കുടിവെള്ളം കിട്ടാതെ ജനം
നെടുമ്പാശ്ശേരി: കടുത്ത വേനലില്‍ കുടിവെള്ളം കിട്ടാതെ ജനം കഷ്ടപ്പെടുമ്പോള്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി വന്‍തോതില്‍ കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു.
ചെങ്ങമനാട് ഇന്ത്യന്‍ബാങ്കിന് സമീപത്തെ ഇറക്കത്താണ് പൈപ്പ് ലൈന്‍ പൊട്ടി ദാഹജലം പാഴായി ഒഴുകുന്നത്. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് ഈ റോഡ് ദേശീയ നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയത്. പൈപ്പ് പൊട്ടി വെള്ളം വരുന്നത് മൂലം റോഡിലും കുഴി രൂപപ്പെട്ടു തുടങ്ങി.ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍, ഭാരവാഹനങ്ങള്‍, തുടങ്ങി എയര്‍പോര്‍ട്ടില്‍ വന്ന് പോകുന്ന നൂറ് കണക്കിന് വാഹനങ്ങളടക്കം ഇത് വഴിയാണ് സഞ്ചരിക്കുന്നത്. ജല അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടുന്നതാണ് വെള്ളം ഒഴുകാന്‍ ഇടയാക്കിയിരിക്കുന്നത്. വേനല്‍ കനത്തതോടെ മേഖലയിലെ കിണറുകള്‍ പലയിടത്തും വറ്റി വരണ്ടത് മൂലം പൈപ്പ് ജലത്തെ ആശ്രയിക്കുന്നവരാണധികവും. കുടിവെള്ളം കിട്ടാക്കനിയായി മാറുമ്പോഴാണ് വെള്ളം പാഴായി ഒഴുകുന്നത്. കുടിവെള്ളം ഉപയോഗശൂന്യമായി പോകുന്നത് കണ്ടിട്ടും അധികൃതര്‍ അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.
പൈപ്പ് പൊട്ടിയത് മൂലം മര്‍ദ്ദം കുറഞ്ഞതോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ആഴ്ചകളായി വെള്ളം എത്തുന്നില്ല. അടുത്തിടെ ടാറിങ് നടത്തിയ റോഡ് കുത്തിപ്പൊളിക്കേണ്ട സ്ഥിതിയാണുള്ളത്. അതിനിടെ അറ്റകുറ്റ പണികള്‍ക്കായി റോഡ് കുത്തിപൊളിക്കാനുള്ള നിയമനടപടിയെ ചൊല്ലി ജലഅതോറിറ്റിയും, പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് ആഴ്ചകള്‍ പിന്നിട്ടിട്ടും വെള്ളം പാഴായി ഒഴുകുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ചെറിയ തോതിലാണ് വെള്ളം പൊട്ടി ഒഴുകിയിരുന്നത്. എന്നാല്‍ ഓരോ ദിവസവും പൊട്ടലിന്റെ വ്യാപ്തി വര്‍ദ്ധിച്ച് ഇപ്പോള്‍ വന്‍തോതിലാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."