ഫണ്ട് അപര്യാപ്തം ; പഞ്ചായത്തുകളുടെ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
കൊട്ടാരക്കര: കുടിവെള്ള വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച ഫണ്ട് അപര്യാപ്തമെന്ന് ആക്ഷേപം. അനുവദിച്ച ഫണ്ട് ചിലവഴിച്ചതോടെ മിക്ക പഞ്ചായത്തുകളുടെയും കുടിവെള്ള വിതരണം പ്രതിസന്ധിയിലായിട്ടുണ്ട്.
10 ലക്ഷം രൂപയാണ് ഓരോ പഞ്ചായത്തിനും കുടിവെള്ള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. ഒരു മാസത്തിലധികമായി കുടിവെള്ള വിതരണം തുടരുന്നതിനാല്‍ ഈ ഫണ്ട് മിക്ക പഞ്ചായത്തുകളിലും തീര്‍ന്നു കഴിഞ്ഞു. ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് പഞ്ചായത്തുകള്‍. തനത്ഫണ്ട് ഇല്ലാത്ത ബഹുഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും കുടിവെള്ളവിതരണം നിര്‍ത്തിവെയ്‌ക്കേണ്ടുന്ന സാഹചര്യം സംജാതമാകുമെന്നതാണ് സൂചന. വേനല്‍ കടുത്തതോടെ ജലസ്രോതസുകള്‍തന്നെ വറ്റി വരളുകയാണ്. പഞ്ചായത്തുകള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോള്‍ ആശ്രയിച്ച് വരുന്നത്. ഇത് നിര്‍ത്തിവെയ്‌ക്കേണ്ടുന്ന സാഹചര്യം ഉണ്ടായാല്‍ ജനങ്ങള്‍ അക്രമാസക്തരാകുമെന്ന ആശങ്ക ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുണ്ട്.
ഇപ്പോള്‍ തന്നെ പല പ്രദേശങ്ങളിലും ജലവിതരണം താമസിച്ചാല്‍ ആളുകള്‍ തെരുവിലിറങ്ങുന്നുണ്ട്. ചില ഇടങ്ങളില്‍ ജനപ്രതിനിധികള്‍ അക്രമിക്കപ്പെട്ട സംഭംവംവരെ ഉണ്ടായിക്കഴിഞ്ഞു. പഞ്ചായത്തുകളിലെ വാര്‍ഡ് പ്രദേശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോള്‍ കുടിവെള്ള വിതരണം നടന്നുവരുന്നത്. ഇത് എല്ലാദിവസവും ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. കുടിവെള്ളം ശേഖരിക്കാന്‍ ജോലിക്ക് പോലും പോകാതെയാണ് നാട്ടിന്‍പുറങ്ങളില്‍ ആളുകള്‍ വെള്ളവുമായി എത്തുന്ന വണ്ടിക്ക് കാത്ത് നില്‍ക്കുന്നത്. ഇതിനിടയില്‍ കുടിവെള്ള സംവിധാനം നിലയ്ക്കുകകൂടി ചെയ്താല്‍ ജനങ്ങളുടെ പ്രതികരണം പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവിധമായിരിക്കും.
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും അടുത്തുള്ള പഞ്ചായത്തുകളിലും ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ് വിതരണത്തിനായി വെള്ളം ശേഖരിക്കുന്നത്. ഈ പദ്ധതിയില്‍ പമ്പിങ് തടസപ്പെടുമ്പോള്‍ കുടിവെള്ള വിതരണവും തടസപ്പെടാറുണ്ട്. കുളക്കട, പവിത്രേശ്വരം, മൈലം പഞ്ചായത്തുകളില്‍ പവിത്രേശ്വരം-കുളക്കട കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയില്‍ നിന്നാണ് വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത്.
കുളക്കട-പവിത്രേശ്വരം കുടിവെള്ള പദ്ധതി പൂര്‍ത്തിയായിരുന്നെങ്കില്‍ ഈ പദ്ധതികളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെട്ടേനെ. 15 വര്‍ഷം മുന്‍പ് തുടങ്ങിയ പദ്ധതി ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
വിഹിതം അടയ്ക്കാത്തതാണ് പദ്ധതി പൂര്‍ത്തിയാകുന്നതിന് തടസമെന്ന് അറിയുന്നു. പഞ്ചായത്ത് കുടിവെള്ള പദ്ധതി ആരംഭിച്ചതോടെ കൊട്ടാരക്കര താലൂക്കിലെ റവന്യുവകുപ്പിന്റെ കുടിവെള്ള വിതരണം നിര്‍ത്തലാക്കി.
ഏതാനം ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ കുടിവെള്ളവിതരണം നടത്തിയത്.
വരള്‍ച്ച നില്‍നില്‍ക്കുകയും സര്‍ക്കാര്‍ വീണ്ടും ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്താല്‍ പഞ്ചായത്തുകളുടെ കുടിവെള്ള വിതരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."