നെല്ലിയാമ്പതി ചുരം പാത: ചെറിയ മഴ പോലും ഇനിയും വഴി മുടക്കും
നെല്ലിയാമ്പതി: പോത്തുണ്ടികൈകാട്ടി ചുരം പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചുവെങ്കിലും മഴപെയ്താല്‍ ഇനിയും യാത്ര മുടങ്ങും. കുണ്ടറച്ചോല മുതല്‍ ചെറുനെല്ലിയുടെ മുകള്‍ ഭാഗം വരെ 19 ഭാഗങ്ങളിലാണ് വലിയതോതില്‍ മണ്ണ് പാതയിരികിലേക്ക് മാറ്റിയിട്ടിട്ടുള്ളത്. ഇത് ശക്തമായ മഴ പെയ്താല്‍ വീണ്ടും പാതയിലേക്കെത്തും.
നെല്ലിയാമ്പതി പാതയില്‍ ഉരുള്‍പൊട്ടിയും, മണ്ണിടിഞ്ഞും മരങ്ങള്‍ വീണും നിരവധി ഭാഗത്താണ് ഒരാഴ്ച്ച ഗതാഗതം തടസ്സപ്പെട്ടത്. ഉരുള്‍പൊട്ടലില്‍ കുണ്ടറച്ചോല പാലം ഒലിച്ചുപോയിരുന്നു. ഇതോടെ മുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കുണ്ടറച്ചോലയുടെ മുകള്‍ഭാഗത്തുള്ള തടസ്സങ്ങള്‍ നീക്കാന്‍ ജെസിബികളും ഉപയോഗിച്ചാണ് മണ്ണ് നീക്കി കൊണ്ടിരിയ്ക്കുന്നത്.
ഇത്തരത്തില്‍ നീക്കിയ മണ്ണ് പാതയുടെ ഇരുവശങ്ങളിലേക്കുമായി കൂട്ടിയിട്ടിരിയ്ക്കുന്നത്. ഇത് ചില ഭാഗങ്ങളില്‍ പത്തടിയോളം ഉയരത്തിലാണ് മണ്ണ് നീക്കി ചെറുവാഹനം കടന്നുപോകുന്ന രീതിയില്‍ കൂട്ടിയിട്ടിട്ടുള്ളത്. വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ വാഹനം കയറിയിറങ്ങിയും പാതയിലേക്ക് മണ്ണ് ഇടിഞ്ഞു വീണു തുടങ്ങി.
മുകളിലെ പാറക്കെട്ടുകളില്‍ നിന്നുള്ള നീരൊഴുക്ക് ഇപ്പോഴും തുടരുന്നതിനാല്‍ മണ്ണ് ഇപ്പോഴും പാതയിലേക്ക് ഒലിച്ചിറങ്ങിവരുന്നുണ്ട്. വീണ്ടും മഴ പെയ്താല്‍ വെളളം കുത്തിയൊലിച്ച് എത്തി മണ്ണ് വീണ്ടും പാതയില്‍ വീണ് ഗതാഗതം മുടങ്ങുന്ന സ്ഥിതിയാണ്.
പാതയില്‍ വീണുകിടക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ ജെ.സി.ബികള്‍ ചേര്‍ന്നുകൊണ്ടു റോഡിനു വശങ്ങളിലേയ്ക്കായി നീക്കം ചെയ്യുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ പാതയരികിലെ മണ്ണ് ടിപ്പര്‍ ലോറി ഉപയോഗിച്ച് നീക്കി തുടങ്ങിയിട്ടുണ്ട്. ഉരുള്‍പൊട്ടിയ ഭാഗങ്ങളില്‍ കനത്ത മഴ പെയ്താല്‍ വീണ്ടും മണ്ണും പാറ കല്ലും താഴോട്ട് വീഴാനുള്ള സാധ്യത കൂടുതലാണെന്നതും ആയതിനാല്‍ വാഹനയാത്ര അപകട ഭീഷണിയിലാണെന്നുമാണ് നെല്ലിയാമ്പതി നിവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."