ജസ്റ്റിസ് മദന്‍ ബി ലോകുര്‍ ഫിജി സുപ്രീംകോടതി ജഡ്ജി
ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകുറിനെ ഫിജി സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഫിജി സുപ്രീംകോടതിയുടെ നോണ്‍ റെസിഡന്റ് പാനലില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
ലോകുര്‍ വിരമിച്ച 2018 ഡിസംബര്‍ 31 ന് ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇപ്പോഴാണ് അതില്‍ അദ്ദേഹം തീരുമാനമെടുത്തത്.മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജി സുപ്രീംകോടതി ജഡ്ജിയാവുന്നത്. സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, മലേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഇതിന് മുമ്പ് ഫിജി ക്ഷണിച്ചിട്ടുണ്ട്. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്ള പസഫിക് ദ്വീപ് രാഷ്ട്രമാണ് ഫിജി.
ഓഗസ്റ്റ് 15 ന് ലോകുര്‍ ഫിജി സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചുള്ള പരിചയം ഫിജിയില്‍ സഹായകരമാകുമെന്ന് കരുതുന്നതായും ഫിജിയിലെ നീതിന്യായ സംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വളരെ താത്പര്യമുണര്‍ത്തുന്ന ക്ഷണമാണിതെന്നും അതിനാല്‍ അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷത്തില്‍ രണ്ടുതവണയായാണ് ഫിജി സുപ്രീംകോടതി പ്രവര്‍ത്തിക്കുന്നത്. ഒരു സെഷനില്‍ നാല് ആഴ്ച് കോടതി പ്രവര്‍ത്തിക്കും.
2012 ജൂണ്‍ നാലിന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റ മദന്‍ ലോകുര്‍ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലായിരുന്നു പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവില്‍ കര്‍ഷകര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ തുടങ്ങി നീതിലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന വിഭാഗങ്ങളുടെ വിഷയങ്ങളില്‍ സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 1977ല്‍ അഭിഭാഷകനായ മദന്‍ ലോകുര്‍ ഗുവാഹത്തി, ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായതിന് ശേഷമാണ് സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."