കൈക്കൂലി: ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍
കണ്ണൂര്‍: കൈക്കൂലിക്കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. കണ്ണൂര്‍ താലൂക്ക് ഓഫിസിലെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ തലശ്ശേരി തിരുവങ്ങാട് വിനോദ് കുമാറിനെ (48) യാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
കോഴിക്കോട് താമരശ്ശേരി രാരോത്ത് സ്വദേശിയായ കെ.പി അനീഷിന്റെ പരാതിയിലാണ് അറസ്റ്റ്.
താമരശ്ശേരിയില്‍നിന്നു കണ്ണൂര്‍ പള്ളിക്കുന്നില്‍ ജില്ലിപ്പൊടിയുമായെത്തിയ ലോറി പരിശോധനക്കിടെ തടഞ്ഞ് 25,000 രൂപ പിഴയീടാക്കുമെന്നും അല്ലെങ്കില്‍ 10,000 രൂപ കൈക്കൂലി നല്‍കണമെന്നും തഹസില്‍ദാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. ഒടുവില്‍ 5,000 രൂപ കൈക്കൂലി ഉറപ്പിക്കുകയും 4,000 രൂപ ചൊവ്വാഴ്ച ഓഫിസിലെത്തി നല്‍കുകയും ചെയ്തു.
ബാക്കിയുള്ള ആയിരം രൂപ ഇന്നലെയാണ് കൈമാറിയത്. ഫിനോഫ്തലിന്‍ പുരട്ടിയ ഈ നോട്ടുകള്‍ ഇന്നലെ ഉച്ചയ്ക്കു 2.30ഓടെ താലൂക്ക് ഓഫിസിനു സമീപത്തെ ഡി.ടി.പി.സി ഓഫിസ് കോമ്പൗണ്ടില്വച്ച് അനീഷ് നല്കിയ ഉടനെ വിജിലന്‍സ് സംഘം വിനോദ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ മുന്‍പും പരാതി ലഭിച്ചിരുന്നതായി വിജിലന്‍സ് വ്യക്തമാക്കി. വിനോദ് കുമാറിനെ തലശ്ശേരി വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."