ഗുജറാത്തില്‍ ബ്രാഹ്മണ വിരുദ്ധ പോസ്റ്റിട്ട ദലിത് അഭിഭാഷകരെ കൊന്നു
സൂറത്ത്: ബ്രാഹ്മണാധിപത്യത്തിനെതിരേ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന് ദലിത് അഭിഭാഷകനെ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലെ അഭിഭാഷകന് ദേവ്ജി മഹേശ്വരിയാണ് കൊല്ലപ്പെട്ടത്.
കേസിലെ പ്രതി മുംബൈ മലാദ് വെസ്റ്റിലെ സ്റ്റേഷനറി കട ജീവനക്കാരനായ റാവലിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഓള് ഇന്ത്യ ബാക്ക്വാര്‍ഡ് ആന്‍ഡ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെയും ഇന്ത്യന്‍ ലീഗല്‍ പ്രഫഷനല്‍ അസോസിയേഷന്റെയും മുതിര്‍ന്ന പ്രവര്‍ത്തകനാണ് ദേവ്ജി മഹേശ്വരി.
ബ്രാഹ്മണാധിപത്യത്തെ വിമര്‍ശിച്ച് ദേവ്ജി മഹേശ്വരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ പ്രകോപിതനായ റാവല്‍ നിരവധി തവണ ദേവ്ജിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലിസ് വ്യക്തമാക്കി. ഇത്തരം പോസ്റ്റുകള്‍ ഇടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ബ്രാഹ്മണനായ റാവലും ദേവ്ജി മഹേശ്വരിയും ഒരേ നാട്ടുകാരാണ്. പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് ദേവ്ജിയെ റാവല്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ദേവ്ജിയുടെ ഓഫിസിലെത്തിയും ഭീഷണിപ്പെടുത്തി. എന്നാല്‍ തന്നെ പേടിപ്പിച്ചതുകൊണ്ടൊന്നും ബ്രാഹ്മണാധിപത്യത്തിനെതിരേ സംസാരിക്കുന്നതില്‍നിന്ന് പിന്നോട്ട് പോകില്ലെന്ന് ദേവ്ജി പറഞ്ഞിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് പറഞ്ഞു.
ദേവ്ജിയെ കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു മുംബൈയില്‍നിന്നു റാവല്‍ ഗുജറാത്തിലെ റാപറിലേക്ക് വന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ വധിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ദേവ്ജി മഹേശ്വരി ഓഫിസിലെത്തുന്നതും ചുവന്ന ടീഷര്‍ട്ട് ധരിച്ച ഒരാള്‍ അദ്ദേഹത്തെ പിന്തുടരുന്നതും പിന്നീട് നിമിഷങ്ങള്‍ക്കകം ഓഫിസില്‍ നിന്ന് ഇറങ്ങി ഓടി പോകുന്നതും സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."