ആലപ്പുഴ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
ആലപ്പുഴ: ധാരാളിത്തത്തോടെ വെള്ളം ഉപയോഗിച്ചുവന്ന കേരളത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണെന്നും ജലസംരക്ഷണത്തിനായി കൃത്യമായ ജല ഉപഭോഗരീതി ആവിഷ്‌കരിക്കണമെന്നും കേരളം ജല ഓഡിറ്റിങ്ങിലേക്ക് കടക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ട് പഞ്ചായത്തുകളിലെയും ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വെള്ളത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. ലഭിക്കുന്ന വെള്ളം നഷ്ടപ്പെട്ട് പോകാതെ നോക്കണം. മഴക്കുഴി വീടുകളില്‍ നിര്‍ബന്ധമാക്കണം. മിക്ക ജില്ലകളും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ആലപ്പുഴയിലെ സ്ഥിതി അത്ര തൃപ്തികരമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജില്ലകളില്‍ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തന്നെ കുളങ്ങളുടെ ശുദ്ധീകരണത്തില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കുളങ്ങളും ജലസ്രോതസുകളും ശുദ്ധമാക്കാന്‍ ജനപങ്കാളിത്തത്തോടെ പുതിയ സംസ്‌കാരം വളര്‍ത്തിക്കൊണ്ട് വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോടുകള്‍ വൃത്തിയാക്കാന്‍ തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്താം. ജലസ്രോതസുകളെല്ലാം കുടിവെള്ള സ്രോതസുകളാക്കി മാറ്റണം. ഒന്നും മലിനമാക്കാന്‍ പാടില്ലെന്ന പൊതുബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും വ്യാപൃതരാകണം. പൈപ്പുവെള്ളത്തെമാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. കരുതലോടെ മലിനമാക്കപ്പെടാതെ കാക്കണം. നാലര ലക്ഷം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ആലപ്പുഴ കുടിവെള്ള പദ്ധതി പൂര്‍ത്തിയായതോടെ ജില്ലയുടെ വലിയൊരു അഭിലാഷമാണ് യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷ്യത വഹിച്ചു. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി. സുധാകരന്‍, ധനകയര്‍ വകുപ്പുമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കെ.സി. വേണുഗോപാല്‍ എം.പി. എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എം.പിക്കും ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജലവിഭവ വകുപ്പുസെക്രട്ടറി ടിങ്കു ബിസ്വാള്‍, കലക്ടര്‍ വീണ എന്‍. മാധവന്‍, ജല അതോറിട്ടി മാനേജിങ് ഡയറക്ടര്‍ എ. ഷൈനാമോള്‍, ജലഅതോറിട്ടി ടെക്‌നിക്കല്‍ മെമ്പര്‍ ടി. രവീന്ദ്രന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബീന കൊച്ചുബാവ, നഗരസഭാംഗങ്ങള്‍, വാട്ടര്‍ അതോറിട്ടി മധ്യമേഖല ചീഫ് എന്‍ജിനീയര്‍ എച്ച്. ജലാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
62 ദശലക്ഷം വെള്ളം പ്രതിദിനം
ശുദ്ധീകരിച്ച് വിതരണം ചെയ്യും
ആലപ്പുഴ: നഗരത്തില്‍ അധിവസിക്കുന്ന 1,77,000 പേര്‍ക്കും സമീപ പഞ്ചായത്തുകളായ പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക,് പുന്നപ്ര വടക്ക,് ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, എന്നീ പഞ്ചായത്തുകളിലായി അധിവസിക്കുന്ന 2,60,000 പേര്‍ക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്ന ബൃഹത് പദ്ധതിയാണ് യാഥാര്‍ഥ്യമായത്.
225 കോടി രൂപയാണ് മൊത്തം പദ്ധതി തുക. 62 ദശലക്ഷം വെള്ളം പ്രതിദിനം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."