തലമുറമാറ്റം വേണമെന്ന് കോണ്‍ഗ്രസില്‍ മുറവിളി
കൊല്ലം: കെ കരുണാകരന്‍പിള്ളയുടെ മരണത്തോടെ ഒഴിവുവന്ന യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനു തലവേദനയാകുന്നു. കാലങ്ങളായി ഐ ഗ്രൂപ്പ് നേതാക്കള്‍ മാത്രം ചെയര്‍മാനാകുന്ന പതിവാണ് കൊല്ലത്തേത്. എന്നാല്‍ ഇത്തവണ ഗ്രൂപ്പിനതീതമായി ചെയര്‍മാനെ തിരഞ്ഞടുക്കണമെന്ന ആവശ്യത്തിനാണ് മേല്‍ക്കൈ.
ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളിലും ഇതുസംബന്ധിച്ച് ഭിന്നത തലപൊക്കിയിട്ടുണ്ട്. നിലവില്‍, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി രാജനാണ് ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്. ഡി.സി.സി പ്രസിഡന്റുമാരെ തിരഞ്ഞെടുത്തതുപോലെ യു.ഡി.എഫ് ജില്ലാ നേതൃത്വത്തിലും തലമുറമാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍, പാര്‍ട്ടിയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കെ.സി രാജനെത്തന്നെ ചെയര്‍മാനാക്കാനാണ് സാധ്യത. 1980കളുടെ അവസാനകാലം മുതല്‍ ഒന്നര ദശാബ്ദത്തോളം ഡി.സി.സി പ്രസിഡന്റായിരുന്ന രാജന്‍ രണ്ടുതവണ നിയമസഭയിലക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നു. ഖാദിബോര്‍ഡ്, ബാംബു കോര്‍പ്പറേഷനുകളുടെ ചെയര്‍മാനായും ജില്ലാ സഹകരണബാങ്ക് പ്രസിഡന്റായും കെ.പി.സി.സി ജനറല്‍സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.പി.സി.സി ജനറല്‍സെക്രട്ടറി ശൂരനാട് രാജശേഖരന്‍ നേരത്തേ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍സ്ഥാനം വഹിച്ചിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി എ ഷാനവാസ്ഖാന്‍, കെ.പി.സി.സി മുന്‍ വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി.സി.സി മുന്‍ സെക്രട്ടറി പുനലൂര്‍ മധു, ഡി.സി.സി മുന്‍ പ്രസിഡന്റുമാരായ എന്‍ അഴകേശന്‍, ജി പ്രതാപവര്‍മ്മതമ്പാന്‍, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേഷ്ബാബു, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എ.കെ ഹഫീസ് തുടങ്ങിയവരൊക്കെ ജില്ലയിലെ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളാണ്. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള ജില്ലയാണ് കൊല്ലം.
എന്നാല്‍ അടുത്തകാലത്തായി പാര്‍ട്ടിയുടെ ബൂത്തുകമ്മിറ്റികളൊക്കെ പ്രവര്‍ത്തനരഹിതമാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫിനുണ്ടായ സമ്പൂര്‍ണ പരാജയത്തിനുകാരണവും സജീവമല്ലാത്ത ബുത്തുകമ്മിറ്റികളായിരുന്നു. ആര്‍.എസ്.പി മുന്നണിയിലെത്തിയതിനുശേഷം യു.ഡി.എഫ് യോഗങ്ങളിലൊക്കെ പാര്‍ട്ടിയുടെ ക്രിയാത്മകമായ ഇടപെടലുകളും സജീവമാണ്.
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനം ശക്തമാക്കണമെങ്കില്‍ ഊര്‍ജ്ജസ്വലമായ നേതൃത്വം ജില്ലയില്‍ യു.ഡി.എഫിനുണ്ടാകണമെന്നാണ് ഘടകകക്ഷികളും രഹസ്യമായി അഭിപ്രായപ്പെടുന്നത്. ഡി.സി.സി പ്രസിഡന്റെന്ന നിലയില്‍ ബിന്ദുകൃഷ്ണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നെങ്കിലും കോണ്‍ഗ്രസിന്റെ ബൂത്തു-മണ്ഡലം-ബ്ലോക്കുകമ്മിറ്റികളെക്കെ സന്ദര്‍ഭോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതും വിമര്‍ശിക്കപ്പെടുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിന്റെ പ്രക്രിയ ആരംഭിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്ന വലിയൊരുവിഭാഗം മുന്‍കാല പ്രവര്‍ത്തകരെ പാര്‍ട്ടിയോട് ചേര്‍ത്തു നിര്‍ത്തുന്നതില്‍ പ്രാദേശിക നേതൃത്വങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയരുന്നില്ലെന്ന വികാരവും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
ഇതിനൊക്കെ പരിഹാരമായി മികച്ച സംഘടനാശേഷിയുള്ള നേതാവിനെ മുന്നണി ചെയര്‍മാനാക്കണമെന്ന അഭിപ്രായമാണ് താഴെത്തട്ടില്‍ നിന്നു ഉയര്‍ന്നുവരുന്നത്. തലമുറമാറ്റത്തോടൊപ്പം ഗ്രൂപ്പിനതീതായി മികച്ച പ്രതിച്ഛായയുള്ളവരായിരിക്കണം നേതൃത്വത്തിലെത്തേണ്ടത്.
കോണ്‍ഗ്രസ് കഴിഞ്ഞാല്‍, ആര്‍.എസ്.പിയും മുസ്‌ലിം ലീഗുമാണ് ജില്ലയില്‍ യു.ഡി.എഫില്‍ സ്വാധീനമുള്ള ഘടകകക്ഷികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."