ഇന്ന് ലോക പേവിഷബാധ ദിനം: എന്തുകൊണ്ട് സെപ്റ്റംബര്‍ 28, കൂടുതല്‍ അറിയാം
സെപ്റ്റംബര്‍ 28 ലോകപേവിഷബാധ ദിനമായി ആചരിക്കുകയാണ്. പേവിഷബാധയെ തുടച്ചുനീക്കാം,കൂട്ടായ പ്രവര്‍ത്തനങ്ങശളിലൂടേയും പ്രതിരോധ കുത്തിവയ്പ്പിലൂടേയും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം. ഓരോ പതിനഞ്ച് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് റാബീസ് അഥവാ പേവിഷബാധ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
റാബ്‌ഡോ വൈറസ് കുടുംബത്തിലെ ലിസ റാബീസ് എന്നയിനം ആര്‍എന്‍എ വൈറസുകളാണ് പേവിഷബാധയ്ക്ക് കാരണമാകുന്നത്.
വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തോ, അവയുടെ ഉമിനീര്‍ മുറിവുകളില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ നമ്മുടെ
ശരീരത്തില്‍ കയറിക്കാന്‍ സാധ്യതയുള്ള വൈറസുകളെ കൃത്യസമയത്തെടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകള്‍ വഴി ഇല്ലാതാക്കാനാകും.
എന്നാല്‍ പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടും പ്രതിരോധകുത്തിവയ്പ് കൃത്യമായി സ്വീകരിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയും ജാഗ്രതക്കുറവുമാണ് അപകടം വരുത്തിവയ്ക്കുന്നത്. രോഗം ബാധിച്ച് മരണമടയുന്ന പത്തില്‍ നാലുപേരും കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. ഇന്ത്യയില്‍ പ്രതിവര്‍ഷം 20000ല്‍പ്പരം ആളുകള്‍ പേവിഷബാധയേറ്റ് മരണമടയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 28 പേവിഷബാധ ദിനമായി ആചരിക്കുന്നതിന് പിന്നില്‍
ഫ്രാന്‍സിലെ അല്‍സേസിലെ ജോസഫ് മെയ്സ്റ്റെര്‍ എന്ന 9 വയസുള്ള കുട്ടിയെ പേപ്പട്ടി കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്
1885 ജൂലൈ നാലിനായിരുന്നു. പേവിഷബാധയേറ്റാല്‍ മരണം ഉറപ്പുള്ള കാലമാണത്.കൃത്യമായ ശാസ്ത്രീയ ചികിത്സകളൊന്നുമില്ല.എന്നാല്‍ തന്റെ കുഞ്ഞിനെ പേവിഷബാധയ്ക്ക് വിട്ടു നല്‍കാന്‍ അവന്റെ അമ്മ ഒരുക്കമല്ലായിരുന്നു. പേവിഷത്തിന് ചികിത്സ കണ്ടുപിടിക്കാന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്നതായി താന്‍ കേട്ടറിഞ്ഞ ലൂയി പാസ്ചര്‍ എന്ന ശാസ്ത്രജ്ഞനെ തേടി ആ അമ്മ പാരീസിലെത്തി.
ലൂയി പാസ്ചര്‍ മൃഗങ്ങളില്‍ മാത്രം പരീക്ഷിച്ച് വിജയിച്ച പേവിഷബാധ വാക്‌സിന്‍ തന്റെ മകനില്‍ പരീക്ഷിക്കാന്‍ അമ്മ അദ്ദേഹത്തിന് അനുമതി നല്‍കി.
മരണം ഉറപ്പായ ഒരു രോഗത്തില്‍ നിന്നും തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി എന്ത് സാഹസത്തിനും തയാറായിരുന്നു. ആ അമ്മയുടെ ശുഭാപ്തിവിശ്വാസവും താന്‍ വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള ലൂയി പാസ്ചറിന്റെ നിശ്ചയദാര്‍ഢ്യവും ഒരുമിച്ചതോടെ കാര്യങ്ങള്‍ പിന്നെ വൈകിയില്ല. 1885 ജൂലൈ 6ന്, നായ കടിച്ച് ഏതാണ്ട് 60 മണിക്കൂറിനുശേഷം ലൂയി പാസ്ചര്‍ താന്‍ വികസിപ്പിച്ച പേവിഷബാധ വാക്‌സിന്‍ ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തില്‍ കുത്തിവച്ചു. റാബിസ് ബാധിച്ച മുയലുകളിലെ നാഡികളില്‍നിന്നും ശേഖരിച്ച വീര്യം കുറഞ്ഞ വൈറസുകളായിരുന്നു ആ പ്രഥമ വാക്‌സിന്‍ അടുത്ത 11 ദിവസങ്ങളില്‍ 13 തവണ ഇതാവര്‍ത്തിച്ചു. ആ അമ്മയുടെ ശുഭചിന്തയും ലൂയി പാസ്റ്ററിന്റെ നിശ്ചയദാര്‍ഡ്യവും തെറ്റിയില്ല. വൈറസിന് കുട്ടിയുടെ ശരീരത്തെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല. മൂന്നുമാസത്തിന് ശേഷം നടത്തിയ ടെസ്റ്റില്‍ ജോസഫ് പൂര്‍ണ ആരോഗ്യവാനായിരുന്നു.
പിന്നീട് പേവിഷബാധയ്ക്കുള്ള ചികിത്സയ്ക്കായി പലനാട്ടില്‍ നിന്നും ആളുകളെത്തി തുടങ്ങി. ലൂയി പാസ്ചറുടെ വാക്‌സിന്‍ വിജയം പലവാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കും വഴിവെച്ചു.ഇന്നും അദ്ദേഹത്തിന്റെ വാക്‌സിന്‍ വിജയം ഒരുപാട് പരീക്ഷണങ്ങള്‍ക്ക് പ്രചേദനമാകുന്നുണ്ട്.
ജോസഫ് മെയ്സ്റ്റര്‍ എന്ന കുട്ടി വളര്‍ന്നു വലുതായി ഒടുവില്‍ ലൂയി പാസ്ചര്‍ സ്ഥാപിച്ച പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൂക്ഷിപ്പുകാരനായിമാറിയത് ചരിത്രത്തിലെ മറ്റൊരു കൗതുകമാണ്. പേവിഷവാക്‌സിന്‍ ഉള്‍പ്പെടെ മനുഷ്യരാശിയെ നിര്‍ണായകമായി രീതിയില്‍ സ്വാധീനിച്ച മറ്റനേകം കണ്ടെത്തലുകളും ലൂയി പാസ്ചറുടേതാണ്. ശാസ്ത്രലോകത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ലൂയി പാസ്ചര്‍ ലോകത്തോട് വിടപറഞ്ഞത് 1895 സെപ്റ്റംബര്‍ 28 നായിരുന്നു. ആ ശാസ്ത്രപ്രതിഭയുടെ ചരമദിനത്തിന്റെ ഓര്‍മപുതുക്കലാണ് ലോക പേവിഷബാധ ദിനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."