മൊബൈല്‍ ഷോപ്പുകളില്‍ മോഷണം; മൂന്ന് അന്യ സംസ്ഥാനക്കാര്‍ പിടിയില്‍
മുവാറ്റുപുഴ: നഗരത്തിലെ മൊബൈല്‍ ഷോപ്പുകളിലെ മോഷണം നടത്തി വന്ന മൂന്ന് വെസ്റ്റ് ബംഗാള്‍ സ്വദേശികളെ മുവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ ബര്‍ദ്ദമാന്‍ ജമുറിയ നാജിര്‍പാര അജാദ് അന്‍സാരി (സോനു-19) ജാമുറിയ ശ്രീപൂര്‍ നമ്പര്‍ മൂന്ന് മുഹമ്മദ് അലി(18) ജമുറിയ ശ്രീപൂര്‍ നമ്പര്‍ ഒന്ന് ഇംതിയജ്(ഡബ്ലു-22) എന്നിവരെയാണ് സിഐ സി ജയകുമാര്‍, എസ്.ഐ എ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
ഇതില്‍ ഇംതിയജിനെ വെസ്റ്റ് ബംഗാളില്‍ നിന്നും അജാദ് അന്‍സാരി, മുഹമ്മദ് അലി എന്നിവരെ മുവാറ്റുപുഴയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ ആശ്രമം ബസ്റ്റാന്റിന് സമീപത്തുള്ള മൊബൈല്‍ ബസാര്‍ എന്ന മൊബൈല്‍ കട കഴിഞ്ഞ മെയ് അഞ്ചിന് രാത്രി കടയുടെ പിന്‍വാതില്‍ കുത്തിതുറന്ന് രണ്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന 45-ഓളം മൊബൈലുകള്‍ മോഷണം നടത്തുകയും തുടര്‍ന്ന് ഒരു മാസത്തിന് ശേഷം ജൂണ്‍ എട്ടിന് മുവാറ്റുപുഴ കച്ചേരിത്താഴത്തുള്ള മൊബൈല്‍ വേള്‍ഡ് എന്ന മൊബൈല്‍ കടയുടെ മേല്‍ക്കൂര കട്ടര്‍ ഉപയോഗിച്ച് തുറന്ന് അഞ്ച് ലക്ഷത്തിലേറെ വില വരുന്ന 55-ഓളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
നാല് മാസം മുമ്പാണ് ജോലിക്കായി ഇവര്‍ കേരളത്തില്‍ എത്തിയത്. രണ്ടാര്‍ എച്ച്.എം കോളനിയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു പ്രതികള്‍. ജമുരിയയില്‍ വിവിധ മോഷണ കേസ്സുകളില്‍ പ്രതിയാണ് സംഘത്തലവനായ സോനു.
സോനുവും മുഹമ്മദ് അലിയും ചേര്‍ന്നാണ് കീപ്പറക്കുടി ഷരീഫിന്റെ ഉടമസ്ഥതയിലുള്ള ആശ്രമം ബസ്റ്റാന്റിന് സമീപമുള്ള മൊബൈല്‍ കടയില്‍ മോഷണം നടത്തിയത്. ബാഗിലും കവറുകളിലുമായിട്ടാണ് കടത്തിയത്. രണ്ടാറിലെ വാടക മുറിയിലെത്തിയശേഷം സോനുവും അലിയും രണ്ടാറില്‍ തന്നെ തുടരുകയും അബ്ദുല്‍ ഭൂരിഭാഗം മൊബൈല്‍ ഫോണുകളുമായി നാട്ടില്‍ പോകുകയും നാട്ടില്‍ ചെന്ന ശേഷം സോനുവിന്റെ സഹോദരന്‍ നൗഷാദ് അന്‍സാരി, ഡബ്ലു എന്നിവരോടൊപ്പം ജമുരിയയുടെ ഭാഗങ്ങളില്‍ വില്‍പന നടത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ആദ്യ മോഷണം വിജയകരമായതിനാല്‍ രണ്ടാറില്‍ താമസിച്ച് വരികയായിരുന്ന സോനു അടുത്ത മോഷണത്തിനായി സഹോദരനായ നൗഷാദ് അന്‍സാരി, ഡബ്ലു, അബ്ദുല്‍ എന്നിവരെ വീണ്ടും മുവാറ്റുപുഴയ്ക്ക് വിളിച്ച് വരുത്തി. ജൂണ്‍ ആദ്യം രണ്ടാറിലെത്തിയ പ്രതികള്‍ ഒരാഴ്ചയോളം റൂമില്‍ താമസിക്കുകയും സോനു കണ്ടുവച്ചിരുന്ന മൊബൈല്‍ വേള്‍ഡിന്റെ മേല്‍ക്കൂരയുടെ ഇരുമ്പ് ഷീറ്റ് മുറിച്ച് മാറ്റി അകത്ത് കയറി സമാനരീതിയില്‍ മോഷണം നടത്തുകയുമായിരുന്നു. മോഷണത്തിന് ശേഷം റൂമിലെത്തിയശേഷം സോനു രണ്ടാറില്‍ തങ്ങുകയും അനിയന്‍ നൗഷാദും അബ്ദുലും ഡബ്ലും മൊബൈല്‍ ഫോണുകളുമായി നാട്ടിലേക്ക് പോകുകയും ചെയ്തു.
കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടന്ന് പൊലിസ് പറഞ്ഞു. എറണാകുളം റൂറല്‍ എസ.്പി പി.എന്‍ ഉണ്ണിരാജയുടെ നിര്‍ദേശ പ്രകാരം മുവാറ്റുപുഴ ഡിവൈ.എസ്.പി പ്രഭുല്ല ചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘം വെസ്റ്റ് ബംഗാളിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ എസ്‌ഐ വിജയന്‍, എ.എസ്.ഐ കെ.കെ രാജേഷ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ സുരേഷ്, സിദ്ധീഖ്, അബ്ദുല്‍ റസാക്ക്, രതീശന്‍, ദിലീപ്, അനില്‍, അഗസ്റ്റിന്‍, ബിജു, അഭിലാഷ് എന്നിവരുമുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."