ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റം; വിജിലന്‍സ് കേസുകള്‍ക്ക് തിരിച്ചടിയാകും
തിരുവനന്തപുരം: സര്‍ക്കാര്‍ തിടുക്കത്തില്‍ നടത്തിയ ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റം സുപ്രധാനമായ വിജിലന്‍സ് കേസുകളെ ദോഷകരമായി ബാധിക്കുമെന്ന് ആരോപണം. കളങ്കിതരായ ഉദ്യോഗസ്ഥര്‍ക്ക് പ്രധാന ചുമതലകള്‍ നല്‍കിയതായും ആക്ഷേപമുണ്ട്. മികച്ച ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള വിജിലന്‍സ് മേധാവി ജേക്കബ്് തോമസിന്റെ നടപടികള്‍ക്ക് കടിഞ്ഞാണിടുന്ന രീതിയിലുള്ളതാണ് ആഭ്യന്തര വകുപ്പിന്റെ സ്ഥലംമാറ്റ ഉത്തരവ്.
ടൈറ്റാനിയം അഴിമതിക്കേസ്, സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ക്രമക്കേട് എന്നീ കേസുകളിലെ അന്വേഷണോദ്യോഗസ്ഥരും സ്ഥലംമാറ്റപ്പെട്ടവരില്‍പ്പെടുന്നു. സോളാര്‍ കേസില്‍ ആരോപണവിധേയനായ ഡിവൈ.എസ്.പിയ്‌ക്കെതിരേ അന്വേഷണം നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥനേയും മാറ്റി.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിയില്‍ ത്വരിത പരിശോധന ആരംഭിച്ച വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി ആര്‍.മഹേഷിനെ ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറാക്കി. ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷിച്ചിരുന്ന വിജിലന്‍സ് പ്രത്യേക യൂനിറ്റിലെ ഡിവൈ.എസ്.പി ഗിരീഷ്. പി. സാരഥിയെ കോട്ടയം ഡിവൈ.എസ്.പിയാക്കിയും സ്ഥലംമാറ്റി. കഴിഞ്ഞദിവസം ടൈറ്റാനിയം അഴിമതിക്കേസില്‍ തെളിവുണ്ടെന്ന് കണ്ടെത്തുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തപ്പോഴാണ് അപ്രതീക്ഷിത സ്ഥലംമാറ്റം.
സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ അനധികൃത സ്വത്ത്് സമ്പാദനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും സ്ഥാനചലനമുണ്ടായി.
വിജിലന്‍സിന്റെ എറണാകുളം സ്‌പെഷ്യല്‍ സെല്‍ യൂനിറ്റ് ഡിവൈ.എസ്.പിയായിരുന്ന കെ.ആര്‍.വേണുഗോപാലനെ ആലുവയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലിസ് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വിചാരണ നേരിടുന്ന ടി.അജിത് കുമാറിനെ ഇതുവരെ ക്രമസമാധാന ചുമതലകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഇദ്ദേഹത്തെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയായി നിയമിച്ച് ക്രമസമാധാന ചുമതലയിലേക്ക് കൊണ്ടുവന്നു.
സ്വാഭാവിക സ്ഥലംമാറ്റമെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കുമ്പോഴും പൊലിസ് അസോസിയേഷന്റെ ശക്തമായ ഇടപെടലുകളും ഉന്നത രാഷ്ട്രീയ സ്വാധീനവും സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലുള്ളതായി വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."