ദമ്പതികളുടെ തിരോധാനം: ഒരുമാസം പിന്നിട്ടിട്ടും തെളിവ് കണ്ടെത്താനാകാതെ പൊലിസ്
കോട്ടയം: ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹതകള്‍ നീക്കം ചെയ്യാനാകാതെ പൊലിസ്. ഒരു മാസം പിന്നിട്ടിട്ടും തെളിവുകള്‍ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. അറുപറയില്‍ നിന്ന് കാണാതായ ദമ്പതികള്‍ക്ക് വേണ്ടി താഴത്തങ്ങാടി ആറ്റില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നേവിയുടെ സഹായത്താല്‍ തെരച്ചില്‍ നടത്തിയപ്പോള്‍ പ്രതീക്ഷയോടെയായിരുന്നു അന്വേഷണസംഘം.
പക്ഷേ, തെളിവ് കണ്ടെത്താനാകാതെ വന്നതോടെ കുഴയുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി നേവി വിദഗ്ധ സംഘം ആറിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തി. പക്ഷേ, പൊലിസ് നിഗമനങ്ങള്‍ തെറ്റിക്കുന്ന രീതിയിലായിരുന്നു ഫലങ്ങള്‍ എല്ലാം തന്നെ. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37)യും അപകടത്തില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലിസ് അന്വേഷണം മുന്നേറുന്നത്. പക്ഷേ, വീടിന്റെ സമീപത്തും മറ്റും നടത്തിയ പരിശോധനയില്‍ ഇതുസംബന്ധിച്ച തെളിവുകള്‍ കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. വിവിധ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും നേരത്തെ അന്വേഷണം നടത്തിയിരുന്നു എന്നാല്‍ കാര്യമായ വിവരങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ആറിന് രാത്രി 9.30ന് കോട്ടയം നഗരത്തില്‍ ഭക്ഷണം വാങ്ങാന്‍ പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷീം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതാവുകയായിരുന്നു. വീടിനു തൊട്ടുചേര്‍ന്ന് ഒറ്റക്കണ്ടത്തില്‍ സ്‌റ്റോഴ്‌സ് എന്ന പേരില്‍ പലചരക്കുകട നടത്തി വരുകയായിരുന്നു ഹാഷിം. ഒരുമാസം മുന്‍പ് വാങ്ങിയ പുതിയ ഗ്രേ കളര്‍ മാരുതി വാഗണ്‍ ആര്‍ കാറിലാണ് ഹാഷിമും ഭാര്യ ഹബീബയും പുറത്തുപോയത്. ഹാഷിം മൊബൈല്‍ ഫോണ്‍, പഴ്‌സ്, എടിഎം കാര്‍ഡ്, ലൈസന്‍സ് എന്നീ രേഖകള്‍ വീട്ടില്‍ നിന്നും കൊണ്ടുപോയിരുന്നില്ല.
ദമ്പതികളെ കാണാതായതിനു പിറ്റേദിവസം ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലിസ് നഗരത്തിലെ സിസി ടിവി ദ്യശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ജില്ലാ പൊലിസ് ചീഫ് എന്‍.രാമചന്ദ്രന്റ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസ്, കുമരകം എസ്.ഐ ജി. രജന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന ടീം അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയില്‍ ഏര്‍വാടി, മുത്തുപ്പേട്ട, ബീമാപ്പള്ളി, ആറ്റാന്‍കര എന്നീ ഭാഗങ്ങിലും പൊലിസ് അന്വേഷണം നടത്തി. ഇത് കൂടാതെ ഇവരുടെ ഫോട്ടോയും വിവരവും അടങ്ങിയ പോസ്റ്ററുകള്‍ സംസ്ഥാനത്തിനകത്തും പുറത്തും പതിപ്പിച്ചു. പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും കൊടുത്തു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും വിവരങ്ങള്‍ കൈമാറി. അതിനിടിയില്‍ വെള്ളത്തില്‍ പോയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മീനച്ചാലാറ്റിലും കൈവഴികളിലും ഫയര്‍ഫോഴ്‌സിന്റെയും നേവിയുടെയും സഹായത്തോടെ പോലീസ് തെരച്ചില്‍ നടത്തി. കഴിഞ്ഞ എട്ടിനു മൂന്നാറില്‍ ഇവരുടെ വാഹനം കണ്ടതായി മണര്‍കാട് സ്വദേശിയായ കാര്‍ഡ്രൈവര്‍ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഇവിടെയും പരിശോധന നടത്തി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദമ്പതികളെ കണ്ടെന്ന അഭ്യൂഹം പരന്ന എല്ലായിടത്തും പൊലിസ് അന്വേഷണം നടത്തി. എന്നാല്‍ ഒരിടത്തു നിന്നും സുപ്രധാനമായ ഒരു വിവരവും ലഭിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."