അധ്യാപക സംഘടനകളുടെ യോഗം വിളിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം ഒരു ഡയരക്ടറേറ്റിനു കീഴിലാക്കുന്നത് ഉള്‍പ്പെടെയുള്ള ഡോ. എം.എ ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അധ്യാപക സംഘടനകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഈ മാസം 20ന് വൈകീട്ട് മൂന്നിനാണ് യോഗം. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് യോഗം വിളിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ചര്‍ച്ചയില്‍ പങ്കെടുക്കും.പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റുകളുടെ ലയനം സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു.
ഇതുസംബന്ധിച്ച് ഖാദര്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ പഠിച്ച് ഏതു രീതിയില്‍ നടപ്പാക്കണമെന്ന് ധാരണയുണ്ടാക്കാന്‍ പൊതുവിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി, അഡിഷനല്‍ സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങുന്ന സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ റിപ്പോര്‍ട്ട് തയാറാക്കിവരികയാണ്.ലയനം സംബന്ധിച്ച മന്ത്രിസഭാ തീരുമാനം സ്‌കൂള്‍ തുറക്കുംമുന്‍പ് ഉണ്ടാകുമോയെന്ന് സംശയമാണ്. ലയനത്തിനു ശേഷവും മൂന്നു ഡയരക്ടറേറ്റുകളും മൂന്നിടത്തായി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. ഭാവിയില്‍ ഇത് ഒരു ഓഫിസാകും.
ഇപ്പോള്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുക. അധ്യാപക നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് ഭേദഗതി വരുത്തിയ ശേഷം ഇത് മന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."