കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ; ഇത്തവണ അഭിമുഖമില്ല
ബിരുദ യോഗ്യതയുള്ളവര്‍ക്കു കേന്ദ്ര സര്‍ക്കാറിനു കീഴില്‍ ഉന്നത തസ്തികകളില്‍ ജോലി ലഭിക്കുന്നതിനുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ ഓഗസ്റ്റ് 27നു തുടങ്ങും. നേരത്തെ മെയ് എട്ടിന് ആരംഭിക്കാനിരുന്ന പരീക്ഷയാണ് അടുത്ത മാസത്തേക്കു മാറ്റിവച്ചത്.
മിനി സിവില്‍ സര്‍വിസ് എന്നറിയപ്പെടുന്ന സി.ജി.എല്‍ (കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍) പരീക്ഷ കേന്ദ്ര സര്‍വിസിലെ വിവിധ വകുപ്പുകളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള യോഗ്യതാ പരീക്ഷയാണ്. സിവില്‍ സര്‍വിസ്, ക്ലാസ് വണ്‍ ഗസറ്റഡ് തസ്തികകള്‍ എന്നിവയിലേക്കുള്ള പരീക്ഷകള്‍ യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ നടത്തുമ്പോള്‍ തൊട്ടുതാഴെയുള്ള തസ്തികകളിലേക്ക് എസ്.എസ്.സി പരീക്ഷ നടത്തുന്നു.
എസ്.എസ്.സി നടത്തുന്ന പരീക്ഷകളില്‍ പ്രധാനപ്പെട്ടതാണ് കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍), കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ (സി.എച്ച്.എല്‍), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) എന്നിവ.
അഭിമുഖം ഇല്ല; നെഗറ്റീവ് മാര്‍ക്ക് ഉയര്‍ത്തി
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാന പ്രകാരം ഈ വര്‍ഷം മുതല്‍ എസ്.എസ്.സി പരീക്ഷയ്ക്ക് അഭിമുഖമുണ്ടാകില്ല. എന്നാല്‍, നെഗറ്റീവ് മാര്‍ക്ക് ഉയര്‍ത്തി. നേരത്തെ തെറ്റായ ഓരോ ഉത്തരത്തിനും 0.25 മാര്‍ക്ക് കുറച്ചിരുന്നത് പുതുക്കിയ പ്രകാരം ഓരോ തെറ്റുത്തരത്തിനും അര മാര്‍ക്കുവീതം കുറക്കും. ഒന്നും രണ്ടും മൂന്നും ഘട്ട പരീക്ഷകളില്‍ ലഭിച്ച മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന റാങ്ക് ലിസ്റ്റ് തയാറാക്കുന്നതും നിയമനം നടത്തുന്നതും.
ഇത്തവണ പരീക്ഷ മാറ്റങ്ങളോടെ
മുന്‍പു നടത്തിയ പരീക്ഷകളില്‍നിന്നു വ്യത്യസ്തമായാണ് ഇത്തവണ എസ്.എസ്.സി പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ വിവിധ ഘട്ടങ്ങള്‍, നെഗറ്റീവ് മാര്‍ക്ക്, അഭിമുഖം ഇല്ലാത്തത്, ചോദ്യങ്ങളുടെ എണ്ണം എന്നിവ അതില്‍പ്പെടുന്നു.
നേരത്തെ ടയര്‍ 1, ടയര്‍ 2 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായിരുന്നു പരീക്ഷ.
എന്നാല്‍ ഇത്തവണ മൂന്നു ഘട്ടങ്ങളുണ്ടാകും.
മാത്രമല്ല, ആദ്യഘട്ടങ്ങളും ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും. ആദ്യമായാണ് എസ്.എസ്.സി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്.
മൂന്നാംഘട്ടം പരീക്ഷ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവരണാത്മക പരീക്ഷയായിരിക്കും.
ഡാറ്റാ എന്‍ട്രി പരീക്ഷ ബാധകമായവര്‍ക്ക് ഇതിനു പുറമേ സ്‌കില്‍ ടെസ്റ്റുമുണ്ടാകും.
പരീക്ഷയുടെ സിലബസിലും ഇത്തവണ മാറ്റമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ടയര്‍ 1 പരീക്ഷയില്‍ ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസനിങ്, ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ എന്നി നാലു വിഷയങ്ങളില്‍നിന്നു 50 ചോദ്യങ്ങള്‍വീതം മൊത്തം 200 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടായിരുന്നത്.
ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്ക് വീതം ആകെ 200 മാര്‍ക്ക്. എന്നാല്‍ ഇത്തവണ ആകെ 100 ചോദ്യങ്ങളേ ഉണ്ടാകൂ. അതായതു നാലു വിഷയങ്ങളില്‍ ഓരോന്നില്‍നിന്നും 25 ചോദ്യങ്ങള്‍ വീതം.
എന്നാല്‍, മൊത്തം മാര്‍ക്കില്‍ മാറ്റമുണ്ടാകില്ല.
പകരം ഓരോ ചോദ്യത്തിനും രണ്ടു മാര്‍ക്കു വീതമായിരിക്കും. നേരത്തെ രണ്ടു മണിക്കൂറായിരുന്ന ടയര്‍ 1 പരീക്ഷാ ഇത്തവണ ഒന്നേക്കാല്‍ മണിക്കൂറായി കുറച്ചിട്ടുമുണ്ട്.
ടയര്‍ 2 പരീക്ഷ ഓണ്‍ലൈനാക്കിയെങ്കിലും സിലബസ്, ചോദ്യത്തിന്റെ എണ്ണം, മാര്‍ക്ക് എന്നിവയിലും പരീക്ഷാ സമയത്തിലും മാറ്റമൊന്നുമില്ല. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റീസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവയാണ് രണ്ടാംഘട്ടത്തിലെ പരീക്ഷയുടെ വിഷയങ്ങള്‍.
ടയര്‍ മൂന്നില്‍ പേപ്പര്‍ രണ്ടില്‍ വിജയിക്കുന്നവര്‍ക്കായി വിവരണാത്മക പരീക്ഷ നടത്തും.
100 മാര്‍ക്കിനായിരിക്കും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."