പ്രധാനമന്ത്രിയാകേണ്ടത് പ്രചാരകരും സേവകരും കാവല്‍ക്കാരുമല്ലെന്ന് മായാവതി
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ വാക് പോര് തുടരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാവേണ്ടത് പ്രചാരകരും സേവകരുമല്ലെന്നും മറിച്ച് രാജ്യത്തിന്റെ ഭരണഘടനയെ ആദരിക്കുന്നവരാണെന്നും മായാവതി.
രാജ്യം എത്രയോ സേവകരെയും കാവല്‍ക്കാരെയും നേതാക്കളായി കണ്ടിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയാകേണ്ടത് ഭരണഘടനയും ജനങ്ങളുടെ ക്ഷേമവും പിന്തുടരുന്നയാളാവണമെന്നും മായാവതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ വിമര്‍ശനം. മോദി സര്‍ക്കാര്‍ മുങ്ങുന്ന കപ്പലാണ്. ആര്‍.എസ്.എസ് പോലും മോദിയെ പിന്തുണയ്ക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. പഴയതു പോലെ മോദിക്കു വേണ്ടി പ്രചാരണം നടത്താന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ആവേശമില്ല. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതിഷേധവും പൂര്‍ത്തീകരിക്കാത്ത മോദിയുടെ വാഗ്ദാനങ്ങളുമാണ് ആര്‍.എസ്.എസ്സുകാര്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നും മായാവതി പറഞ്ഞു.
മായാവതി ദലിതുകളുടെ വിഷയത്തില്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായെത്തിയ മായാവതി, രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച നേതാവാണ് മോദിയെന്നും ഭര്‍ത്താക്കന്‍മാരെ മോദിയോടൊപ്പം കാണുമ്പോള്‍ ബി.ജെ.പി നേതാക്കളുടെ ഭാര്യമാര്‍ക്ക് ഭയമാണെന്നും തിരിച്ചടിച്ചിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സ്ഥാനാര്‍ഥികളെ വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് മായാവതി ആവശ്യപ്പെട്ടു. പ്രചാരണത്തിനിടെ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കണം. ഇതു പതിവാക്കുന്ന സ്ഥാനാര്‍ഥികളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
റോഡ് ഷോകള്‍ നടത്തുന്നതിന്റെ ചെലവ് സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കണം. റോഡ് ഷോ നടത്തുന്നതും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണ്. രാഷ്ട്രീയനേതാക്കളുടെ ഈ പരിപാടിക്കു മാത്രമായി ഭീമമായ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. ഇത്തരം പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും മായാവതി അഭിപ്രയാപ്പെട്ടു.
പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഇതുവരെ റോഡ് ഷോ നടത്താത്ത വ്യക്തിയാണ് മായാവതി. കഴിഞ്ഞദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉജ്ജയിന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. റോഡ് ഷോ നടത്തിയ ശേഷമായിരുന്നു പ്രിയങ്കയുടെ ക്ഷേത്രസന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."