ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
മുക്കം: കുടുംബ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ മുക്കം കല്ലുരുട്ടി സ്വദേശിനി സ്നേഹ (28) യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് പെരിന്തല്‍മണ്ണ സ്വദേശി ജെയ്സണെ (35) മുക്കം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഏറെക്കാലമായി ഗള്‍ഫിലായിരുന്ന ജെയ്സണ്‍ മൂന്നു ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന സമയത്ത് വീട് നിര്‍മാണത്തിനും മറ്റുമായി ലക്ഷക്കണക്കിനു രൂപ ഭാര്യയ്ക്ക് അയച്ചുകൊടുത്തിരുന്നതായും എന്നാല്‍ ആ പണം എന്തുചെയ്തെന്നു ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ലെന്നും ജെയ്സണ്‍ മൊഴി നല്കി. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ഇയാള്‍ നേരത്തെ കരുതിവച്ചിരുന്ന ആസിഡെടുത്തു ഭാര്യയുടെ മുഖത്തൊഴിച്ചത്. സംഭവ ശേഷം പുലര്‍ച്ചെ രണ്ടോടെ ജെയ്സണ്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മൂന്നു മാസം മുന്‍പു നാട്ടിലെത്തി തിരിച്ചുപോയ ഇയാളും ഭാര്യയുമായി നേരത്തെയും പണവുമായി ബന്ധപ്പെട്ടു വാക്കുതര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."