ഭൂമിയിലെ മാലാഖമാരേ...കാണുന്നുണ്ടോ? കണ്ണീര്‍ പേമാരി നനഞ്ഞ് ഇവിടെ നില്‍പ്പുണ്ട് നിങ്ങളിറക്കി വിട്ട ഒരുമ്മയും ഉപ്പയും
ഉള്ളിലൊരു ജീവന്‍ തുടിക്കുന്നോ എന്നറിയുമ്പോള്‍, അല്ല അതിനുമേറെ മുമ്പ് കുഞ്ഞെന്നൊരു ആശ പെരുത്ത് തുടങ്ങുന്നത് മുതല്‍ കണ്ടു തുടങ്ങുന്നതാണ് നമ്മള്‍ അവനോട്, അല്ലേല്‍ അവളോട് ചേര്‍ന്നു നില്‍ക്കുന്ന മൊഞ്ചുള്ള കിനാവുകള്‍. അന്നു മുതല്‍ അറിഞ്ഞു തുടങ്ങുന്നതാണ് പതുപതുത്ത അവരുടെ സ്പര്‍ശങ്ങള്‍..അന്നു മുതല്‍ മുത്തമിടുന്നുണ്ടാവും അവരുടെ നനുനനുത്ത കുഞ്ഞിക്കവിളുകളില്‍. അന്നു മുതല്‍ അങ്ങ് ഹൃദയത്തിന്റെ അന്തരാളങ്ങളിലോളം നനക്കുന്നുണ്ടാവും അവരില്‍ നിന്നൊഴുകുന്ന സുബര്‍ക്കത്തിന്റെ മണം.
ഇത് ഒരാളായിരുന്നില്ല, രണ്ടുപേര്‍. ശരീഫും അവന്റെ പ്രിയപ്പെട്ടവളും ഒന്നിച്ചിരുന്ന് കണ്ടിരുന്ന കിനാക്കള്‍ക്ക് ചേല് ഏറെയായിരുന്നിരിക്കണം. രണ്ടോമനകള്‍ ഒന്നിച്ചു ചിരിക്കുന്നതിന്റെ, കളിക്കുന്നതിന്റെ, കുറുമ്പു കാട്ടുന്നതിന്റെ, കരയുന്നതിന്റെ, മുള്ളുന്നതിന്റെ, അപ്പിയിടുന്നതിന്റെ... ഒന്നിച്ച് സ്‌കൂളിലേക്ക് പടിയിറങ്ങുന്നതിന്റെ... എന്തിനേറെ ഒന്നിച്ചുയരുന്ന രണ്ട് നിക്കാഹിന്റെ അത്തര്‍ മണം വരെ അവരുടെ കിനാവുകളില്‍ നിറഞ്ഞിട്ടുണ്ടാവണം. മനുഷ്യന്‍ അങ്ങനെയാണല്ലോ...എത്രയൊക്കെ വേണ്ടെന്നു കരുതിയാലും നമ്മുടെ കിനാക്കളങ്ങ് ഏഴാകാശങ്ങള്‍ക്കുമപ്പുറത്തേക്ക് പറന്നുയരും.
ഒരേ നിറത്തിലുള്ള എത്രയെത്ര കുഞ്ഞുടുപ്പുകളാണ് അവരുടെ കിനാക്കളില്‍ നിന്ന് കണ്ണീര്‍ മഴ നനഞ്ഞ് വീണുപോയിട്ടുണ്ടാവുക. അവരുടെ സങ്കടക്കടലിന്റെ ആഴങ്ങളില്‍ താഴ്ന്നു പോയവയില്‍ അനേകായിരം കളിപ്പാട്ടങ്ങളുണ്ടാവും. ഓരോരോ പീടികക്കോലായകളില്‍ അവര്‍ കണ്ടുവെച്ച അനേകായിരം കളിപ്പാട്ടങ്ങള്‍. കണ്ണാടിച്ചില്ലുകളില്‍ അവര്‍ കൊതിച്ച ചേലോലുന്ന കുഞ്ഞുടുപ്പുകള്‍...
