അനധികൃത സ്വത്തുസമ്പാദനം; ഡിവൈ.എസ്.പിയുടെ വീടുകളില്‍ റെയ്ഡ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോട്ടയം ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്റെ വസതിയിലും ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി.
പിറവം എടക്കാട്ടുവയല്‍ കൈപ്പട്ടൂരില്‍ മൂന്നു വര്‍ഷം മുന്‍പ് നിര്‍മിച്ച ആഡംബര വസതിയിലും അതിനടുത്തുള്ള തറവാട്ടു വീട്ടിലും കോട്ടയത്തെ ഓഫിസിലും പൊലിസ് ക്ലബിലെ അദ്ദേഹത്തിന്റെ മുറിയിലുമായിരുന്നു പരിശോധന നടത്തിയത്.
വസ്തു, വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബേങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. കൈപ്പട്ടൂരില്‍ ഇദ്ദേഹം വാങ്ങിയ 65 സെന്റ് സ്ഥലത്ത് നാലുകെട്ട് മാതൃകയിലുള്ള ആഡംബര വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷമായി രഹസ്യാന്വേഷണം നടന്നുവരികയായിരുന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് മരവിച്ച അന്വേഷണം പുതിയ വിജിലന്‍സ് ഡയറക്ടര്‍ വന്നശേഷമാണ് സജീവമായത്. ബിജു കെ. സ്റ്റീഫന്‍ വരുമാനത്തേക്കാളും 35 ശതമാനം അധികം രൂപയുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി വി.എന്‍. ശശിധരന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സെര്‍ച്ച് വാറണ്ട് നേടിയാണ് ഇന്നലെ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."