ചേലക്കര ഇനി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം: ഉത്സവ നിറവില്‍ പ്രഖ്യാപനം
ചേലക്കര: സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കി ചേലക്കര മണ്ഡലം ഉത്സവ നിറവിലായിരുന്നു പ്രഖ്യാപനം. ചേലക്കര എസ്.എം.ടി സ്കൂളില്‍ നടന്ന ചടങ്ങില്‍ പി.കെ ബിജു എം.പി പ്രഖ്യാപനം നടത്തി. യു.ആര് പ്രദീപ് എം.എല്‍.എ അധ്യക്ഷനായി.
ദേശമംഗലം, വരവൂര്‍, മുള്ളുര്‍ക്കര, വള്ളത്തോള്‍നഗര്‍, പാഞ്ഞാള്‍, ചേലക്കര, പഴയന്നൂര്‍, കൊണ്ടാഴി, തിരുവില്ലാമല എന്നീ 9 പഞ്ചായത്തുകളിലെ 1780 ഗുണഭോക്താക്കള്‍ക്ക് കണക്ഷന് നല്കി കൊണ്ടാണ് എല്ലാ വീടുകള്‍ക്കും വൈദ്യുതി എത്തിച്ച് സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമായത്. 1,38,30,000 രൂപ പദ്ധതിക്ക് വേണ്ടി ചിലവഴിച്ചു. 69,15,000 രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വൈദ്യുതി കണക്ഷന് നല്കിയ മണ്ഡലങ്ങളില്‍ ഒന്നാണ് ചേലക്കര, കണക്ഷന് നല്‍കുന്നതിന് 2728 കിലോമീറ്റര്‍ ലൈന്‍ വലിക്കേണ്ടി വന്നു. 1096 വൈദ്യൂതി പോസ്റ്റും സ്ഥാപിച്ചു.
ചേലക്കര 33 കെ.വി സബ് സ്റ്റേഷനില്‍ 5 എം.വി.ഡബ്ല്യു ട്രാന്‍സ്ഫോര്‍മറിന്റെയും 2 പുതിയ 11 കെ.വി ഫീഡറുകളുടെയും പ്രവര്‍ത്തനോദ്ഘാടനവും നടന്നു. 72.87 ലക്ഷം രൂപയാണ് ഇതിന് ബോര്‍ഡ് ചിലവഴിച്ചത്. ചേലക്കര, പഴയന്നൂര്‍, ചെറുതുരുത്തി സെക്ഷന്‍ പരിധിയിലെ 50000 ത്തോളം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."