കോഴിക്കോട്: യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് ഫെഫ്ക പ്രതികരിച്ചു.
'സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്', ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഫെഫ്ക കുറിച്ചു.
ഭാഗ്യലക്ഷ്മിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും ഫെഫ്ക പറഞ്ഞു.വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.
ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
ഫെഫ്കയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്.
അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവര്‍ നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്. തീര്‍ച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, സൈബര്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ.
ഭാഗ്യലക്ഷ്മിയോട് ഐക്യദാര്‍ഢ്യം. അവരെ അപമാനപ്പെടുത്തിയ ആള്‍ക്കും അവര്‍ക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവര്‍ത്തികള്‍ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
https://www.facebook.com/fefkafederation/posts/177199980624309