സ്ത്രീ വന്ധ്യത: സഹോദരിമാരോട് ചിലത് പറയാനുണ്ട്
സഹോദരിമാരോട്,
വന്ധ്യത പരിഹരിക്കാവുന്നതേയുള്ളൂ. എന്താണ് നിങ്ങള്‍ക്ക് ഗര്‍ഭധാരണം ഇല്ലാതിരിക്കാനുള്ള കാരണം എന്ന് മനസിലാക്കുക. അതിനുള്ള പ്രതിവിധി ചെയ്യുക.
അമ്മമാരോടും പെങ്ങന്മാരോടും,
നമ്മുടെ പല സഹോദരിമാരും വന്ധ്യത കാരണം കഷ്ടപ്പെടുകയാണ്. അവരുടെ പ്രയാസം ഒരു നിമിഷം ചിന്തിക്കുക. എന്താ കുട്ടി ആവാത്തത് എന്ന് പൊതുസമൂഹത്തില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദിക്കാതിരിക്കുക. അവരുടെ പ്രയാസത്തില്‍ പങ്കാളിയാകുന്ന ഒരാളാവുക.
വന്ധ്യതാ കേസുകളുടെ മൂന്നില്‍ ഒന്നു ഭാഗവും സ്ത്രീയുടെ കാരണം കൊണ്ടും ബാക്കി മൂന്നിലൊന്ന് പുരുഷന്റെ കാരണം കൊണ്ടും ബാക്കി മൂന്നിലൊന്ന് രണ്ടുപേരുടെയും കാരണം കൊണ്ടുമാണ് ഉണ്ടാകുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പലപ്പോഴും വന്ധ്യത ഉണ്ടാകുന്നത് സ്ത്രീയുടെ കുറ്റം കൊണ്ടാണ് എന്ന് അധിക്ഷേപിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്. ഇനി ആരുടെ കാരണം കൊണ്ടാണെങ്കിലും ഒരുപാട് പ്രയാസം അനുഭവിക്കുന്നത് സ്ത്രീകളാണ്. ഇതുകാരണം കല്യാണത്തിനും സല്‍ക്കാരത്തിനും പോവാന്‍ കഴിയാതെ ആളുകളെ അഭിമുഖീകരിക്കാന്‍ മടിയായി അപകര്‍ഷതാബോധത്തിലും നിരാശയിലും കഴിയുന്ന ഒരുപാട് സ്ത്രീകളുണ്ട്.
നിങ്ങള്‍ക്ക് ഇനിയും ഒരു കുട്ടി ആയില്ലേ ചികിത്സ എല്ലാം നിര്‍ത്തിയോ എന്ന പതിവ് ക്ലീഷേ ചോദ്യങ്ങള്‍ക്ക് അപ്പുറം ഭര്‍ത്താവിനോട് വേറെ കല്യാണം കഴിക്കാന്‍ പറയുന്നവരും ഒരു മരുമകളെ പഠിക്കുന്നവരും കുറച്ചു പേരെങ്കിലും കാണും. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ഇങ്ങനെ ഒരു രോഗം വന്നു എന്ന് തിരിച്ചറിയുന്നതിനും എങ്ങനെ ഇത് പരിഹരിക്കുമെന്ന് ചിന്തിക്കുന്നതിനും ഏറെ പ്രാധാന്യമുണ്ട്.
എന്താണ് വന്ധ്യത?
നാലു വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. കുട്ടി ആയിട്ടില്ല എന്ന് പറയുന്നവരോട് എത്ര കാലം ഒരുമിച്ചു ജീവിച്ചു എന്ന ചോദ്യം പ്രസക്തമാണ് ഒരുപക്ഷേ കല്യാണം കഴിഞ്ഞ ഉടനെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോവുകയും രണ്ടു വര്‍ഷം കഴിഞ്ഞു മാത്രം തിരിച്ചു വരികയും ചെയ്തിട്ടുണ്ടാവാം. മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഒരുമിച്ച് താമസിച്ചാല്‍ തന്നെ തീരാവുന്ന പ്രശ്‌നമാണിത്.