ഓരോ മനുഷ്യ ജീവന്റെയും വില എണ്ണിപ്പറഞ്ഞ് പ്രതിജ്ഞയെടുത്ത് തൂവെള്ളയണിഞ്ഞിറങ്ങിയവര്‍ ഒരു നിമിഷം കണ്ണടച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ഇങ്ങനെ ആകാശങ്ങളും കടന്നുയര്‍ന്ന കിനാക്കളുടെ കൊട്ടാരമാണ്. ഇത് കേവലം ഒരാളുടെ മാത്രം പ്രശ്‌നമല്ല. ആയിരങ്ങളിലെ നെഞ്ചിലെ നെരിപ്പോടുകളില്‍ ആശങ്കയുടെ, ഭീതിയുടെ തീയാണ് ഈ അവഗണനയും ഭൂമിയിലേക്ക് പിറന്നു വീഴും മുമ്പേ കരിഞ്ഞുപോയ ജീവനുകളും കൊളുത്തിയിരിക്കുന്നത്.
കൊവിഡിന്റെ പേരില്‍ മെഡിക്കല്‍ കോളജുകളുടേയും സ്വകാര്യ ആശുപത്രികളുടേയും അവഗണന ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനുകളാണ് നഷ്ടമാക്കിയത്. സുപ്രഭാതം മഞ്ചേരി ലേഖകന്‍ കിഴിശ്ശേരി എന്‍.സി ഷരീഫ്- സഹല ദമ്പതികളുടേതാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ അനുഭവം. 36 മണിക്കൂറോളമാണ് കടുത്ത വേദനയും പേറി ഈ ദമ്പതികള്‍ ആശുപത്രി വരാന്തകള്‍ കയറിയിറങ്ങിയത്.
'എനിക്ക് പേടിയാണ് അവിടേക്ക് പോവണ്ട'- മഞ്ചേരി മെഡിക്കല്‍ കോളജ് പേടിസ്വപ്‌നമാവുകയോ?
നേരത്തെ കൊവിഡ് പോസിറ്റിവ് ആയ സഹലയ്ക്ക് ഈ മാസം 15ന് നെഗറ്റിവ് ആയിരുന്നു. കൊവിഡ് രോഗികള്‍ക്കേ ചികിത്സയുള്ളൂവെന്ന് മെഡിക്കല്‍ കോളജും നേരത്തെ കൊവിഡ് ഉണ്ടായതിനാല്‍ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും നിലപാടെടുക്കുകയായിരുന്നു.
പ്രസവവേദന വന്നതോടെ ശനിയാഴ്ച്ച പുലര്‍ച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് യുവതി പോയത്. എന്നാല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കിയതിനാല്‍ വിവിധ സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓട്ടമായി പിന്നീട്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അധികൃതരോടും സ്വകാര്യ ആശുപത്രികളോടും കരഞ്ഞ് അഭ്യര്‍ഥിച്ചെങ്കിലും അനുകൂലപ്രതികരണം ഉണ്ടായില്ലെന്ന് ഷരീഫ് പറഞ്ഞു.
ഒടുവില്‍ മലപ്പുറം ഡി.എം.ഒ ഡോ. സക്കീന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വൈകിയെങ്കിലും ഗര്‍ഭിണിയെ ചികില്‍സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് തയാറായത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കുകയുംചെയ്തു. ഇതുപ്രകാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി ഇന്നലെ വൈകീട്ടോടെ ശസ്ത്രക്രിയവഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.
കുഞ്ഞുങ്ങളുടെ മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേക്കു മാറ്റി. കൊവിഡ് ടെസ്റ്റിന് ശേഷമാണ് ഇനി വിട്ടുകിട്ടുക. സഹല ഇപ്പോഴും ഐ.സി.യുവില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."