കമ്പംമെട്ട് അതിര്‍ത്തിയില്‍ സ്ഥിരം പ്രകോപനവുമായി തമിഴ്‌നാട്; കേരളം ആശങ്കയില്‍
തൊടുപുഴ: കമ്പംമെട്ട് അതിര്‍ത്തിയില്‍ സ്ഥിരം പ്രകോപനവുമായി തമിഴ്‌നാട് അധികൃതര്‍ രംഗത്തുവരുന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി തവണ ചര്‍ച്ചയ്ക്കു ശ്രമിച്ചിട്ടും ഫലം ഉണ്ടാവാതെ വന്നിരിക്കുകയാണ്.
തര്‍ക്കങ്ങള്‍ ഇടുക്കി ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ നെടുങ്കണ്ടത്ത് ചേര്‍ന്ന താലൂക്ക് സഭ ആശങ്ക രേഖപ്പെടുത്തി. എത്രയും വേഗം അതിര്‍ത്തി അളന്നു തിട്ടപ്പെടുതണമെന്ന് താലൂക്ക്‌സഭ ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക രാഷ്ട്രീയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
മുമ്പ് രാമക്കല്‍മേട്ടില്‍, ചില സാമൂഹിക വിരുദ്ധരുടെ സഹായത്തോടെ കേരളത്തിന്റെ സ്ഥലത്ത് ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുകയും ജില്ലാ ഭരണകൂടം ഇടപെട്ട് എടുത്തു മാറ്റുകയും ചെയിതിരുന്നു. ഇപ്പോള്‍ രാമക്കല്‍മേട്ടില്‍ തമിഴ്‌നാട് ടൂറിസം വികസന പദ്ധതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉടുമ്പഞ്ചോല-ചതുരങ്കപ്പാറയിലും സമാനമായ സംഭവം നടന്നു. ഹൈറേഞ്ച് മേഖലയിലെ വന്‍ ടൂറിസം സാധ്യത മുന്നില്‍കണ്ട് ഈ പ്രദേശങ്ങള്‍ കൂടി കൈയ്യടക്കാനുള്ള തമിഴ്‌നാടിന്റെ തന്ത്രമായി വേണം ഇതിനെ കാണാന്‍. തമിഴ്‌നാട് നടത്തുന്ന പ്രകോപനങ്ങള്‍ അതിരുകടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
മാസങ്ങളായി കമ്പംമെട്ടില്‍ കേരളത്തിന്റെ സ്ഥലത്ത് എക്‌സൈസ് മൊഡ്യൂള്‍ ചെക്ക്‌പോസ്റ്റ് സ്ഥപിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉന്നയിക്കുകയും കേരളത്തിന്റെ പ്രദേശം അനുവാദം ഇല്ലാതെ കൈയ്യേറി സര്‍വേ നടത്തുകയുമാണ് തമിഴ്‌നാട്.
കമ്പംമെട്ട് പൊലിസ് സ്റ്റേഷന്റെ സ്ഥലംപോലും തമിഴ്‌നാടിന്റേതാണെന്ന് അവകാശവാദം ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും കൊടിമരങ്ങളും നശിപ്പിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ട്ടിക്കുകയും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."