1993ലാണ് പൊല്‍പ്പുള്ളി വി.വാസുദേവന് പ്രഥമ കേരള കര്‍ഷകോത്തമ അവാര്‍ഡ് കിട്ടുന്നത്
പാലക്കാട്: കേരളസര്‍ക്കാരിന്റെ ആദ്യ കര്‍ഷകോത്തമന്‍ പൊല്‍പ്പുള്ളി വി.വാസുദേവന്‍ ഇവിടെയുണ്ട്. നെല്ലറയുടെ, കൊങ്ങന്‍പടയുടെ നാട്ടില്‍ ഓര്‍മകള്‍ക്ക് മങ്ങലേറ്റ് കല്ലുകുട്ടിയാല്‍ ചമ്പ്രോട് കളത്തിന്റെ കിഴക്ക് പനകളുടെ കാല്‍ച്ചുവട്ടില്‍ എന്തിനോ കാത്തിരിക്കുന്ന വയലുകളിലേക്കുനോക്കി വാസുദേവന്‍ ഇരിക്കുന്നു.
ദേശീയ കര്‍ഷകസമാജത്തിന്റെ സ്ഥാപകന്‍. കര്‍ഷകര്‍ക്കും ഒരു സംഘടനവേണം എന്നതുകൊണ്ടാണ് കര്‍ഷക സമാജം രൂപികരിച്ചത്. കക്ഷിരാഷ്ട്രീയവിഭാഗങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സംഘടനയാണ് ദേശീയ കര്‍ഷക സമാജം. വാസുഏട്ടന്റെ ചുണ്ടുകളില്‍ നിന്ന് ഇത് ഒന്നില്‍കൂടുതല്‍ തവണ കേട്ടു.
വാസുഏട്ടനിപ്പോള്‍ 89 വയസ്സായി. ജനിച്ച വര്‍ഷം കൃത്യമായി ഓര്‍മയില്ല.1928 ലാവണം ജനനം. ഒന്നിനും വയ്യ. പ്രായത്തിനും ഓര്‍മക്കും അസ്വസ്ഥതകള്‍ കണ്ടുതുടങ്ങി. മൂത്തമകന്‍ രമേഷിനൊപ്പമാണ് വാസുഏട്ടനും ഭാര്യ വനജയും താമസം. വെയില്‍ കൂടുതലായതിനാല്‍ പുറത്തേക്കൊന്നും ഇറങ്ങാറില്ലെന്ന് മകന്‍ രമേഷ് പറഞ്ഞു.
1993ലാണ് പൊല്‍പ്പുള്ളി വി.വാസുദേവന് പ്രഥമ കേരള കര്‍ഷകോത്തമ അവാര്‍ഡ് കിട്ടുന്നത്. അന്ന് കെ.കരുണാകരനായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരെ ആദരിക്കാനായിരുന്നു കേരള സര്‍ക്കാര്‍ കര്‍ഷകോത്തമ അവാര്‍ഡിന് രൂപംകൊടുത്തത്. 1928 ല്‍ വെള്ളായിയുടെയും അമ്മുവിന്റെയും മകനായി ജനിക്കുമ്പോള്‍ കര്‍ഷകനാകുമെന്ന് ഒരിക്കലും വിചാരിച്ചതല്ല.
ചിറ്റൂര്‍ ബോയസ് സ്‌കൂളില്‍ നിന്നാണ് പത്താംക്ലാസ്സ് പഠനം പൂര്‍ത്തീകരിച്ചത്. അന്ന് ക്വിറ്റ് ഇന്ത്യാ സമരം നടക്കുന്ന കാലം. അന്നത്തെ നേതാവ് ശിവരാമ ഭാരതിയെ അറസ്റ്റ് ചെയ്തതിന് സ്‌കൂള്‍ മുറ്റത്ത് നിരാഹാരം കിടന്നിട്ടുണ്ടെന്ന് ഒരു യുവാവിന്റെ ഊര്‍ജത്തോടെ വാസുഏട്ടന്‍ പറയുന്നു. ഇന്റര്‍മീഡിയേറ്റിന് വിക്ടോറിയ കോളജില്‍ ചേര്‍ന്നു. ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം.
അതുകഴിഞ്ഞ് ജി.ഡു നായിഡുവിന്റെ കോയമ്പത്തൂരിലെ ആര്‍ദ്ര ഹോം പോളിടെക്‌നിക്കില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്നു. അതുകഴിഞ്ഞപ്പോള്‍ ബാംഗ്ലൂര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ ജോലി കിട്ടി. അന്നത്തെ കാലത്ത് കുഴപ്പമില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു. ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല അത് എത്രയാണെന്ന്. അപ്പോഴേക്കും അച്ഛന്‍ വെള്ളായിക്ക് കൃഷിയില്‍ താത്പര്യം കുറഞ്ഞു.
കൃഷിഭൂമിയും നെല്ലറകളും ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയപ്പോള്‍ വാസുദേവന്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വണ്ടികയറി. അങ്ങനെ വാസുദേവന്‍ കൃഷിക്കാരനായി. നെല്ലായിരുന്നു പ്രധാന കൃഷി. പിന്നെ പച്ചക്കറികളും കൃഷി ചെയ്തു തുടങ്ങി. ഏഴേക്കര്‍ തോട്ടത്തില്‍ ഏല്ലാ പച്ചക്കറികളും ഉണ്ടാക്കി. അന്നൊന്നും പച്ചക്കറികള്‍ പുറത്തുനിന്നും വാങ്ങാറില്ലായിരുന്നു. സമ്മിശ്ര കൃഷിയായിരുന്നു.
