കേന്ദ്ര നിര്‍ദേശത്തോട് മുഖംതിരിച്ച് കേരളം
കല്‍പ്പറ്റ: രാത്രിയാത്രാ നിരോധനത്തിന് പരിഹാരമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വച്ച നിര്‍ദേശത്തോട് കേരള സര്‍ക്കാരിന് വിമുഖത. വന്യമൃഗങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി മന്ത്രാലയം പുടപ്പെടുവിച്ച നിര്‍ദേശം പൊതുജനങ്ങള്‍ക്കും ഏറെ ഗുണകരമാണ്.
എന്നാല്‍ ഇക്കാര്യം കേരള സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല. ഓഗസ്റ്റ് രണ്ടിന് മന്ത്രാലയമിറക്കിയ നിര്‍ദേശത്തോട് അനുകൂലമായ ഒരു നടപടിയും കേരളത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിലെയും കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ലക്ഷക്കണക്കിന് ജനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന പ്രശ്‌നമാണ് ബന്ദിപ്പൂര്‍, നാഗര്‍ഹോള വനങ്ങളിലൂടെയുള്ള റോഡുകളിലെ രാത്രികാല ഗതാഗത നിരോധനം. കര്‍ണാടകയില്‍ നിന്ന് തന്നെയുള്ള ഒരു പൊതുതാല്‍പര്യ ഹരജിക്ക് മേലുള്ള വിധിയാണ് ലക്ഷക്കണക്കിന് ആളുകളുടെ വയറ്റത്തടിച്ചത്. നിരോധനം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനെ പ്രതിരോധിക്കുന്ന രീതിയിലുള്ള നടപടികള്‍ ഒന്നും സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന 19 കിലോമീറ്റര്‍ ഹൈവേയില്‍ അഞ്ചു സ്ഥലങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനും ബാക്കി ഭാഗം റോഡിന് ഇരുവശവും വേലികെട്ടി വേര്‍തിരിക്കാനുമാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് വരുന്ന ചെലവ് ഏകദേശം 450 കോടി രൂപയാണ്.
ഈ തുക കേന്ദ്ര-കേരള സര്‍ക്കാരുകള്‍ വഹിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ബദല്‍പാത പ്രായോഗികമല്ലായെന്ന നിഗമനവും കേന്ദ്ര ഗതാഗതമന്ത്രാലയത്തിനുണ്ട്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറി തന്നെയാണ് രാത്രിയാത്രാ നിരോധനപ്രശ്‌നം പഠിക്കുന്നതിനുവേണ്ടി സുപ്രിം കോടതി നിയോഗിച്ച കമ്മിറ്റിയുടെയും അധ്യക്ഷന്‍. അതുകൊണ്ടുതന്നെ നിര്‍ദേശം അംഗീകരിക്കുന്നത് കേരളത്തിന് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏകദേശം 225 കോടി രൂപയാണ് കേരള സര്‍ക്കാരിന് ഈ നിര്‍ദേശം നടപ്പാക്കാന്‍ ചെലവു വരിക. ഈ പണം മുടക്കാന്‍ കേരള സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യമാണ് പരക്കെയുള്ളത്.
സ്വകാര്യ സംരംഭകരെ കണ്ടെത്തി ടോള്‍ പിരിവിലൂടെയും ഇതിനാവശ്യമായ തുക കണ്ടെത്താനകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പരിഹാരമാര്‍ഗം വന്യജീവികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലുള്ളതാണ്.
പകല്‍ സമയത്ത് വന്യമൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള ബുദ്ധിമുട്ടിനും ഈ നിര്‍ദേശം പരിഹാരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സുപ്രിംകോടതിയില്‍ രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത് കേരളമാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള പഠനം നടത്താന്‍ കോടതി ഒരു കമ്മിഷനെ നിയോഗിക്കുകയായിരുന്നു. ഇവര്‍ നടത്തിയ സിറ്റിങുകളില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ കേരളത്തെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ സംസാരിച്ചു.
പ്രതിഷേധം ശക്തമായതോടെ ഈ രണ്ട് ഉദ്യോഗസ്ഥരും തങ്ങളുടെ നിലപാടുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി തടിതപ്പി. അതിനിടക്കാണ് കേരളത്തിന് ഏറെ ഗുണകരാമയ ഒരു നിര്‍ദേശവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തന്നെ രംഗത്തെത്തിയത്. എന്നാല്‍ ആ നിര്‍ദേശത്തോട് സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."