ബീജവും അണ്ഡവും കൂടിച്ചേര്‍ന്നാണ് ആണ് ഗര്‍ഭധാരണം നടക്കുന്നത്. പുരുഷന് എല്ലാദിവസവും ബീജം ഉദ്പാദിപ്പിക്കാനാവും. എന്നാല്‍ സ്ത്രീയുടെ ശരീരത്തില്‍ അണ്ഡം ഒരു ആര്‍ത്തവചക്രത്തില്‍ ഒരു പ്രാവശ്യമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. അതിനാല്‍ തന്നെ അണ്ഡോല്‍പാദനം നടക്കുന്ന ദിവസങ്ങളിലോ അതിനോടടുത്ത ദിവസങ്ങളിലോ ബന്ധപ്പെട്ടാല്‍ മാത്രമേ ഗര്‍ഭധാരണം സാധ്യമാകൂ. അതുകൊണ്ട് എത്ര പ്രാവശ്യം ബന്ധപ്പെട്ടു എന്നതോ എത്ര കാലം ഒരുമിച്ചു ജീവിച്ചു എന്നതോ അല്ല മറിച്ച് എത്ര തവണ അണ്ഡോല്‍പാദനം നടന്നു, ആ ദിവസങ്ങളില്‍ എത്ര തവണ ശാരീരിക ബന്ധം ഉണ്ടായി എന്നിവയാണ് പരിഗണിക്കേണ്ടത്.
ഗര്‍ഭധാരണ സാധ്യത
ആര്‍ത്തവ ചക്രത്തിലെ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രമാണ് അണ്ഡോല്‍പ്പാദനം നടക്കുന്നത്. ആ ദിവസമോ ചുരുങ്ങിയപക്ഷം അതിനോടടുത്ത ദിവസങ്ങളിലോ ഉള്ള ശാരീരിക ബന്ധങ്ങളേ ഗര്‍ഭധാരണത്തിലേക്ക് നയിക്കൂ. അതിനാല്‍ ആ ദിവസങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
28 ദിവസത്തെ ആര്‍ത്തവചക്രം ഉള്ള ഒരു സ്ത്രീക്ക് അണ്ഡോല്‍പ്പാദനം നടക്കുന്നത് പതിനാലാമത്തെ ദിവസമാണ്. അതായത് ഒന്നാം തീയതിയാണ് രക്തസ്രാവം തുടങ്ങിയത് എന്ന് വിചാരിക്കുക. അങ്ങനെയെങ്കില്‍ പതിനാലാം തീയതി ആയിരിക്കും അണ്ഡോല്‍പാദനത്തിന് ഏറ്റവും സാധ്യതയുള്ള ദിവസം. ആര്‍ത്തവ ചക്രത്തിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഇതില്‍ നേരിയ വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം.
സ്ത്രീ വന്ധ്യതയുടെ കാരണങ്ങള്‍
1. അണ്ഡാശയമുഴ: ഗര്‍ഭം ധരിക്കാന്‍ പ്രയാസം അനുഭവിക്കുന്ന മിക്ക സ്ത്രീകളിലും കാണുന്ന ഒരു കാരണമാണ് അണ്ഡാശയത്തിലെ മുഴകള്‍ അല്ലെങ്കില്‍ ചെറിയ കുമിളകള്‍. ഹോര്‍മോണില്‍ വരുന്ന വ്യതിയാനമാണ് കാരണം. ഇത് ഉള്ള സ്ത്രീകളില്‍ അണ്ഡോല്‍പാദനം ഇല്ലായ്മ, ആര്‍ത്തവം വൈകല്‍, ആര്‍ത്തവം ഇല്ലായ്മ, അമിതവണ്ണം, അനാവശ്യ രോമ വളര്‍ച്ച, ശരീരഭാരം കൂടുതല്‍ എന്നിവയെല്ലാം കാണാറുണ്ട്. ഇത് കാരണം ശരിയായ രീതിയില്‍ അണ്ഡോല്‍പാദനം നടക്കാതിരിക്കുകയും ഗര്‍ഭധാരണം പ്രയാസം ആവുകയും ചെയ്യാറുണ്ട്.
