016ലെ പുതുക്കിയ ബജറ്റില്‍ത്തന്നെ തന്റെ അഭ്യര്‍ഥന പരിഗണിച്ചു ഇരവിപുരം തീരത്തു അഞ്ചു പുതിയ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ തുക വകയിരുത്തിയിരുന്നു.
കാക്കത്തോപ്പില്‍ പുലിമുട്ടു നിര്‍മാണത്തിനു 10.5 കോടി രൂപയുടെയും താന്നിയില്‍ 3.6 കോടി, ലക്ഷ്മിതോപ്പില്‍ 3.7 കോടി, ഗാര്‍ഫില്‍ നഗറില്‍ 2.65 കോടി രൂപയുടെയും എസ്റ്റിമേറ്റാണ് പുലിമുട്ടിനായി തയാറാക്കി സമര്‍പ്പിച്ചിട്ടിട്ടുള്ളത്.
ഇതിനു പുറമെ ലക്ഷ്മിപുരം തോപ്പിലെ നിലവിലുള്ള പുലിമുട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 3.25 കോടി രൂപയുടെ പദ്ധതിക്ക് തുറമുഖ എഞ്ചിനിയറിങ് വകുപ്പിന് ഭരണാനുമതി ലഭിച്ചു കഴിഞ്ഞതായും നൗഷാദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."