എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ കേസ്: പ്രതികള്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ കോടതി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ പ്രസില്‍ നിന്ന് ചോര്‍ത്തിയ കേസില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അടക്കം അഞ്ചുപേര്‍ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടു.
പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് സി.ബി.ഐ ജഡ്ജി ജെ. നാസര്‍ നിരീക്ഷിച്ചു. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. 2007 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇപ്പോള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വൈകി വന്ന വിവേകമാണോയെന്ന് കോടതി ചോദിച്ചു . വിചാരണ വൈകിപ്പിക്കാന്‍ ഉദ്ദേശ ശുദ്ധിയില്ലാതെ സമര്‍പ്പിച്ച ഹര്‍ജിയാണിതെന്നും കോടതി വിമര്‍ശിച്ചു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി പ്രതികള്‍ ഒക്ടോബര്‍ 10ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.
സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. സാനു, കണിയാപുരം അസിസ്റ്റന്റ് എജ്യൂക്കേഷന്‍ ഓഫിസര്‍ സി.പി വിജയന്‍ നായര്‍, എസ്. രവീന്ദ്രന്‍, ചോദ്യ പേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ് അന്നമ്മ ചാക്കോ, മാനേജിങ് ഡയറക്ടര്‍ വി. സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥന്‍ പ്രസിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടിരുന്നു.
2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഒരു പെണ്‍കുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്. തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് വിശ്വനാഥന്‍ പ്രസിന് അച്ചടിക്കരാര്‍ നല്‍കിയതെന്നും സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. അച്ചടിക്കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ 2004 നവംബര്‍ 16ന് ഡെപ്യൂട്ടി ഡയറക്ടര്‍ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ ഓഫിസിലെ നോട്ട് ഫയലുകളില്‍ കൃത്രിമം കാട്ടി പരീക്ഷാ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയില്‍ കരാര്‍ നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാരിനെ പ്രതികള്‍ വഞ്ചിച്ചതായും സി.ബി.ഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ പി. അരിന്‍ ചന്ദ്രബോസ് 2007 ജൂണ്‍ 11 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."