2. തൈറോയ്ഡ്, പ്രൊലാക്ടിന്‍, ചില ഹോര്‍മോണുകളുടെ വ്യതിയാനം എന്നിവ.
3. ഗര്‍ഭാശയം, അണ്ഡാശയം, ട്യൂബുകള്‍ എന്നിവയുടെ വളര്‍ച്ചക്കുറവ്, ക്ഷതം എന്നിവ.
4. ട്യൂബില്‍ ഉണ്ടാകുന്ന ഗര്‍ഭധാരണം.
5. ഗര്‍ഭാശയത്തിലെ ഉള്‍ഭിത്തിയില്‍ കാണുന്ന ഭാഗമാണ് എന്‍ഡോമെട്രിയം. ഇവിടുത്തെ കോശങ്ങള്‍ ഗര്‍ഭാശയത്തിന് പുറത്തുണ്ടാകുന്ന എന്‍ഡോമെട്രിയോസിസ് എന്ന രോഗം വന്ധ്യതയിലേക്ക് നയിക്കാറുണ്ട്.
6. പ്രായവും ഗര്‍ഭധാരണവും: പ്രായം കൂടുന്നതിനുസരിച്ച് ഗര്‍ഭധാരണ സാധ്യത കുറയുന്നു. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ഗര്‍ഭധാരണ സാധ്യത കുറയുകയും പ്രയാസകരമാവുകയും ചെയ്യും.
ശ്രദ്ധിക്കുക
ഇന്ന് വന്ധ്യത നേരിടുന്ന ദമ്പതികളില്‍ നല്ല ഒരു ശതമാനവും മുന്‍പ് ഗര്‍ഭധാരണം പല കാരണങ്ങളാല്‍ നീട്ടിവച്ചവരാണ്. കല്യാണം കഴിഞ്ഞ ഉടനെ ഗര്‍ഭിണിയായതിന്റെ പേരില്‍ അത് അലസിപ്പിച്ചവരും കൂട്ടത്തിലുണ്ട്. അതിനാല്‍ ദൈവത്തിന്റെ വരദാനമാണ് ഇത് എന്ന് മനസിലാക്കി ഒരു കാരണവശാലും ഒഴിവാക്കാതിരിക്കുക.
എന്താണ് പരിഹാരം
എന്താണ് നമ്മുടെ രോഗം എന്ന് മനസിലാക്കി അതിന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ ഏറെ ഉചിതമായിരിക്കും.
1. അണ്ഡോല്‍പാദന ദിവസങ്ങള്‍ തിരിച്ചറിഞ്ഞ് ആ ദിവസങ്ങളില്‍ ശാരീരിക ബന്ധം ഉറപ്പുവരുത്തുക.
2. അണ്ഡോല്‍പാദനം നടക്കുന്നുണ്ടോ എന്ന് മെന്‍സസ് തുടങ്ങി പത്താം ദിവസം ഫോളിക്കുലാര്‍ സ്റ്റഡി എന്ന സ്‌കാനിങിലൂടെ മനസിലാക്കാം. അണ്ഡോല്‍പാദനം നടക്കുന്നുണ്ടോ ഇല്ലെങ്കില്‍ അതിന് ആവശ്യമായ ചികിത്സ വേണോ എന്ന് ഒരു വിദഗ്ധ ഡോക്ടര്‍ക്ക് തീരുമാനിക്കാനാവും.
