തമിഴ്‌നാട്ടില്‍ വിവാദം കൊഴുക്കുന്നു
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെ ആണെന്ന് പറഞ്ഞ മക്കള്‍ നീതിമയ്യം അധ്യക്ഷനും സിനിമാ താരവുമായ കമല്‍ ഹാസനെ അനുകൂലിച്ചും എതിര്‍ത്തും രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്.
ഇതിനിടയില്‍ വിവാദ പരാമര്‍ശം നടത്തിയ കമല്‍ ഹാസന്റെ നാവരിയണമെന്ന് തമിഴ്‌നാട് ക്ഷീര വികസന മന്ത്രി കെ.ടി രാജേന്ദ്ര ബാലാജിക്കെതിരേയും പ്രതിഷേധം ഉയര്‍ന്നു. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ നീതി മയ്യം, വിടുതലൈ ചിരുതൈകള്‍ കക്ഷി(വി.സി.കെ) എന്നീ പാര്‍ട്ടികള്‍ രംഗത്തെത്തി.
അഭിപ്രായ പ്രകടനം നടത്തുന്നവരുടെ നാവരിയണമെന്ന് പറയുന്ന മന്ത്രി ബാലാജി മന്ത്രിസ്ഥാനം ഏറ്റെടുത്തുകൊണ്ട് നടത്തിയ സത്യപ്രതിജ്ഞ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്നും മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ. അരുണാചലം ആവശ്യപ്പെട്ടു.
അരുവാക്കുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്‌സെ ആണെന്ന് കമല്‍ ഹാസന്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യ ഐക്യത്തിലും സാഹോദര്യത്തിലുമാണ് നിലനില്‍ക്കുന്നത്. ത്രിവര്‍ണപതാക പ്രതിനിധാനം ചെയ്യുന്ന അടിസ്ഥാന മൂല്യം നിലനില്‍ക്കണമെന്നത് എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ പരാമര്‍ശം പുറത്തുവന്നതോടെ കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തു വന്നു. എന്നാല്‍ കോണ്‍ഗ്രസും ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ കമലിന് ശക്തമായ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
കമലിന്റെ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്ന് വി.സി.കെ അധ്യക്ഷന്‍ തൊല്‍. തിരുമാവലന്‍ പറഞ്ഞു. ഗോഡ്‌സെ തീവ്രവാദി മാത്രമല്ല, ഒരു ഭീകരന്‍ കൂടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമല്‍ ഹാസന്റെ അഭിപ്രായപ്രകടനത്തെ എതിര്‍ക്കാനും അനുകൂലിക്കാനും ആര്‍ക്കും അവകാശമുണ്ട്. പരാമര്‍ശത്തില്‍ ഇഷ്ടക്കേടുള്ളവര്‍ക്ക് നിയമനടപടി സ്വീകരിക്കാവുന്നതാണ്. അതിന് പകരം അദ്ദേഹത്തിന്റെ നാവരിയണമെന്ന് പറയുന്നതരത്തിലേക്ക് ഒരു മന്ത്രി എത്തിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നും തിരുമാവലന്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പരാമര്‍ശം ആര്‍.എസ്.എസിന്റെ വിദ്വേഷ നിലപാടിന് യോജിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."