പോള്‍ തേലക്കാട്ടിലിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ഫാ. ആന്റണി പൂതവേലില്‍
കൊച്ചി: സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ ചമച്ച കേസില്‍ ഫാ.പോള്‍ തേലക്കാട്ടിലടക്കമുള്ള വൈദികര്‍ക്കെതിരേയുള്ള നിലപാടില്‍ ഉറച്ചും കൂടുതല്‍ ആരോപണമുന്നയിച്ചും ഫാ.ആന്റണി പൂതവേലില്‍ അതിരൂപത നേതൃത്വത്തിന് വിശദീകരണം നല്‍കി.
വ്യജരേഖയുമായി ഫാ. പോള്‍ തേലക്കാട്ടിന് ഒരു ബന്ധവുമില്ലെന്ന് അന്ധമായി വിശ്വസിക്കാന്‍ താന്‍ തയാറല്ലെന്നും ഫാ. ആന്റണി പൂതവേലില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ ഫാ. പോള്‍ തേലക്കാട്ടിലിനെതിരേ മാധ്യമങ്ങളിലൂടെ നല്‍കിയ പ്രസ്താവനയിലാണ് ഫാ. ആന്റണി പൂതവേലിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഇതിനുള്ള മറുപടിയിലാണ് കുടുതല്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഫാ. പോള്‍ തേലക്കാട്ടിലിനെ കേസില്‍ നിന്നും ഏതുവിധേനയും രക്ഷിച്ചെടുക്കാന്‍ ആസൂത്രിതമായി നടത്തുന്ന പല നീക്കങ്ങളും ശ്രദ്ധിച്ചാല്‍ എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് ബോധ്യമാകും. ഭൂമിവില്‍പന വിവാദമാക്കിയതിലും തെരുവിലേക്കെത്തിച്ചതിലും ഫാ.പോള്‍ തേലക്കാട്ടിലടക്കം 15 ഓളം വൈദികര്‍ക്ക് നിര്‍ണായക പങ്കാളിത്തമുണ്ടെന്ന കാര്യം തര്‍ക്കമറ്റ സംഗതിയാണ്. ഫാ. ബെന്നി മാരാംപറമ്പില്‍ കണ്‍വീനറായി നിയോഗിക്കപ്പെട്ട അന്വേഷണ കമ്മിഷനു പോലും ഭൂമിക്കച്ചവടത്തില്‍ കര്‍ദിനാളിന്റെ ഭാഗത്ത് നിന്നും പണാപഹരണം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എറണാകുളം അങ്കമാലി അതിരൂപതയുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാളിതുവരെ അച്ചടക്കത്തിന്റെ നാലതിരുകളും ലംഘിച്ചുകൊണ്ടു സഭയെ സമൂഹമധ്യത്തില്‍ താറടിച്ചുകാണിക്കുന്ന വൈദികര്‍ക്കെതിരേ വത്തിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് നടപടി സ്വീകരിക്കാന്‍ തയാറാകുകയാണ് വേണ്ടെതന്നും മറുപടി കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."