3. അമിതഭാരം നിയന്ത്രിക്കുക: അണ്ഡാശയ മുഴ, തൈറോയ്ഡ് തുടങ്ങിയവയ്ക്ക് ഭക്ഷണത്തിന് വലിയ സ്വാധീനമുണ്ട്. അമിതവണ്ണം ഇവിടെ ഒരു വില്ലനായി വരാറുണ്ട്. അതിനാല്‍ ഭാര നിയന്ത്രണം വളരെ പ്രധാനമാണ്.
4. വ്യായാമം ചെയ്യുക: ഭാര നിയന്ത്രണത്തിനായി നടത്തം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍ എന്നിവ ചെയ്യുന്നത് നല്ലതാണ്.
5. ഭക്ഷണ രീതി: തവിടുള്ള ചുവന്ന അരി, പാല്, മുട്ട, ഓറഞ്ച്, നാരങ്ങ, ഈത്തപ്പഴം എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. അമിതഭാരം നിയന്ത്രിക്കുന്നതിന് കൊഴുപ്പ് ഉള്ളതും വറുത്തതും പൊരിച്ചതും ആയ ഭക്ഷണം പരമാവധി ഒഴിവാക്കുക. സമയത്ത് ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക.
6. ജീവിതശൈലിയിലെ മാറ്റങ്ങള്‍: പുതിയ തലമുറയിലെ വിശിഷ്യാ പ്രവാസികളിലെ കുറച്ചുപേരെങ്കിലും ഫാസ്റ്റ്ഫുഡ്, ജങ്ക്ഫുഡ്, വ്യായാമമില്ലായ്മ, താമസിച്ച് ഉറങ്ങി വൈകി എണീക്കല്‍ എന്നീ ശൈലികള്‍ പിന്തുടരുന്നതായി കാണുന്നു. ഇത് അമിത ഭാരത്തിലേക്കും പിസിഒഡി പോലുള്ള രോഗത്തിലേക്കും തുടര്‍ന്നു വന്ധ്യതയിലേക്കും നയിക്കും.
7. മാനസികോല്ലാസം: മാനസികസംഘര്‍ഷം വന്ധ്യത എന്നല്ല മറ്റു പല രോഗങ്ങളിലേക്കും നയിക്കും. അതിനാല്‍ തന്നെ വന്ധ്യതയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതോടൊപ്പം പ്രതീക്ഷയോടെ മനസിന് കുളിര്‍മയേകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം.
ഹോമിയോപ്പതി ചികിത്സ
വന്ധ്യതാ ചികിത്സയില്‍ ഹോമിയോപ്പതി ഏറെ ഫലപ്രദമാണ്. വന്ധ്യതയ്ക്കുള്ള കാരണം കണ്ടെത്തി അത് ചികിത്സിക്കുകയാണ് ചെയ്യുന്നത്. അണ്ഡാശയ മുഴ, തൈറോയ്ഡ് എന്നിവ ഉള്ള രോഗികള്‍ക്ക് അതിനുള്ള മരുന്ന് നല്‍കുന്നു.
ഓരോ രോഗിയുടെയും ശാരീരിക മാനസിക പ്രത്യേകതകള്‍ പഠിച്ചാണ് ഹോമിയോ വൈദ്യശാസ്ത്രത്തില്‍ മരുന്ന് നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ഓരോ രോഗിക്കും വ്യത്യസ്ത മരുന്നുകളാണ് ഒരേ രോഗം ആണെങ്കില്‍ കൂടി നല്‍കുന്നത്. പ്രകൃതിജന്യമായ സസ്യങ്ങളില്‍ നിന്നും ധാതുക്കളില്‍ നിന്നും മറ്റുമാണ് ഹോമിയോമരുന്നുകള്‍ നിര്‍മിക്കുന്നത്. ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിനു ക്ഷീണമോ മറ്റു പാര്‍ശ്വഫലങ്ങളോ ഉണ്ടാവുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."