കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ഉപഗ്രഹ നിരീക്ഷണ പദ്ധതിയുമായി ഋഷിരാജ് സിങ്
തൊടുപുഴ: സംസ്ഥാനത്തെ കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ഉപഗ്രഹ നിരീക്ഷണ പദ്ധതിയുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഐ.എസ്.ആര്‍.ഒ.യുടെ സഹായത്തോടെ പദ്ധതി ആരംഭിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ച ഐ.എസ്.ആര്‍.ഒ അധികൃതരുമായി നടത്തിയതായാണ് സൂചന.
കഞ്ചാവ് തോട്ടം കണ്ടെത്താന്‍ പൊലിസ് - എക്‌സൈസ് സംയുക്ത സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പശ്ചിമഘട്ട മലമടക്കുകളില്‍ ഇപ്പോഴും കഞ്ചാവ് വിളയുന്നുണ്ടെന്നാണ് ഋഷിരാജ് സിങിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഇടുക്കിയിലെത്തിയ കമ്മിഷണര്‍ ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു. ഇടുക്കിയിലെ കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തല്‍ ഏറെ ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇടുക്കിയില്‍ കഞ്ചാവ് കൃഷിയില്ലെന്നാണ് ജില്ലയിലെ എക്‌സൈസ് സംഘത്തിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഇനി കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തേണ്ടത് ഋഷിരാജ് സിങിന്റെ പ്രത്യേക ഉത്തരവാദിത്തമായി മാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പൊലിസ് - എക്‌സൈസ് വകുപ്പുകള്‍ സംയുക്ത റെയ്ഡിന് നീക്കം തുടങ്ങിയിരിക്കുന്നത്.
കഞ്ചാവ് ലോബിയ്ക്ക് തടയിടാന്‍ എക്‌സൈസ് സംഘവുമായി സംയുക്ത പരിശോധന തുടങ്ങുമെന്ന് ഇടുക്കി ജില്ലാ പൊലിസ് മേധാവി എ. വി ജോര്‍ജ് 'സുപ്രഭാത'ത്തോട് പറഞ്ഞു. പശ്ചിമഘട്ട മലനിരകളിലെ ഘോരവനങ്ങളില്‍ വിളയുന്ന കഞ്ചാവിന്റെ സ്ഥാനം കണ്ടെത്താന്‍ സംസ്ഥാന വനംവകുപ്പ് ഉപഗ്രഹ നിരീക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.
അട്ടപ്പാടിയില്‍ ആരംഭിച്ച നിരീക്ഷണ സംവിധാനം സാങ്കേതിക തകരാര്‍ മൂലം പാതിവഴിയില്‍ നിലച്ചു. ഉപഗ്രഹ കാമറകള്‍ക്ക് മേഘം നിറഞ്ഞ ആകാശത്ത് കഞ്ചാവ് തോട്ടങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതായിരുന്നു പരാജയ കാരണം.
രണ്ടാഴ്ചയില്‍ ഒരിക്കലാണ് ഒരു പ്രദേശത്തിന്റെ ചിത്രം പകര്‍ത്തിയിരുന്നത്. ഈ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് പുതിയ സംവിധാനം ഒരുക്കാനാണ് എക്‌സൈസ് കമ്മിഷണറുടെ ശ്രമം.വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം ഇപ്പോള്‍ കഞ്ചാവ് റെയ്ഡുകള്‍ നിര്‍ജീവമാണ്. എക്‌സൈസ്-റവന്യു-വനം-പൊലിസ് വകുപ്പുകള്‍ സംയുക്ത നീക്കത്തിന് തയ്യാറാകാത്തതാണ് കഞ്ചാവ് മാഫിയക്ക് ഗുണകരമാകുന്നത്.
രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദമാണ് റെയ്ഡുകള്‍ മരവിക്കാന്‍ കാരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കേന്ദ്ര-സംസ്ഥാന എക്‌സെസ് സംഘങ്ങള്‍ മുന്‍കാലങ്ങളില്‍ റെയ്ഡിനെത്തിയിരുന്നു. അവ പ്രഹസനമായിരുന്നെന്നും വെട്ടിയ കഞ്ചാവിന്റെ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും ആരോപണമുണ്ടായിരുന്നു.
അന്താരാഷ്ട്ര മയക്കുമരുന്നു ഭൂപടത്തില്‍ ഇടംനേടിയ ദേവികുളം താലൂക്കിലെ കടവരി, കമ്പക്കല്ല് വനങ്ങള്‍ സര്‍ക്കാരിന്റെ ശക്തമായ നീക്കം മൂലം വിട്ടൊഴിയേണ്ടിവന്ന കഞ്ചാവ് ലോബി ഇപ്പോള്‍ ആദിവാസിക്കുടികളേയും മതികെട്ടാന്‍ അടക്കമുള്ള നിബിഡ വനങ്ങളേയുമാണ് കൃഷിക്കായി ആശ്രയിക്കുന്നത്.
അടുത്തിടെ മതികെട്ടാന്‍ ദേശീയോദ്യാനത്തിന് സമീപം വന്‍ കഞ്ചാവ് തോട്ടം കണ്ടെത്തിയിരുന്നു. ഇടമലക്കുടി വനത്തില്‍പ്പെട്ട ആനപ്പാറക്കുടി, മീന്‍കുത്തി, തകരംതട്ടി, മുളവുതറ എന്നീ ആദിവാസികുടികളുടെ ചുറ്റും കോടികളുടെ കഞ്ചാവ് കൃഷിയിറക്കിയിരിക്കുന്നതായി സൂചനയുണ്ട്.
ഇവിടെ മാഫിയ പണം കൊടുത്ത് ആദിവാസികളെ കൊണ്ട് കൃഷിയിറക്കുകയാണ് ചെയ്യുന്നത്. കഞ്ചാവ് കൃഷി കടുത്ത ശിക്ഷക്കര്‍ഹമായ കുറ്റമാണെന്ന അറിവ് ആദിവാസികള്‍ക്കില്ല. മാങ്കുളം പഞ്ചായത്തിന്റെ ആനക്കുളം ഭാഗത്തുനിന്നും പോകാവുന്ന കാടുകളിലും കഞ്ചാവ് കൃഷിയുണ്ട്.
കഞ്ചാവ് കര്‍ഷകരെയും ചന്ദനക്കൊള്ളക്കാരെയും മറയൂര്‍ കാടുകളില്‍നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെ പട്ടാള പരിശീലന ക്യാംപ് മറയൂര്‍ കാടുകളില്‍ ആരംഭിക്കുകയെന്ന നിര്‍ദേശം മുന്‍പ് ഉണ്ടണ്ടായിരുന്നെങ്കിലും നടപ്പായില്ല.
ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലായ മറയൂര്‍ കാടുകളില്‍ കഞ്ചാവ് കൃഷിക്കാര്‍ക്ക് നല്ല കാലമാണ്. മറയൂരില്‍ നിന്നും മാങ്കുളത്തേക്ക് വനത്തിലൂടെ രഹസ്യപാതയുള്ളതായി സൂചനയുണ്ട്. ഇതിപ്പോള്‍ കഞ്ചാവ് കൃഷിക്കാരുടെ പിടിയിലാണ്.
വിളവെടുത്ത കോടികളുടെ കഞ്ചാവാണ് ഇതുവഴി തമിഴ്‌നാട്ടിലേക്ക് കടത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."