മുനമ്പത്തുനിന്ന് ബോട്ടില്‍ പോയവരെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കി
കൊച്ചി: മുനമ്പത്തുനിന്നും ബോട്ടില്‍ പോയവരെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ബോട്ടില്‍ പോയ 100 പേരുടെ ചിത്രങ്ങള്‍ സഹിതമാണ് ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ ഇവര്‍ എത്തിപ്പെട്ടാല്‍ ഇവരെ പിടികൂടാനാണ് ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇറക്കിയിരിക്കുന്നത്. ഇതില്‍ 30 പേരുടെ പട്ടിക കൂടി തയാറാക്കാനുണ്ട്. അവര്‍ ആരൊക്കെയെന്നു കണ്ടെത്തേണ്ടതുണ്ട്. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് സംഘം കടന്നതെന്നു പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബോട്ടില്‍ കടന്നവരില്‍ ഇന്ത്യന്‍ വംശജരില്ലെന്നാണ് വിലയിരുത്തല്‍. തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാര്‍ഥികളാണ് ബോട്ടില്‍ കടന്നതെന്ന് പൊലിസ് പറയുന്നു. ജനുവരി 12ന് മുനമ്പം മാല്യങ്കര ബോട്ടു ജെട്ടിയില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 100 ലേറെ പേര്‍ ബോട്ടില്‍ അനധികൃതമായി വിദേശത്തേക്കു കടന്നതായാണ് കേസ്.
മുനമ്പത്തുനിന്നു 110 പേര്‍ ദേവമാത 2 എന്ന മാറ്റം വരുത്തിയ മത്സ്യബന്ധനബോട്ടില്‍ കടന്നതായി പൊലിസ് കണ്ടെത്തിയിരുന്നു. ബോട്ട് കണ്ടെത്താനായി നാവിക സേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടിയത്.
മാല്യങ്കരയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ മുഖ്യസൂത്രധാരന്‍ കോയമ്പത്തൂര്‍ പാപ്പനാക്കിയം പാളയം കാളിയമ്മന്‍ സ്ട്രീറ്റ് നമ്പര്‍ 37ല്‍ ശെല്‍വം(49), ചെന്നൈ പോളപ്പാക്കം സഭാപതി നഗറില്‍ ബി ബ്ലോക്കില്‍ അറുമുഖം(43), ചെന്നൈ തിരുവള്ളൂര്‍ വിഘ്‌നേശ്വര നഗര്‍ 448ല്‍ താമസക്കാരായ ഇളയരാജ(39), ഇളയരാജയുടെ ഭാര്യ രതി(34) ദീപന്‍ രാജ്(49), ദീപന്‍ രാജിന്റെ മക്കളായ അജിത്(24), വിജയ്(22) എന്നിവര്‍ ഉള്‍പ്പടെ ഒന്‍പതു പേരെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്. അനധികൃത കുടിയേറ്റത്തിന് പുറമേ എമിഗ്രേഷന്‍ ആക്റ്റ്, ഫോറിന്‍ റിക്രൂട്ടിങ് ആക്റ്റ്,വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കടല്‍മാര്‍ഗം അനധികൃത മനുഷ്യക്കടത്തില്‍ ഏറ്റവും സാധ്യതയുള്ളതുകൊണ്ടാണ് മുനമ്പത്തെ തെരഞ്ഞെടുത്തത്. മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് അപകട രഹിതയാത്രയ്ക്ക് അനുയോജ്യമായ റൂട്ടാണ് മുനമ്പത്ത് നിന്നുള്ള സമുദ്രപാത. ഈ റൂട്ടില്‍ പരിശോധനകള്‍ കുറവാണ്. മനുഷ്യക്കടത്തിനു പിന്നിലെ പ്രധാനികളെന്ന് കരുതുന്ന തമിഴ്‌നാട്ടിലെ കുളച്ചല്‍ സ്വദേശികളായ ശ്രീകാന്തന്‍, ശെല്‍വം എന്നിവര്‍ ഒളിവിലാണ്. ഇവര്‍ എവിടെയാണ് എന്നതിനെക്കുറിച്ച് കാര്യമായ സൂചനകളില്ല. ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പൊലിസ് തെരച്ചില്‍ നടത്തുന്നുണ്ട്. കേരള പൊലിസിന് പുറമെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, തമിഴ്‌നാട് ക്യൂബ്രാഞ്ച് എന്നിവരും അന്വേഷണം നടത്തുന്നുണ്ട്.
മുനമ്പം മനുഷ്യക്കടത്തില്‍ എല്‍.ടി.ടി.ഇ ബന്ധമുള്ളതായി നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിരുന്നു. ശ്രീകാന്തന്റെയും പ്രഭു ദണ്ഡപാണിയുടെയും അനില്‍കുമാറിന്റെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും നടത്തിയ തെരച്ചിലിലാണ് സംഘത്തിന് എല്‍.ടി.ടി.ഇയുമായി ബന്ധമുള്ളതിന്റെ വിവരങ്ങള്‍ ലഭിച്ചത്. മുനമ്പത്തുനിന്നു മത്സ്യബന്ധനബോട്ടില്‍ കടന്നതായി സംശയിക്കുന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനും എല്‍.ടി.ടിയുമായി ബന്ധമുള്ളതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘം യാത്ര തിരിച്ചെന്ന് കരുതുന്ന ദേവമാത എന്ന മത്സ്യബന്ധന ബോട്ട് വാങ്ങുന്നതിന് സംഘത്തിന് ലഭിച്ച പണത്തിന്റെ ഉറവിടത്തെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ എല്‍.ടി.ടിഇയുമായി ബന്ധം സ്ഥിരീകിരിച്ചിട്ടുണ്ട്.
എല്‍.ടി.ടി.ഇ കേന്ദ്രങ്ങളില്‍നിന്നുമാണ് ബോട്ടുവാങ്ങുന്നതിനായുള്ള പണം ലഭ്യമായതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെന്നു സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് മിലിറ്ററി ഇന്റലിജന്‍സും തമിഴ്‌നാട് ക്യൂബ്രാഞ്ചും ഇതു സംബന്ധിച്ച് സംസ്ഥാന പൊലിസിന് വിവരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."