തെങ്ങ്, കവുങ്ങ, വാഴ, മാവ്, കൊക്കോ, പച്ചക്കറികള്‍ അങ്ങനെ എല്ലാമുണ്ടായിരുന്നു. ശാസ്ത്രീയമായ കൃഷിരീതിയായിരുന്നു തോട്ടത്തില്‍ ഉപയോഗിച്ചത്. ഉയരത്തില്‍ ടാങ്ക് നിര്‍മിച്ച് അതിലേക്ക് വെള്ളം നിറച്ച് അതില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ വെള്ളം ഏറ്റവും താഴെവരെയുള്ള ചെടികള്‍ക്കും കിട്ടും. അതിനൊപ്പം 33 മേനി നെല്ല് വിളയിച്ചു. കുടുംബത്തിന് മുപ്പതേക്കറോളം ഭൂമിയുണ്ടായിരുന്നു. അങ്ങനെയാണ് വാസുഏട്ടന്‍ കര്‍ഷകത്തോമനാകുന്നത്. ആദ്യമൊക്കെ ചെറിയ അളവില്‍ രാസവളങ്ങള്‍ ഉപയോഗിച്ചിരുന്നു.
അന്നൊക്കെ നെല്ലിന് അത്യാവശ്യ താങ്ങുവില ലഭിച്ചിരുന്നു. വാസുഏട്ടന്റെ ഇളയച്ഛന്‍ രാമസ്വാമി ജില്ലയിലെ തന്നെ ആദ്യത്തെ ബി.എസ്സ്.സി അഗ്രികള്‍ച്ചര്‍ ബിരുദധാരിയായിരുന്നു. വിദഗ്ധനായിരുന്നു. അദ്ദേഹമാണ് സി.ഒ.25 ഇനം നെല്ല് കണ്ടുപിടിച്ചത്. വാസുഏട്ടന്‍ നല്ലൊരു പ്രാസംഗികനായിരുന്നു.
ഓരോ വീട്ടിലും പോയി സംസാരിച്ചാണ് ഓള്‍ കേരള കര്‍ഷക ഫെഡറേഷന്‍ രൂപീകരിച്ചത്. വാസുഏട്ടന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ അണിക്കോട് വച്ച് നടന്ന പറമ്പിക്കുളം-ആളിയാര്‍ സമരത്തില്‍ സുകുമാര്‍ അഴീക്കോട് പങ്കെടുത്തിരുന്നു. അതൊക്കെ ഇപ്പോഴും നല്ല ഓര്‍മയാണ് അതേ ഊര്‍ജ്ജവും. മലമ്പുഴ നിയോജകമണ്ഡല തിരഞ്ഞെടുപ്പിലും, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വാസുദേവന്‍ മത്സരിച്ചിട്ടുണ്ട്. പൊല്‍പ്പുള്ളി സര്‍വിസ് സഹകരണ ബാങ്കിന്റെ പ്രഥമപ്രസിഡന്റായിരുന്നു കുറച്ചുകാലം. വി.എസ് അച്യുതാനന്ദന്‍ അടുത്ത സുഹൃത്താണ്. പാലക്കാട്ടേക്ക് വരുമ്പോള്‍ കാണാന്‍ വരും. വാസുഏട്ടന്റെ പിന്നാലെ വന്ന പലരും ഇന്നില്ല. ഇന്നിപ്പോള്‍ കൃഷിയൊക്കെ നോക്കിനടത്തുന്നത് മകന്‍ രമേഷാണ്. തമിഴ്‌നാട്ടിലെ ജോലി ഉപേക്ഷിച്ചാണ് കൃഷി നോക്കാനെത്തിയത്. ഇളയ മകന്‍ വിനേഷ് സ്‌റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മകള്‍ ഷീല വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പമാണ്. ഇത്തവണത്തെ രണ്ടാംവിളയിറക്കി മഴ ചതിച്ചതിനാല്‍ കൃഷി ഉണങ്ങിയതായി രമേഷ് പറഞ്ഞു.
ആദ്യത്തെയത്ര കൃഷിയൊന്നും ഇപ്പോഴില്ല. ഇപ്പോഴത്തെ കൃഷിയെക്കുറിച്ചും, കര്‍ഷകനെക്കുറിച്ചും വാസുഏട്ടന്‍ അറിയുന്നുണ്ട്. പേരക്കുട്ടികള്‍ക്കൊന്നും കൃഷിയില്‍ താത്പര്യമില്ല. കൃഷിയോടുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു. കൃഷിക്കാരന് കൃഷിഭൂമിയാണ് ആധാരം. കര്‍ഷകനില്ലെങ്കില്‍ വേറൊന്നുമില്ല. കൃഷിക്കാരനായതില്‍ അഭിമാനിക്കുന്നുവെന്ന് വാസുഏട്ടന്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ കര്‍ഷകോത്തമന്‍ ഇന്നും കൃഷിയെ സ്‌നേഹിച്ച് മണ്ണിനെ പ്രണയിച്ച് തന്റെ ഓര്‍മകള്‍ക്കൊപ്പം ജീവിക്കുന്നു. ഇന്നത്തെ കൃഷിയെ തെല്ലു ദുഃഖത്തോടെ നോക്കിക്കൊണ്ട് വാസുഏട്ടന്‍ ഇവിടെത്തന്നെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."