നാട്ടുകാരുടെ എതിര്‍പ്പിന് പുല്ലുവില; മൂന്നിടങ്ങളില്‍ മദ്യശാല പ്രവര്‍ത്തനമാരംഭിച്ചു
ഗൂഡല്ലൂര്‍: നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ പൊലിസ് സംരക്ഷണത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഗൂഡല്ലൂര്‍ താലൂക്കില്‍ കാളംപുഴ, ബാര്‍വുഡ് എന്നിവിടങ്ങളിലും പന്തല്ലൂരില്‍ കൂമൂലയിലുമാണ് മദ്യശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രിം കോടതി വിധിയെ തുടര്‍ന്ന് അടച്ചിടേണ്ടി വന്ന മദ്യശാലകളാണ് ഇവിടങ്ങളിലേക്ക് മാറ്റിയത്. എന്നാല്‍ മദ്യശാലകള്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.
ഇതുവകവയ്ക്കാതെയാണ് നിലവില്‍ മദ്യശാലകള്‍ പൊലിസിന്റെ സഹായത്തോടെ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
നാടുകാണിയിലെ മദ്യഷാപ്പ് പൂട്ടിയതിനാല്‍ തൊട്ടടുത്ത സ്ഥലത്തേക്ക് മദ്യഷാപ്പ് മാറ്റാന്‍ പൊലിസ് സംരക്ഷണത്തില്‍ എല്ലാ സന്നാഹങ്ങളും ഒരുക്കിയെങ്കിലും വനം വകുപ്പിന്റെ എതിര്‍പ്പ് കാരണം അധികൃതര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
താലൂക്കിലെ രാജഗോപാലപുരം, എം.ജി.ആര് നഗര്‍, തോട്ടമൂല, കോത്തര്‍ വയല്‍ എന്നിവിടങ്ങളില്‍ മദ്യശാല കൊണ്ടുവരുന്നതിനെതിരേ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."