സഊദി എണ്ണ പൈപ്പ്‌ലൈനുകള്‍ക്കു നേരെ ഹൂതി ഡ്രോണ്‍ ആക്രമണം
റിയാദ്: സഊദിയിലെ പ്രധാന എണ്ണ പൈപ്പ് ലൈനുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം. അയല്‍രാജ്യമായ യമനിലെ ഹൂതികളാണ് രണ്ടു പമ്പിങ് കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതെന്ന് സഊദി ഊര്‍ജ- വ്യവസായമന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. കിഴക്ക് പടിഞ്ഞാറ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള പ്രധാന എണ്ണ പൈപ്പ് ലൈനില്‍ ചൊവ്വാഴ്ച്ച രാവിലെ ആറിനും ആറരക്കും ഇടയിലാണ് ആക്രമണം നടന്നത്.
സഊദി എണ്ണമേഖലയായ കിഴക്കന്‍ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളില്‍ നിന്നും റിഫൈനറികളുള്ള യാമ്പു നഗരത്തെ ബന്ധിപ്പിച്ചുള്ള എണ്ണപ്പൈപ്പ് ലൈനിലെ രണ്ടു ബൂസ്റ്റിങ് പൈപ്പ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ ഒരു കേന്ദ്രത്തിലെ പൈപ്പ് ലൈനുകളിലൊന്നിന് തീപിടിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദിനംപ്രതി അഞ്ചു ദശലക്ഷം ബാരല്‍ എണ്ണ പമ്പിങ് നടത്താന്‍ ശേഷിയുള്ള പൈപ്പ് ലൈനുകളാണ് ആക്രമിക്കപ്പെട്ടത്.
മുന്‍കരുതലിന്റെ ഭാഗമായി പമ്പിങ് തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി സഊദിയിലെ എണ്ണഭീമന്‍ അരാംകോ കമ്പനി അറിയിച്ചു. സഊദിയുടെ കിഴക്കന്‍ എണ്ണപ്പാടത്തുനിന്ന് പടിഞ്ഞാറുള്ള ചെങ്കടലിലെ തുറമുഖനഗരമായ യാംബൂവിലേക്ക് 1,200 കി.മീ നീളമുള്ള പൈപ്പ് ലൈനിലൂടെ അസംസ്‌കൃത എണ്ണ കൊണ്ടുപോകുന്ന കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയാണെങ്കില്‍ എണ്ണ കടത്തുന്നതിനു വേണ്ടി സമാന്തരമായി ദശാബ്ദങ്ങള്‍ കൊണ്ട് നിര്‍മിച്ചതാണിത്.
ഇറാന്‍ അമേരിക്ക സംഘര്‍ഷം കത്തിനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം രണ്ടു സഊദി എണ്ണക്കപ്പലുകളടക്കം നാല് കപ്പലുകള്‍ക്ക് യു.എ.ഇ തീരപ്രദേശത്ത് വച്ച് ആക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണം വരുന്നതിനിടെയാണ് ഇറാന്‍ അനുകൂല വിഭാഗമായ ഹൂതികള്‍ എണ്ണപൈപ്പ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
എണ്ണകേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം വിപണിയില്‍ എണ്ണവിതരണ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കാനാണെന്നും എന്നാല്‍, എണ്ണയുല്‍പ്പാദന, കയറ്റുമതി രംഗത്ത് സഊദി നിലവിലെ അവസ്ഥ തുടരുമെന്നും സഊദി ഊര്‍ജ മന്ത്രി കൂട്ടിച്ചേര്‍ത്തു.
തീവ്രവാദ സംഘത്തിന് നേരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഊദി കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഏഴു ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹൂതി നിയന്ത്രണത്തിലുള്ള മസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികള്‍ കൂടുതല്‍ ആക്രമണത്തിന് തയ്യാറാണെന്നും സഊദി അറേബ്യ നിലപാട് മാറ്റാത്തപക്ഷം തിരിച്ചടികള്‍ തുടരുമെന്നും ഹൂതി നേതാക്കളെ ഉദ്ധരിച്ച് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
എണ്ണപൈപ്പ് ലൈന്‍ ആക്രമണത്തെ തുടര്‍ന്ന് സഊദി ഓഹരിവിപണി രണ്ടു ശതമാനം ഇടിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."