ഇന്ത്യന്‍ വിപണിയിലേക്ക് ചൈനയില്‍നിന്ന് വന്‍തോതില്‍ ഉരുക്ക് ഇറക്കുമതി ചെയ്യാന്‍ സാധ്യത
ന്യൂഡല്‍ഹി: വ്യാപാര മേഖലയില്‍ നിലനില്‍ക്കുന്ന കിടമത്സരത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് ഇന്ത്യന്‍ വ്യാവസായിക മേഖലയില്‍ കരിനിഴല്‍ വീഴ്ത്തുന്നു. ലോകത്തെ രണ്ട് സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരത്തെ തുടര്‍ന്നാണ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്.
എന്നാല്‍ ചൈനയില്‍നിന്ന് വര്‍ധിച്ച തോതില്‍ ഉല്‍പന്നങ്ങള്‍, പ്രത്യേകിച്ചും ഉരുക്ക് മേഖലയില്‍നിന്ന് വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ചൈനയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. അമേരിക്കയിലേക്കുള്ള ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചതോടെ ആ രാജ്യത്തിന് പകരം ഇന്ത്യന്‍ വിപണിയെയായിരിക്കും ചൈന ലക്ഷ്യം വയ്ക്കുക. ഇന്ത്യയില്‍ താരതമ്യേന ഇറക്കുമതി തീരുവ കുറവുള്ള സാഹചര്യത്തില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ വന്‍തോതിലായിരിക്കും ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെടുകയെന്നാണ് ഇന്ത്യയിലെ ഉരുക്കുവ്യവസായ മേഖല വിലയിരുത്തുന്നത്.
വര്‍ധിച്ച ഇറക്കുമതി തടയാന്‍ ഇന്ത്യ തീരുവ വര്‍ധിപ്പിച്ച് ഇന്ത്യന്‍ വ്യവസായങ്ങളെ സംരക്ഷിക്കണമെന്നാണ് വ്യവസായ ശാലകള്‍ ആവശ്യപ്പെടുന്നത്. ഉല്‍പാദന ചെലവ് കുറവായതുകാരണം ചൈനയില്‍നിന്ന് വന്‍തോതിലായിരിക്കും ഇന്ത്യന്‍ വിപണിയിലേക്ക് ഉരുക്ക് ഉല്‍പന്നങ്ങള്‍ എത്തുക.
കഴിഞ്ഞ വര്‍ഷമാണ് വ്യാപാര മേഖലയിലെ കിടമത്സരത്തിലേക്ക് ചൈനയും അമേരിക്കയും എത്തിയത്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈനയില്‍ തീരുവ വര്‍ധിപ്പിച്ച ചൈനീസ് സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്നാണ് അമേരിക്കയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. ഇരു രാജ്യങ്ങളും തമ്മില്‍ ഇറക്കുമതി തീരുവയില്‍ സന്തുലനം വേണമെന്ന് അമേരിക്ക നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ ചൈന തയാറാകാത്ത സാഹചര്യത്തിലാണ് ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ അമേരിക്ക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, അമേരിക്കയുടെ നടപടി വ്യാപാര മേഖലയെ പാളം തെറ്റിച്ചേക്കുമെന്ന ആശങ്കയും ലോക രാജ്യങ്ങള്‍ക്കുണ്ട്. അമേരിക്കക്കു പകരം ഉരുക്ക് ഉല്‍പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കാനായിരിക്കും ചൈനയുടെ നീക്കമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. വിയറ്റ്‌നാം, കംബോഡിയ, ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കായിരിക്കും ഉരുക്ക് വന്‍തോതില്‍ എത്തിക്കാന്‍ സാധ്യത. ഇത് ഇന്ത്യയിലെ ഉരുക്കുമേഖലയെ അപകടത്തിലാക്കുമെന്നാണ് വ്യാവസായിക മേഖല നല്‍കുന്ന വിവരം.
ലോകത്തിലെ ഉരുക്ക് ഉല്‍പാദക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നിരുന്നാലും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉരുക്ക് ഉല്‍പാദനം പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നിരുന്നില്ല. ഇന്ത്യയില്‍ ഉയര്‍ന്ന രീതിയിലുള്ള സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ഗുണമേന്‍മയുള്ള ഉരുക്ക് ഉല്‍പാദിപ്പിക്കാനുള്ള സാഹചര്യമില്ലാത്തതാണ് ഇതിന് കാരണം. ഇതേ തുടര്‍ന്ന് ആഗോള തലത്തില്‍ ഇന്ത്യന്‍ ഉല്‍പന്നം വാങ്ങിക്കുന്ന ചില രാജ്യങ്ങള്‍ ഉരുക്ക് വാങ്ങിക്കുന്നതില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍ പകരം ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കാണ് പലരും ശ്രദ്ധ കേന്ദ്രീകരിച്ചത്.
അമേരിക്കയിലേക്ക് ഉരുക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ചൈന കഴിഞ്ഞാല്‍, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളും ഉണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ എന്നിവിടങ്ങളിലേക്കും വന്‍തോതിലാണ് ചൈനയും മറ്റും ഉരുക്ക് കയറ്റുമതി ചെയ്യുന്നത്. അമേരിക്ക രംഗത്തുനിന്ന് പിന്‍വാങ്ങിയതോടെ ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്റ്റീല്‍ ഇറക്കുമതി ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജെ.എസ്.ഡബ്ല്യു ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ ശേഷഗിരി റാവു പറഞ്ഞു.
ഇറക്കുമതി വര്‍ധിക്കുമെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി 25 ശതമാനം ഇറക്കുമതി തീരുവ അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ മൊത്തം സ്റ്റീല്‍ ഉല്‍പാദനത്തില്‍ 45 ശതമാനമാണ് ജെ.എസ്.ഡബ്ല്യു, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, പവര്‍ എന്നീ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത്. ശേഷിക്കുന്ന 55 ശതമാനവും ഇറക്കുമതിയായിരുന്നു. ഇന്ത്യയിലെ ഉരുക്ക് വ്യവസായ ശാലകളുടെ ആഗോള ഉരുക്ക് ഉല്‍പാദന ശേഷി അപകടാവസ്ഥയിലാണെന്ന് ഉരുക്ക് മന്ത്രാലയത്തിലെ സെക്രട്ടറി ബിനോയ് കുമാറും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."