മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോര്‍മെട്രി സംവിധാനം വരുന്നു
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി ഡോര്‍മെട്രി സംവിധാനം വരുന്നു. കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ സി.എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇതിനാവശ്യമായ സ്ഥലം നിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ അര്‍ബന്‍ ലൈവ്‌ലി ഹുഡ് മിഷന്‍ കോട്ടയം നഗരസഭയ്ക്ക് അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് ഡോമട്രിക്കായി കെട്ടിടം നിര്‍മിക്കുക.
ആശുപത്രി അധികൃതര്‍ കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ 30 സെന്റ് സ്ഥലം കണ്ടെത്തി പെര്‍മിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നഗരസഭ കെട്ടിടം ആശുപത്രി വികസന സമിതിയ്ക്ക് കൈമാറും. കെട്ടിടത്തിന്റെ നടത്തിപ്പു ചെലവും മെയിന്റനന്‍സും ആശുപത്രി വികസന സമിതി നിര്‍വഹിക്കും. അതിനായി ചെറിയ തുക വാടക ഇനത്തില്‍ ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്.
ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനും ആലോചനയുണ്ട്. ഇതിനായി വിശദമായ പ്രൊപ്പോസല്‍ ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. ആശുപത്രിയുടെ കാന്‍സര്‍ കെയര്‍ ഫണ്ടിന്റെ വിനിയോഗം കാന്‍സര്‍ കെയര്‍ സൊസൈറ്റി വഴിയാകും ചെലവഴിക്കുക. ആശുപത്രിയില്‍ ജീവനക്കാരുടെ സൗകര്യം പരിഗണിച്ച് ചൈല്‍ഡ് ഡേ കെയര്‍ സെന്റര്‍ തുടങ്ങാനും ആശുപത്രി വികസന സമിതി അംഗീകാരം നല്‍കി.
പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ ഇതിന്റെ പ്രവര്‍ത്തനം ഏല്‍പിക്കാനാണ് ഇപ്പോള്‍ ആലോചനയുള്ളത്. മരുന്നുകളുടെ വിതരണ സംവിധാനം കുറ്റമറ്റതാക്കാന്‍ മൂന്നു കമ്മിറ്റികള്‍ രൂപീകരിക്കും. വാങ്ങേണ്ട മരുന്നുകള്‍ ഏതെന്ന് നിശ്ചയിക്കുന്നതിന് പ്രോഡക്ട് അപ്രൂവല്‍ കമ്മറ്റിയും വിവിധ കമ്പനികളുടെ മരുന്നുകളുടെ വിലയും മറ്റും നിശ്ചയിക്കുന്നതിന് നെഗോസിയേഷന്‍ കമ്മറ്റിയും പ്രൈസ് അപ്രൂവല്‍ കമ്മറ്റിയും പ്രവര്‍ത്തിക്കും.
ബില്ലിങിനും മറ്റുമായി പ്രത്യേകം വിഭാഗം തുടങ്ങാനും തീരുമാനിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. റ്റി. കെ. ജയകുമാര്‍, ഫിനാന്‍സ് ഓഫീസര്‍ റേച്ചല്‍ ജോര്‍ജ്, എ.ഡി.സി (ജനറല്‍ പി.എസ്. ഷിനോ, ഐസിഎച് സൂപ്രണ്ട് ഡോ. പി. സവിദ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, പിഡബ്ല്യൂഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എന്‍. ബിന്ദു, വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എന്‍. ജയറാം, പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗം എഇ കെ.എ. ശ്യാം കുമാര്‍, നഴ്‌സിംഗ് സൂപ്രണ്ട് സി.വി. പുഷ്പലത തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."