തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമക്കു നേരെ വീണ്ടും അതിക്രമം; കാവി പെയിന്റൊഴിച്ചു, ചെരിപ്പു മാലയിട്ടു
തിരുച്ചിറപ്പള്ളിക്ക് സമീപം സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമക്ക് നേരെ വീണ്ടും ആക്രമണം. പ്രതിമക്കു മേല്‍ കാവി പെയിന്റൊഴിക്കുകയും ചെരിപ്പു മാലയണിയിക്കുകയും ചെയ്തു. ഇനംകുളത്തൂറിലാണ് സംഭവം. പ്രതിമക്ക് മുകളില്‍ കാവി ഒഴിച്ചവരെ പൊലിസ് അന്വേഷിക്കുകയാണ്.
പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ബി.ജെ.പി ആണെന്ന ഡി.എം.കെ നേതാവ് കനിമൊഴി ആരോപിച്ചു. സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമക്ക് നേരെ അക്രമം നടക്കുന്ന സംഭവങ്ങള്‍ പതിവാണ്. ഈ വര്‍ഷം ആദ്യം ചെങ്ങല്‍പാട്ടിലും പെരിയാറിന്റെ പ്രതിമക്ക് നേരെ ആക്രമം നടന്നിരുന്നു.
ദ്രാവിഡ ജനതയുടെ വിമോചന നായകനായാണ് ഇ.വി രാമസ്വാമി നായ്കര്‍ എന്ന പെരിയാര്‍ അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ 1879 സെപ്റ്റംബര്‍ 17നാണ് അദ്ദേഹം ജനിച്ചത്. സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ജാതീയ മേല്‍ക്കോയ്മകളെ നിരന്തരം ചോദ്യം ചെയ്ത പെരിയാറിന്റെ നിലപാടുകള്‍ക്ക് ദ്രാവിഡ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്.
ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭ മുവ്മെന്റന്റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് അദ്ദേഹം. സ്വാഭിമാന പ്രസ്ഥാനം, ദ്രാവിഡ കഴകം മുതലായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ ധൈഷണിക നേതൃത്വം വഹിച്ച പെരിയര്‍ വൈക്കം സത്യാഗ്രഹത്തിനും പിന്തുണ നല്‍കിയിരുന്നു.
1937 ല്‍ വിടുതലൈ എന്ന ദിനപത്രത്തിലും പകുത്തറിവ് എന്ന വാരികയിലും എഴുതിയ എഡിറ്റോറിയലിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് അദ്ദേഹം. ഉത്തരേന്ത്യന്‍ ദേശീയത അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും പെരിയാര്‍ ശക്തമായി പോരാടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."